വിവാഹത്തിന് ശേഷം നയൻതാര വളരെ സെലെക്ടിവായാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകനായ അറ്റ്‌ലി ഹിന്ദിയിൽ ഒരുക്കി വരുന്ന ഷാരൂഖാൻ ചിത്രമായ 'ജവാൻ', തമിഴിൽ ജയം രവി നായകനാകുന്ന 'ഇറൈവൻ' എന്നിവയാണ് നയൻതാരയുടേതായി അടുത്ത് പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ. ഈ ചിത്രങ്ങൾക്കൊപ്പം തമിഴിൽ ഒരുങ്ങുന്ന 'ടെസ്റ്റ്' എന്ന ചിത്രത്തിലും നയൻതാര അഭിനയിക്കാൻ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ മാധവൻ, സിദ്ധാർഥ്, രാശിഖന്ന എന്നിവരാണ് ഈ ചിത്രത്തിൽ മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ശശികാന്ത് നിർമ്മിച്ചു, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ വിവരങ്ങളെല്ലാം നാനയിൽ മുൻപ് നൽകിയിരുന്നു. എന്നാൽ ഈ ചിത്രം കുറിച്ച് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഒരു പുതിയ വാർത്ത, പ്രശസ്ത പിന്നണി ഗായികയായ ശക്തിശ്രീ ഗോപാലനാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത് എന്നുള്ളതാണ്. മലയാളിയായ ശക്തിശ്രീ ഗോപാലൻ നിറയെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതുപോലെ നയൻതാര ഉൾപ്പെടെയുള്ള ചില താരങ്ങൾക്കു ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്.
ക്രിക്കറ്റിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'ടെസ്റ്റ്' എന്നാണു പറയപ്പെടുന്നത്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാൻ പോകുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരു പാൻ-ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇങ്ങിനെയുള്ള ഒരു ചിത്രത്തിന് പിന്നണി ഗായികയായ ശക്തിശ്രീ ഗോപാലൻ സംഗീതം നൽകുന്ന വാർത്ത കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമായിട്ടുണ്ട്. കാരണം തമിഴ് സിനിമയിൽ വനിതാ സംഗീത സംവിധായകരായി വളരെ ചുരുക്കം ചിലരേ പ്രവർത്തിട്ടുള്ളൂ. അവരെ കൊണ്ട് പ്രതീക്ഷിച്ച വിജയവും കൈവരിക്കാൻ സാധിച്ചിട്ടില്ല! എന്നാൽ സംഗീതത്തിൽ നല്ല ജ്ഞാനമുള്ള ശക്തിശ്രീ ഗോപാലൻ ആ ചരിത്രം തിരുത്തി കുറിക്കുമെന്നാണ് പറയപ്പെടുന്നത്.