കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ മലയാളിപ്പെണ്ണേ.... എന്ന ഗാനവും അതിലെ നായികയും ഇന്നും പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്നു.. അവിസ്മരണീയ ദൃശ്യങ്ങളുടെ നായിക അഖിലയുടെ വിശേഷങ്ങളിലേക്ക്...
ഈയിടെ സോഷ്യല്‍ മീഡിയയയില്‍ ശ്രദ്ധിക്കപ്പെട്ടതിനുശേഷം മലയാളി പ്രേക്ഷകര്‍ എല്ലാവരും അഖിലയോട് ഒരേപോലെ ചോദിക്കുന്ന ചോദ്യമാണ്, എവിടെയായിരുന്നു ഇത്രകാലം എന്നുള്ളത്. എന്താണ് അതിനുള്ള ഉത്തരം?
കലാപരമായ കാര്യങ്ങളില്‍ ഒക്കെ ഏര്‍പ്പെട്ടുകൊണ്ട് ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു എന്നതാണ് പറയാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കില്‍ ആളുകള്‍ ജീവനോടെയില്ല എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വിലയിരുത്തല്‍.
അങ്ങനെവരുമ്പോഴാണ് ഞാന്‍ ഇവിടെയൊന്നും ഇല്ല എന്ന തോന്നലുണ്ടാകുന്നത്. ഇപ്പോള്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഒക്കെയുണ്ട്. എന്‍റെ ഇഷ്ടം അനുസരിച്ച് ഞാന്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.

കാര്യസ്ഥന്‍, തേജാഭായി ആന്‍ഡ് ഫാമിലി എന്നീ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ മാത്രം ചെയ്തിട്ടാണ് അഖില പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്. പിന്നീട് എവിടെയും മുഖം കണ്ടുപോലുമില്ല. അതുകൊണ്ടുകൂടിയാണ് ഈ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നതെന്ന് തോന്നുന്നു?
സിനിമ ചെയ്യാതിരുന്നതിന് എന്‍റേതായ കാരണങ്ങളുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു സിനിമ സംഭവിക്കുന്നത് ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നിട്ടാണ്. അഃില്‍ ഏതെങ്കിലും ഒന്ന് ശരിയായില്ലെങ്കില്‍ പോലും അതിനെ ബാധിക്കും. സിനിമയ്ക്കുശേഷം ഞാന്‍ കുറച്ച് ഷോകള്‍ ഒക്കെ ചെയ്തിരുന്നു. പക്ഷേ ആളുകള്‍ സിനിമയില്‍ എന്നെ കണ്ടിട്ടില്ല എന്നതുകൊണ്ടാണ് നായിക എവിടെ എന്നുള്ള ചോദ്യങ്ങള്‍ ഒക്കെ ഉയര്‍ത്താന്‍ കാരണം. പിന്നീട് ഞാന്‍ അഞ്ചുവര്‍ഷത്തോളം മുംബൈയിലായിരുന്നു. അവിടെനിന്ന് ഞാന്‍ കഥക് അഭ്യസിച്ചു. കുട്ടിക്കാലം മുതലേയുള്ള എന്‍റെ ഒരു ആഗ്രഹമായിരുന്നു അത്. അഭ്യസിച്ചു കഴിഞ്ഞപ്പോള്‍ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം സ്റ്റേജുകളില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.
സോഷ്യല്‍ മീഡിയയില്‍ തീരെ സജീവമല്ലാതിരുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് പെട്ടെന്ന് ഒരു അക്കൗണ്ട് വേണം എന്നൊക്കെ തോന്നിയത്?
അത് വളരെ സാധാരണമായിത്തന്നെ സംഭവിച്ച ഒരു കാര്യമാണത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആദ്യം തുടങ്ങിയത് പ്രൈവറ്റ് ആയിട്ടായിരുന്നു. പതിയെ ആണ് പബ്ലിക്ക് ആക്കിയത്. എല്ലാവരും എന്നോട് പറയാറുണ്ട്, അക്കൗണ്ട് ബൂസ്റ്റ് ചെയ്യാന്‍ ശ്രമിച്ചുകൂടേയെന്ന്. ഞാന്‍ അതിനൊന്നും ഇപ്പോള്‍ ശ്രമിക്കുന്നില്ല. എനിക്ക് ഒരു യൂ ട്യൂബ് ചാനല്‍ കൂടിയുണ്ട്. ഫേസ് ബുക്കില്‍ ഞാന്‍ തീരെ ആക്ടീവ് അല്ല. സോഷ്യല്‍മീഡിയയില്‍ സജീവമാകണം എന്ന ചിന്ത പെട്ടെന്നുണ്ടായതാണ്.
എപ്പോഴും നന്നായി ഒരുങ്ങി സുന്ദരിയായി നടക്കുന്ന ഒരു ആളാണ് അഖില. എന്നാല്‍ ഒട്ടും ഓവര്‍ അല്ലാത്ത വിധമാണ് ഒരുങ്ങാറുള്ളത്. ആളുകള്‍ പ്രത്യേകം അഖിലയുടെ വേഷം എടുത്തുപറയുന്നത് കേള്‍ക്കാറുമുണ്ട്. എങ്ങനെയാണ് അത് ശ്രദ്ധിക്കുന്നത്?
