56 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമര്‍ അജിത് വിനായക ഫിലിംസ് ചിത്രം സര്‍ക്കീട്ട്
തലവന്‍, കിഷ്കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ്, രേഖാചിത്രം തുടങ്ങി ഹാട്രിക്കിന് ശേഷം ആസിഫ് അലി നായകനായി എത്തിയ ചിത്രമായിരുന്നു താമര്‍ സംവിധാനം ചെയ്ത സര്‍ക്കീട്ട്. ഇപ്പോളിതാ ചിത്രം ഒ.ടി.ടിയിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആമീര്‍ എന്ന കഥാപാത്രത്തിലേക്ക് ആസിഫ് അലി അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നെന്ന് താമര്‍ പറയുന്നു. തന്‍റെ സര്‍ക്കീട്ട് വിശേഷങ്ങള്‍ താമര്‍ പങ്കുവയ്ക്കുന്നു.

ആമിറിലേക്ക് ആസിഫ് അലി എത്തിയത്?
സോണി ലിവ്വില്‍ എന്‍റെ ആദ്യ സംവിധാനചിത്രം ആയിരത്തിയൊന്ന് നുണകള്‍ എന്ന ചിത്രം കണ്ട ആസിക്ക(ആസിഫ് അലി) എന്നെ ഇങ്ങോട്ട് വിളിച്ച്, നമുക്ക് ഒരു സിനിമ ചെയ്യാമെന്ന് പറയുകയായിരുന്നു. സര്‍ക്കീട്ടിന്‍റെ കഥ പറഞ്ഞതും ആസിക്കയ്ക്ക് കണക്ട് ചെയ്തു. പിന്നീടുള്ള പ്രോസസ്സ് എല്ലാം പെട്ടെന്നായിരുന്നു. മെച്ചപ്പെട്ട ജീവിതത്തിനായി ഗള്‍ഫിലേക്ക് ചേക്കേറുകയും എന്നാല്‍ വിസിറ്റിംഗ് വിസ തീരാറാവുമ്പോഴും ജോലിയൊന്നും കണ്ടെത്താന്‍ കഴിയാതെ തൊഴിലില്ലായ്മയുടെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍, അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് ജപ്പു എന്ന കുട്ടി കയറിവരുകയുമാണ്. പിന്നീട് ഇവരൊന്നിച്ചുള്ള യാത്രയാണ് സര്‍ക്കീട്ടില്‍ പറഞ്ഞുവയ്ക്കുന്നത്. ഇതൊരു കുട്ടികളുടെ സിനിമ മാത്രമല്ല, വളരെ ഗൗരവമായ ഒരുപാട് തലങ്ങളിലേക്ക് സിനിമ കൊണ്ടുപോകും. കണ്ണും മനസ്സും നിറയ്ക്കുന്ന വൈകാരിക രംഗങ്ങള്‍ സിനിമയിലുണ്ട്. ആസിക്കയ്ക്ക് മലയാളികള്‍ക്ക് ഇടയില്‍ അവരുടെ സ്വന്തം ഒരാളാണെന്ന് ഒരു ഇമേജുണ്ട്. അതുകൊണ്ടുതന്നെ ആമിറായി പ്രേക്ഷകര്‍ക്ക് കൂടുതല്‍ കണ്‍വിന്‍സ് ചെയ്യാനും സാധിക്കും.
മലയാളത്തിലെ 'താരെ സമീര്‍പര്‍'?
നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍, താരെ സമീര്‍പര്‍ ഇഷ്ടപ്പെട്ട സിനിമയാണ്. ഇത് ജപ്പുവിന്‍റെയും ആമി റിന്‍റെയും ജപ്പുവിന്‍റെ മാതാപിതാക്കളുടെയും കഥയാണ്. എന്നാല്‍, ഇത് കുട്ടികളുടെ മാത്രം സിനിമയല്ല. മാതാപിതാക്കളുടേത് കൂടിയാണ്. അവരും നിര്‍ബന്ധമായി ഇത് കണ്ടിരിക്കണം. ഒരു സിനിമ എന്നതിലുപരി ഇതില്‍ പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയം ഒരുപാട് പേരിലേക്ക് എത്തണമെന്ന് ഞങ്ങളുടെ ടീമിനും നിര്‍ബന്ധമുണ്ട്.

