മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ ഇതുവരെ തമിഴിലെ മറ്റ് നായകന്മാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 2017-ൽ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച 'വേലൈക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ നെഗറ്റീവ് വേഷത്തിലാണ് അഭിനയിച്ചത്.
അതിനു ശേഷം വിജയ് സേതുപതിക്കൊപ്പം ‘സൂപ്പർ ഡീലക്സ്’, കമൽഹാസനൊപ്പം ‘വിക്രം’, ഉദയനിധി സ്റ്റാലിൻ്റെ ‘മാമന്നൻ’, രജനികാന്തിൻ്റെ 'വേട്ടൈയ്യൻ' അടുത്തിടെ റിലീസായ വടിവേലുവിൻ്റെ ‘മാരീശൻ’ തുടങ്ങിയ ചിത്രങ്ങളിലും ഫഹദ് ഫാസിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഫഹദ് ഫാസിൽ തമിഴിൽ ആദ്യമായി ഒരു മുഴുനീള നായക വേഷം അവതരിപ്പിക്കാൻ പോകുകകയാണെന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. വിജയ്‌സേതുപതിയും, തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ '96', കാർത്തിയും, അരവിന്ദ്‌സാമിയും ഒന്നിച്ചഭിനയിച്ച 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേംകുമാറാണ് ഫഹദ് ഫാസിലിനെ നായകനാക്കി തമിഴിൽ ചിത്രം ഒരുക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് പ്രേംകുമാർ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ഈ ചിത്രം വൈകാരിക രംഗങ്ങൾ നിറഞ്ഞ ഒരു കുടുംബ കഥയായിരിക്കുമെന്നും പ്രേംകുമാർ പറഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമത്രേ!