കോയമ്പത്തൂർ: പ്രശസ്ത സിനിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ സുരേഷ്– വിനു കൂട്ടുകെട്ടിൽ പിറന്നിരുന്നു. 1995ൽ പുറത്തിറങ്ങിയ ‘മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം.
1995ൽ തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാൻ ഭവഃ, ഭർത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തിരുന്നു. 'ഒച്ച്' എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം.