NEWS

തമിഴ്നാട്ടിൽ ചർച്ചയായി 'മാമ്മന്ന'നിലെ ഫഹദ് ഫാസിലിന്റെ വേഷം

News

 മലയാളത്തിന് പുറമെ തമിഴ് സിനിമയിലും, തെലുങ്ക് സിനിമയിലും തന്റെ അഭിനയപ്രതിഭ തെളിയിച്ച താരമാണ് ഫഹദ് ഫാസിൽ. തമിഴിൽ കമൽഹാസൻ നായകനായ 'വിക്രം', തെലുങ്കിൽ അല്ലു അർജുൻ നായകനായി വന്ന 'പുഷ്പ' തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫഹദ് ഫാസിൽ, ഈയിടെ തമിഴിൽ പുറത്തുവന്ന 'മാമ്മന്ന'ൻ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഈ ചിത്രത്തിൽ ജാതിരാഷ്ട്രീയം പറയുന്ന രത്നവേലു എന്ന പ്രതിനായകനായാണ് ഫഹദ് ഫാസിൽ അഭിനയിച്ചിരുന്നത്.  

 ഈ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സ് ഒടിടിയിലും റിലീസായി തിയേറ്ററുകളിൽ ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെക്കാട്ടിലും, ബോക്സ് ഓഫീസ് കളക്ഷനെക്കാട്ടിലും വെല്ലുന്ന തരത്തിലുള്ള അഭിപ്രായമാണ് നേടി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധി സ്റ്റാലിനും, ചിത്രത്തിന്റെ സംവിധായകനായ മാരി സെൽവരാജിനും ലഭിക്കാത്ത തരത്തിലുള്ള കൈയടിയാണ് ഫഹദ് ഫാസിലിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ചിത്രത്തില്‍ ഉയർന്ന ജാതിക്കാരനായ പ്രതിനായകനെ അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ കഥാപാത്രം മൂലമാണ് ഇപ്പോൾ ചർച്ചകൾ ഉണ്ടായിരിക്കുന്നത്.               

ഫഹദ് ഫാസിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം കൈയടി നേടുന്ന അതേ സമയം സംവിധായകന്‍ നെഗറ്റീവ് ആയി അവതരിപ്പിച്ച ഈ കഥാപാത്രത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നതും വേറൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയാണ്. ഇതിന് കാരണം തമിഴ്നാട്ടിലുള്ള  ജാതി രാഷ്ട്രീയം തന്നെ. ഈ ചിത്രത്തിൽ ഫഹദ്ഫാസിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ജാതിവാദത്തെ ഉയർത്തി പിടിക്കുന്ന തരത്തിലാണ് ഉള്ളത്. ഇത് താഴ്ന്ന ജാതി രാഷ്ട്രീയ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. അതേ സമയം താഴ്ന്ന ജാതിക്കാർക്ക് ഉള്ള പ്രശ്നങ്ങളെ പറയുവാൻ വന്ന സംവിധായകൻ മാരി സെൽവരാജിനും ഈ ചിത്രം ഒരു തിരിച്ചടിയായിട്ടാണ് മാറിയിരിക്കുന്നത്. 

ഇത് സംബന്ധമായി സമൂഹ മാധ്യമങ്ങൾ മൂലം പല തരത്തിലുള്ള അഭിപ്രായങ്ങളെയാണ് സാമൂഹിക പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. ചിലർ ഫഹദ് ഫാസിൽ അവതരിപ്പിച്ച  ജാതിമത ഭ്രാന്തനായ ആ കഥാപാത്രത്തിനെ ഇങ്ങനെ ആഘോഷിക്കുന്നത് ശരിയല്ല.ഇത് ഇന്നത്തെ തലമുറയിൽ ജാതി വിദ്വേഷം വളർത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എങ്ങിനെയായാലും ഈ ചർച്ചകൾ മൂലം ഫഹദ് ഫാസിൽ ഇപ്പോൾ തമിഴ് സിനിമയിലെ മറ്റൊരു മിന്നും താരമായിരിക്കുകയാണ്.


LATEST VIDEOS

Top News