'നായകൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കമൽഹാസനും, മണിരത്‌നവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'തഗ് ലൈഫ്'. ബ്രമ്മാണ്ഡമായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷ, ദുൽഖർ സൽമാൻ, 'ജയം' രവി തുടങ്ങിയവർ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മണിരത്നത്തിന്റെ 'മദ്രാസ് ടാക്കീസ്, കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ', ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയൻ്റ് മൂവീസ്' എന്നീ കമ്പനികൾ ഒന്ന് ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ നിന്നും ദുൽഖർ സൽമാൻ പിന്മാറി എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിന് കാരണം 'തഗ് ലൈഫ്'-ന്റെ ഷൂട്ടിങ്ങ് ഷെഡ്യൂൾ തൻ്റെ മറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗ് തീയതികൾക്കൊപ്പം വരുന്നതിനാലാണത്രെ ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. മണിരത്‌നം സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'ഓക്കേ കണ്മണി' എന്ന തമിഴ് സിനിമയിൽ കഥാനായകനായി അഭിനയിച്ചത് ദുൽഖർ സൽമാനായിരുന്നു. ഈ ചിത്രത്തിന് ശേഷം മണിരത്നവും, ദുൽഖർ സൽമാനും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു 'തഗ് ലൈഫ്'. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ദുൽഖർ സൽമാന്റെ ആരാധകരെ നിരാശപെടുത്തിയിട്ടുണ്ട്.