NEWS

സാഗര്‍ദാസ് എന്ന എഡിറ്റര്‍ തന്‍റെ ഏറ്റവും പുതിയ പ്രോജക്ട് പ്രിന്‍സിന്‍റെ വിജയസന്തോഷത്തിനൊപ്പം സിനിമായാത്രയെക്കുറിച്ചും പറയുന്നു.

News

പലപ്പോഴും സിനിമയ്ക്ക് പിന്നിലുള്ള ടെക്നീഷ്യന്മാരുടെ സ്ട്രഗിള്‍ നമ്മളറിയാറില്ല. സാഗര്‍ദാസ് എന്ന എഡിറ്റര്‍ തന്‍റെ ഏറ്റവും പുതിയ പ്രോജക്ട് പ്രിന്‍സിന്‍റെ വിജയസന്തോഷത്തിനൊപ്പം സിനിമായാത്രയെക്കുറിച്ചും പറയുന്നു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സാണ് ഞാന്‍ പഠിച്ചത്. ഫസ്റ്റ് ഇയറിന്‍റെ ആദ്യം ക്ലാസില്‍ കുറച്ചുവൈകിയാണ് എത്തിയത്. ആദ്യം വന്നവര്‍ ബാക്ക് ബഞ്ചുകളില്‍ ഇരുന്ന്, ഞാന്‍ എത്തിയപ്പോള്‍ ആദ്യ ബഞ്ച് മാത്രമാണ് കാലിയായ് കിടക്കുന്നത്. ഞാന്‍ ഒറ്റയ്ക്ക് അവിടെ ഇരുന്നു. ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ എന്നെക്കാള്‍ വൈകി ഒരാള്‍ എത്തി. അയാള്‍ എന്‍റെ കൂടെ ഇരുന്നു. അങ്ങനെ ആ കോളേജ് ഘട്ടത്തില്‍ എനിക്കൊരു കമ്പനിയനെക്കിട്ടി, അയാളാണ് ഷാരിസ് മുഹമ്മദ്. എന്‍റെ ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ എഴുത്തുകാരന്‍. ഹോസ്റ്റല്‍ റൂമുകളില്‍ നിന്ന് ഞങ്ങളുടെ സിനിമ ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു. അതിവിടെവരെ എത്തി നില്‍ക്കുന്നു. ദിലീപ് ഗംഭീരതിരിച്ചുവരവ് നടത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ എഡിറ്റര്‍ സാഗര്‍ദാസ് സിനിമയുടെ വിജയത്തിന്‍റെ സന്തോഷത്തിലാണ്. തന്‍റെ സിനിമാകരിയറിനെക്കുറിച്ച് ആദ്യമായി തുറന്നുസംസാരിക്കുന്നു.

സിനിമയാണ് സന്തോഷം എന്ന് തിരിച്ചറിയുന്നത് എപ്പോഴായിരുന്നു?

പഠനശേഷം ജോലിക്ക് വേണ്ടിയുള്ള ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്തപ്പോഴാണ് ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് ആദ്യമായി തിരിച്ചറിയുന്നത്. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴായിരുന്നു നിയോഫിലിം എന്ന സ്ഥാപനത്തിന്‍റെ പരസ്യം കാണുന്നത്. അത് കണ്ടതും ഞാന്‍ അവിടെപ്പോയി എഡിറ്റിംഗിന് ജോയിന്‍ ചെയ്യുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തി അമ്മയോട് എഡിറ്റിംഗിന് ജോയിന്‍ ചെയ്തെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് അതിനെകുറിച്ച് അധികം അറിയാത്തതുകൊണ്ട് ആദ്യം ഓക്കെയായിരുന്നു. എന്നാല്‍ സിനിമ ആണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും അമ്മ തന്നെയായിരുന്നു. ബന്ധുക്കളും അധ്യാപകരും എല്ലാവരും എതിര്‍ത്തു. വീട്ടില്‍ കലയുമായി കുറച്ചുബന്ധമുള്ളത് അച്ഛന്‍ മാത്രമായിരുന്നു. അതുകൊണ്ട് അച്ഛന്‍ മാത്രം പകുതി മനസോടെ നില്‍ക്കുകയായിരുന്നു. അച്ഛന്‍റെ ആ പകുതി സപ്പോര്‍ട്ട് കൊണ്ട് വീടിന്‍റെ ആധാരം പണയം വച്ചായിരുന്നു എഡിറ്റിംഗിന് ജോയിന്‍ ചെയ്തത്.

ആദ്യമായി എഡിറ്റിംഗ് ചെയ്തത് ഓര്‍മ്മയുണ്ടോ?

കേളേജ് പഠനകാലത്ത് ചെറിയ  വീഡിയോകളൊക്കെ കോളേജില്‍ എഡിറ്റ് ചെയ്യുമായിരുന്നു. ഞങ്ങളുടെ കോളേജിലാണ് മമ്മി ആന്‍ഡ് മീ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. അന്നാദ്യമായാണ് സ്പോട്ട് എഡിറ്റിംഗ് ആദ്യമായി ഞാന്‍ കാണുന്നത്. ദൃശ്യത്തിന്‍റെ എഡിറ്റര്‍ അയൂബ് ഖാന്‍ ആയിരുന്നു അന്ന് സ്പോട്ട് എഡിറ്റ് ചെയ്തിരുന്നത്. അന്ന് അതെനിക്കൊരു കൗതുകമായിരുന്നു. അദ്ദേഹത്തിനെ ചുറ്റിപ്പറ്റി നിന്ന് അതുവരെ കാണാത്ത ആ സോഫ്റ്റ് വെയറിനെക്കുറിച്ച് ചോദിച്ചു. പിന്നെയും ഒരുപാട് സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അവിടുന്നാണ് എഡിറ്റര്‍ എന്നത് ആദ്യമായി തലയില്‍ കയറുന്നത്. പിന്നീട് നിയോ ഫിലിം സ്ക്കൂളില്‍ പഠിപ്പിക്കുന്നതും എഡിറ്റര്‍ അയൂബ്ഖാന്‍ തന്നെയായിരുന്നു. എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത് അയൂബ് ഏട്ടനാണ്. ഞാന്‍ ആദ്യമായി സ്പോട്ട് അസിസ്റ്റ് ചെയ്യുന്നത് ഓര്‍ഡിനറി എന്ന സിനിമയിലാണ്. ഓര്‍ഡിനറിയുടെ സ്പോട്ട് എഡിറ്റര്‍ അയൂബ് ഏട്ടനായിരുന്നു. പിന്നീട് ലിജോപോള്‍ എന്ന എഡിറ്റര്‍ക്കൊപ്പം അസിസ്റ്റ് ചെയ്തു. പിന്നീടുള്ള എന്‍റെ സിനിമകള്‍ എല്ലാം ലിജോചേട്ടനായിരുന്നു. 

ഏത് സിനിമയിലൂടെയാണ് ഇന്‍ഡിപെന്‍ഡന്‍റായത്?

രഞ്ജിത് സാര്‍ സംവിധാനം ചെയ്ത മോളി ആന്‍റി റോക്സ് ആയിരുന്നു ആദ്യമായി ഞാന്‍ സ്പോട്ട് എഡിറ്റിംഗില്‍ ഇന്‍ഡിപെന്‍ഡന്‍റ് ആവുന്നത്. എന്‍റെ ജോലി തുടങ്ങുന്ന ഫസ്റ്റ് ഡേ തന്നെ ഒരു കണ്ടിന്യുറ്റി മിസ്റ്റേക് ഉണ്ടായിട്ട് ഞാന്‍ അത് കണ്ടുപിടിച്ചു. എന്നെക്കൊണ്ട് പറ്റാവുന്നത്രയും ഞാന്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് സാധിക്കുന്നുണ്ടായിരുന്നില്ല. ആ സ്റ്റേജ് എത്തിയപ്പോള്‍ ഞാന്‍ രഞ്ജിത്ത് സാറിനോട് പറഞ്ഞു, പക്ഷേ പറഞ്ഞത് കുറച്ച് ലേറ്റായി. സുജിത്തേട്ടനായിരുന്നു ക്യാമറ. എല്ലാവരും നോക്കിയിട്ടും അത് ശരിയാവുന്നില്ല. അവസാനം സുജിത്തേട്ടന്‍ രഞ്ജിത് സാറിനോട് പറയുന്നു. നമുക്ക് ഇത് റീ ഷൂട്ട് ചെയ്യേണ്ടി വരുമെന്ന്. രഞ്ജിത് സാര്‍ അസ്സോസിയേറ്റിനെ എല്ലാം വിളിച്ചു ചീത്ത വിളിക്കുന്നു. എന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ എന്നെയും ചീത്ത പറഞ്ഞു.

