ജയ ജയ ജയ ജയ ഹേയിലെ രാജിയായി വേഷമിട്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശീതള്‍ സക്കറിയ സംസാരിക്കുന്നു...
ശീതള്‍ സക്കറിയ എന്ന പേരിനെക്കാള്‍ എന്നെ എല്ലാവരും അറിയുന്നത് രാജ്ഭവനിലെ രാജി എന്നാണ്. ആദ്യസിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ ഇപ്പോഴും അറിയപ്പെടുന്നുവെന്നത് വലിയ സന്തോഷം നല്‍കുന്ന ഒന്നാണ്. വിപിന്‍ദാസ് സംവിധാനം ചെയ്ത ബേസില്‍ ജോസഫ് ചിത്രം ജയ ജയ ജയ ജയ ഹേയില്‍ രാജി എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശീതള്‍ സക്കറിയ തന്‍റെ ഏറ്റവും പുതിയ ചിത്രം അഭിലാഷത്തെക്കുറിച്ചും സിനിമാവഴികളെക്കുറിച്ചും സംസാരിക്കുന്നു.
അഭിലാഷമാണല്ലോ ഏറ്റവും വലിയ പുതിയ വിശേഷം?
മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ ഒരുക്കിയ അഭിലാഷത്തില്‍ ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞു. സൈജുചേട്ടന്‍ അവതരിപ്പിച്ച അഭിലാഷ് ചേട്ടന്‍റെ ഷോപ്പിലെ സ്റ്റാഫിന്‍റെ വേഷമാണ്. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും കഥയിലെ പ്രധാന വഴിത്തിരിവിലേക്ക് എത്തുന്നത്. അഭിലാഷം കണ്ടവരെല്ലാം എന്‍റെ കഥാപാത്രത്തെയും ശ്രദ്ധിച്ചുവെന്നത് സന്തോഷം നല്‍കുന്നു. സൈജുചേട്ടനും തന്‍വിയ്ക്കുമൊപ്പമെല്ലാമുള്ള അനുഭവവും നല്ലതായിരുന്നു.
രാജി തന്ന ഐഡന്‍റിറ്റി?
ആദ്യസിനിമയിലെ കഥാപാത്രം എന്ന നിലയില്‍ രാജി എപ്പോഴും എനിക്ക് സ്പെഷ്യലാണ്. ഡിജിറ്റല്‍ മേഖലയില്‍ ശ്രദ്ധേയമായതില്‍ പിന്നാലെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ബേസില്‍ ഏട്ടനാണെങ്കിലും ദര്‍ശനയാണെങ്കിലും ഇത്രയും മാര്‍ക്കറ്റ് വാല്യൂയുള്ള താരങ്ങളാണെന്ന ജാഡ പോലുമില്ലാതെ ഒപ്പമുള്ളവരെ ചേര്‍ത്ത് പിടിക്കുന്നവരാണ്. ദര്‍ശന ഫ്രീ ആയിരിക്കുമ്പോള്‍ കാരവനിലേക്ക് വിളിക്കും എന്നിട്ട് അവിടെയിരുന്ന് സംസാരിക്കും. പിന്നെ അമ്മയില്‍ അഭിനയിച്ച കനക ആന്‍റിയും സൂപ്പറാണ്. ഞങ്ങള്‍ ശരിക്കും അവിടെ ഫാമിലി പോലെയാണ് അവിടെ കഴിഞ്ഞത്. കുറെപ്പേരെല്ലാം കനക ആന്‍റിയാണ് എന്നെ ശരിക്കും അമ്മയെന്ന് ചിന്തിച്ചിട്ടുണ്ട്. അത്രയധികം സാമ്യതയുണ്ട് ഞങ്ങളെന്ന് എല്ലാവരും പറയും.