NEWS

എന്നെ 'തടിച്ചീ' എന്ന് ആരെങ്കിലും വിളിച്ചാല്‍ 'നീ പോടാ' എന്ന് ഞാന്‍ തിരികെ വിളിക്കും... - ശീതള്‍ സക്കറിയ

News


ജയ ജയ ജയ ജയ ഹേയിലെ  രാജിയായി വേഷമിട്ട്  പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശീതള്‍ സക്കറിയ സംസാരിക്കുന്നു...

സിനിമായാത്ര എളുപ്പമായിരുന്നോ?

സിനിമാമേഖലയില്‍ എനിക്ക് മുന്‍പുള്ള ആരും ഫാമിലിയില്‍ നിന്ന് വന്നിട്ടില്ല. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണ് പഠിച്ചത്. മറ്റൊന്നാണെങ്കിലും വെബ് സീരീസുകളിലെല്ലാം അഭിനയിച്ചുതുടങ്ങുന്നത്. തുടക്കസമയത്ത് മിക്ക ആള്‍ക്കാരും എന്തിനാണ് റിസ്‌ക്ക് എടുക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതാണ് എന്റെ സന്തോഷം എന്ന് മനസ്സിലാക്കി ഞാന്‍ ഇവിടെത്തന്നെ നില്‍ക്കുമ്പോള്‍  ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നു. സാമ്പത്തികപരമായ സുരക്ഷിതത്വം ഇല്ലാത്തത് ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നു. എങ്കിലും അഭിനയം മതിയെന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു.

ബോഡി ഷെയിമിങ് എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ?

അതൊക്കെ എപ്പോഴും നേരിടുന്ന കാര്യമാണ്. പക്ഷേ അതിനോട് മുഖം തിരിഞ്ഞുനടക്കുക, അവരെ ശ്രദ്ധിക്കാതിരിക്കുക എന്നതാണ് ഞാന്‍ ചെയ്യാറുള്ളത്. മലയാള സിനിമയില്‍ പറയപ്പെടുന്ന നായികാസങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കി എത്രയേറെ നായികാകഥാപാത്രങ്ങള്‍ ഇതിനോടകം വന്നു. തമാശയില്‍ ചിന്നു ചാന്ദ്‌നി ചേച്ചി ചെയ്ത കഥാപാത്രമെല്ലാം ഇത്തരം പാട്രിയാര്‍ക്കികളെ പൊളിച്ചെഴുതിയതായിരുന്നു. എന്റെ ശരീരം എന്റെ സ്വന്തമാണ്. എനിക്ക് വണ്ണം വച്ചിരിക്കുന്നത് കുഴപ്പമില്ലെങ്കില്‍ മറ്റാര്‍ക്കാണ് കുഴപ്പം. പണ്ടും എന്നെ 'തടിച്ചീ' എന്ന് ആരെങ്കിലും വിളിച്ചാല്‍ 'നീ പോടാ' എന്ന് ഞാന്‍ തിരികെ വിളിക്കും. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വല്ല ഫോട്ടോകളും പോസ്റ്റ് ചെയ്താല്‍ റോഡ് റോളര്‍ പോലെയുണ്ടെന്ന തരത്തിലൊക്കെ കമന്റുകള്‍ വരാറുണ്ട്. അത് ശ്രദ്ധിക്കാതിരിക്കുക എന്നതാണ് ഞാന്‍ ചെയ്യുന്ന ഒരു കാര്യം.
 


LATEST VIDEOS

Interviews