ഞാന്‍ ഒരിക്കലും എഡിറ്റര്‍ ആവില്ലെന്ന് ആദ്യദിവസം സാര്‍ പറഞ്ഞു. പക്ഷേ സാറിനൊപ്പം പിന്നീട് പുണ്യാളനില്‍ വര്‍ക്ക് ചെയ്തു. അതിന്‍റെ ട്രെയിലറെല്ലാം കട്ട് ചെയ്തതും ഞാനായിരുന്നു. സാര്‍ തന്നെയാണ് വര്‍ഷത്തിലൂടെ എന്നെ ഇന്‍ഡിപെന്‍ഡന്‍റ് ആക്കുന്നതും. എനിക്ക് ഇന്‍ഡസ്ട്രിയില്‍ യാതൊരുവിധ കോണ്‍ടാക്ടുകളും ഇല്ലാത്ത സമയത്താണ് ആദ്യത്തെ ഓഫര്‍ വരുന്നത്. ഒരുപക്ഷേ അന്നത് ചെയ്തിരുന്നെങ്കില്‍ അതോടുകൂടി സിനിമ ജേര്‍ണി അവസാനിച്ചേനെ. വര്‍ഷം ചെയ്യുമ്പോള്‍ എനിക്ക് അത്യാവശ്യം കോണ്ടാക്ടുകളും ഒരു  സ്പേസുമായിരുന്നു. അതായിരുന്നു കറക്റ്റ്  സ്പേസ്. എന്‍റെ അസിസ്റ്റന്‍സിനോടും ഇതുതന്നെയാണ് പറയുന്നത്.

സാഗറിന്‍റെ വര്‍ക്കിംഗ് പാറ്റേണ്‍?

അങ്ങനെ പ്രത്യേകിച്ചൊരു വര്‍ക്കിങ് പാറ്റേണ്‍ ഫോളോ ചെയ്യാറില്ല. എനിക്ക് വരുന്ന വര്‍ക്കുകള്‍ കൂടുതലും സുഹൃത്തുക്കളുടെയാണ്. അവര്‍ക്ക് എന്നെയറിയാം, ആ ആത്മവിശ്വാസത്തില്‍ നല്ലൊരു ഔട്ട്പുട്ട് ഡെലിവര്‍ ചെയ്യുക. എന്‍റെ എഡിറ്റിംഗ് ടേബിളില്‍ മറ്റാരും ഉണ്ടാവാറില്ല. അതാണ് എനിക്ക് കംഫര്‍ട്ടും. ഡബ്ബിനുശേഷം ഒരു വേര്‍ഷന്‍ അവര്‍ കാണുകയും അതിന്‍റെ പുറത്ത് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലേക്ക് എടുക്കുകയും ചെയ്യും. അത് പിന്നീട് ഫൈനലാക്കും. അങ്ങനെയാണ് പതിവ്. ഓരോ സിനിമയ്ക്കും ഓരോ പാറ്റേണാണ് പിടിക്കാറുള്ളത്. പക്ഷേ എനിക്കിഷ്ടമുള്ള ഒരു പ്രോസസ്സ്, ഫൈനല്‍ എഡിറ്റിനുശേഷം മ്യൂസിക്കിന് കൊടുക്കും. അങ്ങനെയാണ് സാധാരണയായി കണ്ടുവരാറുള്ളത്. എന്നാല്‍ മ്യൂസിക്കിന് ശേഷം വീണ്ടും എഡിറ്റിംഗ് ടേബിളില്‍ കിട്ടിയാല്‍ മ്യൂസിക്കിനനുസരിച്ച് ഒന്നൂടെ എഡിറ്റ് ചെയ്യുന്നു. അത് മ്യൂസിക്കിന് സിങ്ക് ചെയ്യാന്‍ വീണ്ടും മ്യൂസിക്കിന് കൊടുക്കുന്നു.

