NEWS

ഫാഷൻ ഓരോ വ്യക്തിയുടേയും ചോയ്സാണ്

News

കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത് യോജിച്ചതാണെങ്കിൽ തീർച്ചയായും ചെയ്തിരിക്കും. അത് എന്റെ ജോലിയുടെ ഭാഗമാണ്.

ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ  താരമാണ് അനിക സുരേന്ദ്രൻ. മോഹൻലാൽ ചിത്രത്തിലൂടെയാണ് അനിക സിനിമയിൽ അരങ്ങേറ്റം നടത്തിയത്. അന്ന് ഒന്നര വയസ്സാണ് ഉണ്ടായിരുന്നത്. ഏതാനും നിമിഷങ്ങൾ മാത്രമുള്ള സീനിൽ നിന്ന് മുഴുനീള കഥാപാത്രത്തിലേക്ക് നടന്നടുക്കാൻ അധികനാൾ വേണ്ടി വന്നില്ല അനികയ്ക്ക്. അതിനിടയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരവും താരത്തെ തേടിയെത്തി. മലയാളത്തിലും തമിഴിലുമായി കൈനിറയെ അവസരങ്ങൾ വന്നു. ഏതൊരു താരവും ആഗ്രഹിക്കുന്ന തമിഴകത്തും സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ് അനിക അരങ്ങേറ്റം കുറിച്ചത്. തെലുങ്കിൽ ഇതിനോടകം നായികയായി തിളങ്ങിയ അനിക ഇപ്പോൾ മലയാള സിനിമയിലും നായികാവേഷത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഓ മൈ ഡാർലിംഗ് എന്ന സിനിമയിലാണ് അനിക നായികയായി എത്തിയത്. ബാലതാരത്തിൽ നിന്ന് നായികയിലേക്കുള്ള യാത്രയും പുതിയ സിനിമാവിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അനിക.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക് ചുവടുവയ്ക്കുമ്പോഴുണ്ടായ സന്തോഷം?

അനിക: 2007 ലാണ് ഛോട്ടാമുംബൈ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. മൂന്നുവർഷത്തിനുശേഷം കഥ തുടരുന്നു എന്ന സിനിമയിൽ മുഴുനീള റോൾ കിട്ടി. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്‌ക്കാരവും ലഭിച്ചു. എല്ലാ അവസരങ്ങളും എനിക്ക് അപ്രതീക്ഷിതമായാണ് ലഭിച്ചത്. ഞാനൊരു പ്രായം വരെ അഭിനയിക്കും. അതിനുശേഷം ബ്രേക്ക് എടുക്കുമെന്നായിരുന്നു അച്ഛനും അമ്മയും കരുതിയിരുന്നത്. പക്ഷേ ഇടയ്ക്കിടയ്ക്ക് അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ എന്റെ വളർച്ചയും സിനിമയിലൂടെ വന്നുകൊണ്ടേയിരുന്നു. നായികയാവുമ്പോഴും വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നുന്നില്ല. ഞാൻ നായികയായി വന്നാൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിന് മാത്രമേ ചെറിയൊരു ടെൻഷനുണ്ടായിരുന്നുള്ളൂ.

ഫാഷനുള്ള കംഫർട്ടായ വസ്ത്രങ്ങളോടാണോ അനികയ്ക്ക് കൂടുതൽ താൽപ്പര്യം?

അനിക: ഫാഷനും കംഫർട്ട് വസ്ത്രങ്ങളും ഒരുപോലെ പരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. സിനിമാമേഖലയിൽ നിൽക്കുന്നവർ ഈ രണ്ട് രീതികളും തീർച്ചയായും പരീക്ഷിച്ചിരിക്കും. പക്ഷേ ഫാഷനുവേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാൻ. ആദ്യകാലത്ത് അമ്മ തയ്ച്ചുതരുന്ന ഡ്രസ്സുകൾ മാത്രമായിരുന്നു ഞാൻ ധരിച്ചിരുന്നത്. പല സ്റ്റേജ് ഷോകളിലും ധരിച്ചിരുന്ന ഡ്രസ്സുകൾ  കാണുമ്പോൾ ഇന്നെനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നാറുണ്ട്. ട്രെൻഡ് അനുസരിച്ച് എന്റെ ഫാഷൻ സങ്കൽപ്പങ്ങൾ മാറിക്കഴിഞ്ഞു. പക്ഷേ ഏത് വസ്ത്രം തെരഞ്ഞെടുത്താലും എന്റെ കംഫർട്ട് ആണ് എനിക്കിപ്പോൾ പ്രധാനം. ബാലതാരമായി സിനിമകളിൽ അഭിനയിച്ചപ്പോഴൊക്കെ വസ്ത്രങ്ങളിൽ അധിക പരീക്ഷണങ്ങളൊന്നും ചെയ്തിട്ടില്ല. ഇപ്പോഴാണ് എനിക്ക് ഫാഷനോട് കുറച്ചുകൂടി ഇഷ്ടം തോന്നിത്തുടങ്ങിയത്. എനിക്ക് ഇണങ്ങിയ ഡ്രസ്സുകൾ മാത്രമാണ് ധരിക്കാറുള്ളത്.

വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളോടുള്ള പ്രതികരണം?

അനിക: ഞാൻ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകൾക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ ഒരിക്കലും എന്റെ ഫാഷൻ സങ്കൽപ്പത്തെ ബാധിക്കാറില്ല. കാരണം സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റിടുമ്പോൾ അവർക്ക് എങ്ങനെ വേണമെങ്കിലും അത് ജഡ്ജ് ചെയ്യാം.   അപ്പോൾ രണ്ട് രീതിയിലുള്ള കമന്റുകളും കാണും. എനിക്ക് യോജിച്ചത് ഞാൻ ധരിക്കും. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്നെ ഏറ്റവും ഭംഗിയായി തോന്നുന്നത് എന്താണോ, അത് ഞാൻ ധരിച്ചിരിക്കും. ആത്മവിശ്വാസത്തോടുകൂടി മാത്രമേ ഞാൻ ക്യാമറയ്ക്ക് മുന്നിൽ വരാറുള്ളൂ. എന്റെ ശരീരത്തിന്റെ നിറം കാണുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഒരുപാട് ശരീരം കാണിച്ചുള്ള വസ്ത്രങ്ങൾ ഞാൻ കഴിവതും ഒഴിവാക്കാറുണ്ട്. ശരീരം കാണിക്കാൻ ഇഷ്ടമുള്ളവർ അത് ചെയ്‌തോട്ടെ. ഫാഷൻ ഓരോരുത്തരുടേയും ചോയ്‌സ് ആണ്. അതിൽ നമ്മൾ അഭിപ്രായം പറയേണ്ട കാര്യമില്ല. അതുകൊണ്ട് കമന്റുകളൊന്നും ഞാൻ നോക്കാറില്ല. നല്ല കമന്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.

അടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം ഒരു കൊറിയൻസ്റ്റൈലൊക്കെ വരുത്തിയിട്ടുണ്ടല്ലോ?

അനിക: കൊറിയൻ കൾച്ചർ ഇന്നത്തെ യുവതലമുറ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഞാനും. ഇപ്പോൾ പലരും കൊറിയൻ ഡ്രസ്സിംഗ് സ്റ്റൈൽ അനുകരിക്കാൻ ശ്രമിക്കുന്നവരാണ്. കവായ് എന്നൊക്കെ പറയുന്ന ക്യൂട്ട് കൊറിയൻ ഏസ്തറ്റിക്കാണ് എനിക്കിഷ്ടം. ഫാഷന്റെ കാര്യത്തിൽ എന്റെ ഐക്കൺ, ഫ്‌ളോറൻ പ്യൂഹ് ആണ്. മനപ്പൂർവ്വമല്ലെങ്കിലും എന്റെ പുതിയ വസ്ത്രങ്ങളിലെല്ലാം ഒരു കൊറിയൻ ടച്ച് വരാറുണ്ട്. എനിക്ക് അതിഷ്ടവുമാണ്.

മലയാളത്തിൽനിന്ന് തമിഴിലേക്കും തെലുങ്കിലേയ്ക്കും ചെന്നപ്പോൾ എങ്ങനെയാണ് ഭാഷ എളുപ്പം കൈകാര്യം ചെയ്തത്?

അനിക: മലയാളികൾ എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞുതുടങ്ങിയത് അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിനുശേഷമാണ്. അഞ്ച് സുന്ദരികളിൽ അഭിനയിക്കുമ്പോൾ കഥ എന്താണെന്ന് പോലും അറിയാതെ, പറയുന്നത് മാത്രം ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. അന്നത്തെ മൂന്നാം ക്ലാസുകാരിയായ എനിക്ക് കൂടുതലായി ഒന്നും ചെയ്യാനും അറിയില്ലായിരുന്നു. അഞ്ച് സുന്ദരികൾ കണ്ട ഗൗതം മേനോൻ സാറാണ് എന്നെ അറിന്താൽ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. തമിഴിൽ അത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാവുക എന്നത് എന്റെ വലിയ ഭാഗ്യമായി കാണുന്നു. പിന്നീട് വിശ്വാസത്തിൽ അജിത്- നയൻതാര ജോഡിക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. ആ ചിത്രത്തിലഭിനയിക്കുമ്പോൾ എനിക്ക് തമിഴ് അധികം അറിയില്ലായിരുന്നു. അന്നൊക്കെ അവരെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അങ്ങനെ തമിഴ് വേഗം പഠിക്കാൻ സാധിച്ചു. പക്ഷേ, തെലുങ്ക് ഒരു രക്ഷയുമില്ലായിരുന്നു. കാണാതെ പഠിക്കുകയേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. തമിഴാണോ തെലുങ്കാണോ പ്രയാസമെന്ന് ചോദിച്ചാല തെലുങ്കാണെന്ന് പറയും. ഇപ്പോൾ എല്ലാ ഭാഷയും പഠിക്കാൻ ശ്രമിക്കുന്നുണ്ട്.

ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ എപ്പോഴെങ്കിലും ക്യാമ്പസ് ജീവിതം ആസ്വദിക്കാൻ സാധിച്ചിരുന്നോ?

അനിക: എനിക്ക് കോളേജിൽ പോകാൻ ഒരുപാട് ഇഷ്ടമാണ്. കുഞ്ഞിലേ മുതൽ തന്നെ സിനിമയിൽ വന്നതുകൊണ്ട് സ്‌ക്കൂളിൽ തന്നെ ഞാൻ അധികം പോയിട്ടില്ല. ചെന്നൈ ലയോള കോളേജിലാണ് ഇപ്പോൾ അഡ്മിഷൻ എടുത്തിരിക്കുന്നത്.  മൂന്നുദിവസം കോളേജിൽപോയി വേഗം തന്നെ തിരിച്ചുവന്നു. അത്രമാത്രമേ എനിക്കും കോളേജുമായി ഇപ്പോൾ ബന്ധമുള്ളൂ. ഇപ്പോഴത്തെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് ഒരു മാസം തിരക്കിൽ നിന്ന് എന്നെ ഒഴിവാക്കി തരണമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ ക്യാമ്പസും സുഹൃത്തുക്കളെയുമൊക്കെ ഒന്ന് കാണാനും കുറച്ചൊന്ന് അടിച്ചുപൊളിക്കാനും വേണ്ടിയാണത്. അഭിനയജീവിതം പോലെതന്നെ പഠനത്തിനും പ്രാധാന്യം കൊടുക്കണമല്ലോ. അതുകൊണ്ട് തീർച്ചയായും ഇനിയങ്ങോട്ട് കോളേജിൽ സ്ഥിരമായി പോകണമെന്നാണ് ആഗ്രഹം.

മലയാളത്തിൽ നായികയായി എത്തിയ ആദ്യസിനിമയിലെ ലിപ് ലോക്കും റൊമാൻസും?

അനിക: ഓ മൈ ഡാർലിംഗ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾതന്നെ റൊമാൻസും ലിപ്‌ലോക്കും ചർച്ചയാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നത്. അതുപോലെ തന്നെ മതി എന്നാണ് സംവിധായകൻ പറഞ്ഞത്. എനിക്കിപ്പോൾ 18 വയസ്സായി. ഒരു പതിനെട്ടുകാരിയുടെ ഉള്ളിലെ പ്രണയം എന്താണോ, അതാണ് ഞാൻ സിനിമയിലൂടെ ചെയ്തത്. ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ റൊമാൻസ് അഭിനയിച്ചപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കഥാപാത്രമായി മാറിയപ്പോൾ അതെല്ലാം ശരിയായി. എന്തിന് ആദ്യസിനിമയിൽ തന്നെ റൊമാൻസ് ചെയ്തതെന്ന് ചോദിക്കുന്നവരോട് സിനിമയ്ക്ക് അത്യാവശ്യമായത് കൊണ്ടാണ് അത് ചെയ്തത് എന്നുപറയും. കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത് യോജിച്ചതാണെങ്കിൽ തീർച്ചയായും ചെയ്തിരിക്കും. അത് എന്റെ ജോലിയുടെ ഭാഗമാണ്.

തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ചപ്പോഴുള്ള സന്തോഷത്തെക്കുറിച്ച്?

അനിക: ആദ്യസിനിമ നാഗാർജ്ജുനസാറിന്റേതായിരുന്നു. അതിനുവേണ്ടി ഓൺലൈനായാണ് തെലുങ്ക് പഠിച്ചത്. പിന്നെ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ചെറിയ ആക്ടിംഗ് വർക്ക്‌ഷോപ്പുമുണ്ടായിരുന്നു. രണ്ടാമത്തെ സിനിമ കപ്പേളയുടെ റീമേക്കായിരുന്നു. അതിലെ പ്രധാന കഥാപാത്രമായിരുന്നു ഞാൻ ചെയ്തത്. മലയാളവും തമിഴും എടുത്തുനോക്കിയാൽ ഏറെ വേറിട്ട ഒന്നുതന്നെയാണ് തെലുങ്ക് സിനിമാ ഇൻഡസ്ട്രി.

ഏറ്റവുമധികം ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റിയെക്കുറിച്ച്?

അനിക: എനിക്ക് ദുൽഖർ സൽമാനെ ഒരുപാടിഷ്ടമാണ്. അദ്ദേഹത്തിന്റെ സ്റ്റൈലിംഗ് എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. 'കുറുപ്പ്'സിനിമയുടെ പ്രൊമോഷൻ വന്നപ്പോഴുള്ള ലുക്ക് അടിപൊളിയായിരുന്നു. അന്ന് സദസ്സിലുണ്ടായിരുന്ന എല്ലാവരും ദുൽഖൽ സൽമാന്റെ ലുക്ക് കാണാൻ വന്നവർ മാത്രമാണ്. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ലുക്ക് കണ്ട് അമ്പരന്നവരിൽ ഞാനുമുണ്ട്.


LATEST VIDEOS

Interviews