പൂര്‍ണ്ണമായി യു.എ.യിലായിരുന്നോ ചിത്രീകരണം?
യെസ്. പൂര്‍ണ്ണമായും യു.എയില്‍ ചിത്രീകരിച്ച സിനിമയാണിത്. ഫുജൈറ, റാസല്‍ ഖൈമ, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഷൂട്ട് ചെയ്തു. യു.എ.യില്‍ നടക്കുന്ന ഒരു കഥയാണ് സര്‍ക്കീട്ട്.
ഇതിന്‍റെ അണിയറയില്‍?
കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തില്‍ ചെയ്യുന്ന പ്രോജക്ടായിരുന്നു സര്‍ക്കീട്ട്. അദ്ദേഹത്തിന്‍റെ ശ്രദ്ധിക്കപ്പെടുന്ന വര്‍ക്കായിരിക്കും സര്‍ക്കീട്ടിലേത് എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുശേഷം സംഗീത് പ്രതാപ് ആദ്യമായി എഡിറ്റ് ചെയ്ത സിനിമയാണ് സര്‍ക്കീട്ട്. കാനില്‍ സ്വീകാര്യത കിട്ടിയ 'ആള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിനുശേഷം ദിവ്യപ്രഭ ആദ്യമായി അഭിനയിക്കുന്ന ചിത്രവും സര്‍ക്കീട്ടാണ്. ജപ്പുവിന്‍റെ അമ്മ വേഷമാണ് ദിവ്യ അവതരിപ്പിക്കുന്നത്. ദീപക്ക് പറമ്പോളാണ് ജപ്പുവിന്‍റെ അച്ഛന്‍ വേഷം ചെയ്യുന്നത.് ദീപക്കിന്‍റെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു സര്‍ക്കീട്ടിലേത്.

ആസിഫ് എന്ന ആര്‍ട്ടിസ്റ്റിനെക്കുറിച്ച്?
സര്‍ക്കീട്ട് യു.എ.യില്‍ ചെയ്യുന്നത് നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരുന്നു. സിനിമയിലെ മേജര്‍ ഭാഗം പുറത്ത് ഔട്ട്ഡോറായിരുന്നു. ഏഴ് ഡിഗ്രിയായിരിക്കും പുലര്‍ച്ചയൊക്കെ. എങ്കിലും ആസിക്ക ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന ഭാവമൊന്നുമില്ലാതെ ഒരു ദിവസം പോലും തടസം പറയാതെ സന്തോഷമായി വര്‍ക്ക് തീര്‍ക്കാന്‍ സഹകരിച്ച ഒരാളാണ്. കഥാപാത്രത്തിന് ഞാന്‍ പറയുന്നതിന് പുറമെ അതിന് മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന്‍റെ കോണ്‍ട്രിബ്യൂഷന്‍ പറയാതിരിക്കാന്‍ കഴിയില്ല.

സര്‍ക്കീട്ട് എന്ന ടൈറ്റിലേക്ക് വന്നത്?
നാട്ടുമ്പുറങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സര്‍ക്കീട്ട്. ഈ സിനിമയിലേക്ക് വരുമ്പോള്‍ അത് നമുക്ക് രണ്ടുതരത്തില്‍ ഉപയോഗിക്കാം. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടുവന്ന്, ജോലിയൊന്നും കിട്ടാതെയുള്ള ആമിറിന്‍റെ അലച്ചിലിനെ വേണമെങ്കില്‍ നമുക്ക് ഈ ടൈറ്റിലിനോട് ഉപമിച്ചുപറയാം. അല്ലാതെ സന്തോഷം തരുന്ന ഒരു കറങ്ങിനടക്കലിനെയും നമുക്ക് പറയാം. ജപ്പുവും ആമിറുമൊത്തുള്ള രസകരമായ ഒരു സര്‍ക്കീട്ടെ ന്നും നമുക്ക് പറയാം.
ചെയ്ത സിനിമകളിലെല്ലാം വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു?
വെറുതെ ഒരു സിനിമ ചെയ്തുവയ്ക്കുക എന്നതിലുപരി പറയുന്ന സിനിമകളില്‍ കൃത്യമായ ഒരു കാര്യം സംസാരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ആദ്യസിനിമയാണെങ്കിലും ക്രിട്ടിക്കലി ശ്രദ്ധേയമായ സിനിമയായിരുന്നു. അല്ലാത്ത കൊമേഴ്സ്യല്‍ കണ്ടന്‍റ് സിനിമകളും ചെയ്യും.

ഫെമിനിച്ചി ഫാത്തിമയുടെ നിര്‍മ്മാതാവ്?
ഫെമിനിച്ചിയുടെ ഫാത്തിമ എഴുതി സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് എന്‍റെ ആയിരത്തൊന്ന് നുണകളുടെയും സര്‍ക്കീട്ടിന്‍റെയും സ്പോട്ട് എഡിറ്ററാണ്. ഫാസില്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായി. അതുകൊണ്ട് അവര്‍ക്ക് സപ്പോര്‍ട്ടായി, പ്രൊഡ്യൂസറായി കൂടെ നില്‍ക്കുകയാണ് ചെയ്തത്. സംസ്ഥാനസര്‍ക്കാര്‍ തലത്തിലും ചിത്രം മികച്ച അംഗീകാരങ്ങള്‍ വാരിക്കൂട്ടിയല്ലോ? ഡോള്‍ബി ദിനേശനാണ് ഇനി നെക്സ്റ്റ് പ്രോജക്ട്.