അങ്ങനെ ഒരു ഗിവ് ആന്‍ഡ് ടേക്ക് പ്രോസസ്സ് നടക്കുന്നതനുസരിച്ച് നല്ല ഔട്ട്പുട്ട് കിട്ടുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ എഡിറ്റ് ചെയ്ത നല്ല പ്രശംസകള്‍ ലഭിച്ച മിക്ക വര്‍ക്കുകളും ഈ പ്രോസസ്സിലൂടെ കടന്നുപോയതാണ്. പ്രിന്‍സ് പോലും ഇരുപതോളം തവണ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി സെറ്റ് ചെയ്തതാണ്. ഈ പ്രോസസ്സ് ആണ് എനിക്ക് കൂടുതല്‍ കംഫോര്‍ട്ട്. പക്ഷേ സംവിധായകന്‍ ആണെങ്കിലും മ്യൂസിക് ഡയറക്ടര്‍ ആയാലും സൗണ്ട് റെക്കോര്‍ഡിസ്റ്റ് ആയാലും എല്ലാവരുടെയും പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ് നമുക്ക് അത് ചെയ്യാന്‍ സാധിക്കുക. പ്രിന്‍സില്‍ എല്ലാവരും കട്ടയ്ക്ക് നിന്നത് കൊണ്ടാണ് ഈ റിസള്‍ട്ട് കിട്ടിയത്.

ദിലീപേട്ടന്‍റെ സിനിമ തന്ന സന്തോഷം എന്തായിരുന്നു?

ചെറുപ്പം മുതല്‍ എന്നല്ല ഇപ്പോള്‍ വരെ ദിലീപേട്ടന്‍റെ സിനിമയിലെ ഒരു ഡയലോഗ് എങ്കിലും ഒരു ദിവസം പറയാതെ കടന്നുപോകില്ല. എന്നെ എന്ന് മാത്രമല്ല അത്രത്തോളം മലയാളികളില്‍ സ്വാധീനിച്ച ഒരാളാണ് ദിലീപേട്ടന്‍. പ്രിന്‍സ് എനിക്ക് തന്ന കിക്ക് എന്നുപറയുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് സിനിമാ ഷൂട്ടിംഗ് കാണാന്‍ പോകുന്നത് ആദ്യമായി ദിലീപേട്ടന്‍റെ ഇഷ്ടം എന്ന സിനിമയാണ്. ഞാന്‍ തൃശൂര്‍ സി.എം.സിയിലാണ് പഠിച്ചത്. അവിടെയുള്ള സിറ്റി സെന്‍ററില്‍ ഷൂട്ട് ഉണ്ടായിരുന്നു ഇഷ്ടത്തിന്‍റെ. അന്ന് മാളില്‍ നിന്ന് ഇറങ്ങിവരുന്ന ദിലീപേട്ടനെയാണ് ആദ്യമായി കാണുന്നത്. പിന്നീട് മായാമോഹിനി എന്ന സിനിമയില്‍ അസിസ്റ്റന്‍റ് സ്പോട് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് മൈ ബോസ് എന്ന ചിത്രത്തില്‍ സ്പോട്ട് എഡിറ്ററായി പ്രൊമോഷന്‍ കിട്ടി. ഇപ്പോളിതാ ദിലീപേട്ടന്‍റെ സിനിമയില്‍ എഡിറ്ററായി. അതും വലിയ വിജയമായി. ഒരു എഡിറ്ററിന്‍റെ കരിയറില്‍ പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം ദിലീപേട്ടന്‍റെ സിനിമകളിലൂടെയായിരുന്നുവെന്നത് സന്തോഷം നല്‍കുന്നു.

കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'മെറ്റ'യുടെ എഡിറ്റര്‍?

ഞാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത ഒരു വര്‍ക്കാണ് മെറ്റ. ഏറ്റവും ചുരുങ്ങിയ ദിവസം കൊണ്ട് പണി തീരുമെന്ന് കരുതിയതും, എന്നാല്‍ ഏറ്റവും കൂടുതല്‍ ദിവസവും പണിയെടുത്തതുമായ വര്‍ക്കാണ് മെറ്റ. പ്രശാന്തേട്ടന്‍(പ്രശാന്ത് മാമ്പുള്ളി) സംവിധാനം ചെയ്ത സിനിമ കാനിലേക്ക് ഓഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്.

 


LATEST VIDEOS

Interviews