എല്ലാവര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്നത് ചെയ്യണം എന്നല്ലേ ഉണ്ടാവൂ. ഞാന്‍ അത് തന്നെയെ ചെയ്യാറുള്ളൂ. ഇടുന്ന വസ്ത്രത്തിന് അനുസരിച്ചുള്ള ആഭരണം ധരിക്കുക. എന്നാല്‍ അത് ഒട്ടും ഓവര്‍ ആകാത്ത വിധത്തില്‍ ചെയ്യണം എന്നൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത്രയേയുള്ളൂ. അതല്ലാതെ ഇതിനുവേണ്ടി ഇങ്ങനെ ഇരുന്ന് ആലോചിക്കാറൊന്നുമില്ല.
കാര്യസ്ഥനിലെ മലയാളിപ്പെണ്ണേ നിന്‍റെ... എന്ന ഗാനം ഇപ്പോഴും മലയാളികള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്..?
അതെ. കേരളത്തിന്‍റെ പ്രകൃതിഭംഗി ഇത്രത്തോളം ഭംഗിയായി അവതരിപ്പിച്ച ഒരു പാട്ട് വേറെയുണ്ടോ എന്നാണ്. കേരളത്തിന്‍റെ കലാരൂപങ്ങളും തനത് സൗന്ദര്യവും ഒക്കെ വളരെ ഭംഗിയായാണ് ആ പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടെ കൈതപ്രം സാറിന്‍റെ അതിമനോഹരമായ വരികള്‍ കൂടി ആയപ്പോള്‍ കൂടുതല്‍ മികച്ചതായി. ആ പാട്ടിലെ മലയാളിപ്പെണ്ണായത് എന്നത് എന്‍റെ ഭാഗ്യം തന്നെയാണ്.
സോഷ്യല്‍മീഡിയയിലൊക്കെ അഖിലയുടെ പ്രഭാഷണം കണ്ടുകൊണ്ട് അഖില രാഷ്ട്രീയത്തില്‍ വന്നാല്‍ നന്നായിരിക്കും എന്നൊക്കെ കമന്‍റുകള്‍ കണ്ടിട്ടുണ്ട്. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്?
ഞാന്‍ പ്രസംഗിക്കുന്ന സമയത്ത് ചില രാഷ്ട്രീയവിഷയങ്ങള്‍ പറഞ്ഞുപോകാറുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കും ആളുകള്‍ ഇങ്ങനെ പറയുന്നത്. നമ്മള്‍ എല്ലാവരും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയം ഉള്ളവര്‍ ആണല്ലോ. നമ്മള്‍ ഈ രാജ്യത്തിന്‍റെ ഒരു പൗരനാണ്, നമ്മള്‍ വോട്ട് ചെയ്യുന്നു, ഭരണഘടനയെ പിന്തുടരുന്നു എന്നതൊക്കെ നമ്മള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതിന്‍റെ തെളിവുകളാണ്. ഞാന്‍ ഇതുവരെ ഒരു വോട്ടുപോലും നഷ്ടപ്പെടുത്തിയിട്ടില്ല. അത് നമ്മുടെ ഉത്തരവാദിത്തം ആണ്.
രാഷ്ട്രീയവിഷയങ്ങളില്‍ വളരെയധികം ശ്രദ്ധയുള്ള ആളും ആണ് ഞാന്‍. ഞാന്‍ പി.ജി ചെയ്തത് പൊളിറ്റിക്കല്‍ സയന്‍സിലാണ്.

പഠനത്തില്‍ വലിയ താല്‍പ്പര്യമുള്ള ഒരു വ്യക്തിയാണ് അഖില എന്ന് കേട്ടിട്ടുണ്ട്. ഡിഗ്രിക്ക് ഊര്‍ജ്ജതന്ത്രം പഠിച്ച അഖില മൂന്ന് പി.ജികളും നേടിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്?
അതെ. ഡിഗ്രിക്ക് ഫിസിക്സ് ആയിരുന്നു തെരഞ്ഞെടുത്തത്. അന്ന് ആ വിഷയത്തിനോട് നല്ല താല്‍പ്പര്യം തോന്നിയിരുന്നു. ഇംഗ്ലീഷിലും പൊളിറ്റിക്കല്‍ സയന്‍സിലും പരിസ്ഥിതി ശാസ്ത്രത്തിലും പി.ജി നേടിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സിലും പരിസ്ഥിതി ശാസ്ത്രത്തിലും യു.ജി.സി നെറ്റും നേടിയിട്ടുണ്ട്. ഞാന്‍ ചെയ്തതും പഠിച്ചതും എല്ലാം എന്‍റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ്. എനിക്ക് കുറെ കാര്യങ്ങളില്‍ താല്‍പ്പര്യം തോന്നാറുണ്ട്. അതെല്ലാം തമ്മില്‍ വ്യത്യാസം ഉണ്ട്.
എന്തുകൊണ്ടാണ് അഖില ഇതുവരെ വിവാഹം കഴിക്കാതിരുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ടാവുക. അല്ലെ?
അതെ. എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ ഒത്തുവന്നിട്ടുണ്ടാകില്ല. അത്രതന്നെ. കല്യാണം കഴിക്കുക എന്നത് എനിക്ക് നിര്‍ബന്ധം ഉള്ള ഒരു കാര്യം ഒന്നും അല്ല. എനിക്ക് വേണ്ടത് എന്നെ പൂര്‍ണ്ണമാക്കാന്‍ ഒരാളാണ്. എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥം തരുന്ന ഒരു വ്യക്തിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് വന്നാല്‍ നടക്കും, അത്രയേയുള്ളൂ.