കുറച്ചു വർഷങ്ങൾക്ക് മുൻപെല്ലാം നല്ല സിനിമകളാണെകിൽ ഒരു തിയേറ്ററിൽ 100 ദിവസം വരെ ഓടുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു സിനിമ ഒരാഴ്ചയോ, രണ്ടാഴ്ചയോ തുടർന്ന് ഓടുന്നത് വളരെ അപൂർവമാണ്. ഇതിന് കാരണം OTT പ്ലാറ്റ്‌ഫോമുകളുടെ വരവാണ്. ഒരു ചിത്രം റിലീസ് ചെയ്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അത് OTT-യിൽ വരുന്നു. അതിനാൽ തിയേറ്ററിലേക്ക് പോകുന്ന ആരാധകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. 100 ദിവസം ഓടുന്ന സിനിമ ഇക്കാലത്ത് വളരെ അപൂർവമാണ്. എന്നാൽ ഒരു തമിഴ് സിനിമ 1000 ദിവസം പ്രദർശിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. അത് സിമ്പുവും, തൃഷയും നായകൻ, നായകിയായി അഭിനയിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായ' എന്ന ചിത്രമാണ്. സിമ്പുവിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായ ചിത്രം കൂടിയാണ് ഇത്. കോളിവുഡിൽ ഇതുപോലെ ഒരു റൊമാൻ്റിക് സിനിമ ഉണ്ടായിട്ടില്ലെന്നു പറയുന്ന തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു പ്രണയ ചിതമാണ് 'വിണ്ണൈത്താണ്ടി വരുവായ'. ഓരോ വർഷവും വാലൻ്റൈൻസ് ദിനത്തിൽ ഈ ചിത്രം റീ-റിലീസ് ചെയ്യാറുണ്ട്. അങ്ങിനെ ചെന്നൈയിലുള്ള വി.ആർ.മാളിലെ പി.വി.ആർ.തിയേറ്ററിൽ മാറ്റിനി ഷോയായി പ്രദർശനം തുടങ്ങിയ സിനിമയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർന്ന് പ്രദർശിപ്പിച്ച് വരുന്നത്. ആരാധകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് ചിത്രം തുടർച്ചയായി പ്രദർശനം നടത്തി വരികയാണ്. അങ്ങിനെ ഈ ചിത്രം വിജയകരമായി ആയിരം ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചെന്നൈയിൽ ഇതാദ്യമായാണ് റീ-റിലീസ് ചെയ്ത ഒരു ചിത്രം 1000 ദിവസങ്ങൾ പിന്നിട്ടു തുടർന്ന് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനെ ഇപ്പോൾ സിമ്പുവിന്റെ ആരാധകർ ആഘോഷിച്ച് വരികയാണ്.