പ്രേം നസീര്‍, ജയന്‍, സോമന്‍... തുടങ്ങിയ പ്രമുഖ നടന്മാര്‍ മലയാളസിനിമയില്‍ നായകസ്ഥാനത്ത് ശോഭിച്ചുനിന്ന കാലഘട്ടം മുതല്‍ മലയാളസിനിമയില്‍ നായികസ്ഥാനത്ത് രംഗത്തുണ്ടായിരുന്ന നടിയാണ് റീന. അക്കാലഘട്ടത്തില്‍തന്നെ കൊച്ചിയില്‍ നിന്നും മദ്രാസിലേയ്ക്ക് ചേക്കേറിയ റീന കുറെയധികം മലയാള സിനിമകളില്‍ അഭിനയിക്കുകയും സമീപകാലത്തായി കുറെ സീരിയലുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ മദ്രാസില്‍ സിനിമാമോഹവുമായി എത്തിയവരുടെ ഒരു കൂട്ടായ്മ ഈയിടെ എറണാകുളത്തുവച്ച് നടത്തുകയുണ്ടായി. ആ സൗഹൃദക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ മദ്രാസില്‍ നിന്നും നടി റീനയും എറണാകുളത്തെത്തി.
കോവിഡ് കാലം കഴിഞ്ഞതില്‍പിന്നെ നേരാംവണ്ണം ഒരു സിനിമയിലോ സീരിയലിലോ അഭിനയിച്ചിട്ടില്ല. മൂന്ന് വര്‍ഷങ്ങളെങ്കിലും മുന്‍പാണ് തിരുവനന്തപുരത്ത് സ്ഥിരമായി ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ആ വര്‍ക്ക് കഴിഞ്ഞതോടെ മദ്രാസില്‍ തന്നെയായി സ്ഥിരം. ഇതിനിടയില്‍ മമ്മിയുടെ മരണം നടന്നു. അതെല്ലാം വലിയ ആഘാതമായിരുന്നു എനിക്ക് നല്‍കിയത്- റീന പറഞ്ഞു.
മമ്മി പ്രൊഡ്യൂസര്‍ ആയിരുന്നില്ലേ?
അതെ. ഞങ്ങള്‍ മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടല്ലോ. ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ചത് 'ജനപ്രിയന്‍' ആയിരുന്നു. ജയസൂര്യ നായകനാകുകയും ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം. പണ്ട് ജയന്‍ ചേട്ടനും മമ്മിയും നല്ല ഫ്രണ്ട്സായിരുന്നു. ജയന്‍ ചേട്ടനെവച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ജയന്‍ ചേട്ടന്‍ ആ സിനിമയ്ക്കുവേണ്ടി വലിയ താല്‍പ്പര്യം കാണിച്ചിരുന്നതുമാണ്. ആ പ്രോജക്ട് തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ജയന്‍ ചേട്ടന്‍റെ ആകസ്മിക മരണം സംഭവിച്ചത്. അത് ഞങ്ങളുടെ കുടുംബത്തില്‍ തന്നെ വല്ലാത്ത വേദനകളാണ് സമ്മാനിച്ചത്.
അടുത്തെങ്ങാനും പുതിയ സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ...?
ഹേയ് ഇല്ല. സിനിമ മൊത്തം മാറിപ്പോയില്ലെ. ഇപ്പോഴത്തെ സിനിമാക്കാര്‍ക്ക് എന്നെയും അറിയില്ല. പുതിയ സിനിമാക്കാരെ എനിക്കും അറിയില്ല. ആരെങ്കിലും അഭിനയിക്കാന്‍ വിളിച്ചാല്‍ പോകും. പക്ഷേ, ഈ പറഞ്ഞതുപോലെ പരസ്പരം ആര്‍ക്കും ആരെയും അറിയില്ലല്ലോ. പിന്നെ പണ്ടത്തെപ്പോലെ ഇന്ന് മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യവും ഇല്ല.
80 മദ്രാസ് മെയില്‍ എന്ന ഈ പ്രോഗ്രാമിനെക്കുറിച്ച് എന്തുപറയുന്നു?
നല്ല പ്രോഗ്രാം. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടത്തിയപ്പോള്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇത്തവണ എറണാകുളത്തുവച്ചാണ് മദ്രാസ് മെയില്‍ എന്ന പ്രോഗ്രാം നടക്കുന്നതെന്ന കാര്യം ഭാഗ്യലക്ഷ്മി വളരെ നേരത്തെ തന്നെ വിളിച്ചുപറഞ്ഞിരുന്നു. 'മദ്രാസ് മെയില്‍' പ്രോഗ്രാം വന്നപ്പോഴേക്കും എല്ലാവരെയും ചേര്‍ത്തുകൊണ്ട് ഭാഗ്യലക്ഷ്മി ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പും ഓപ്പണ്‍ ചെയ്തു. അതോടെ പലരുടെയും നമ്പര്‍ കിട്ടി. നിര്‍മ്മാതാക്കളും നടന്മാരും നടികളും ഒക്കെയായി ഒരു പകല്‍ നേരത്തെ സൗഹൃദം പങ്കുവയ്ക്കാന്‍ കഴിഞ്ഞു.
ഇവരില്‍ ആരെങ്കിലുമൊക്കെ പുതിയ സിനിമയെടുത്താല്‍ ഒരുപക്ഷേ, റീനയെ ഓര്‍മ്മിച്ച് വിളിച്ചേക്കും?
അഭിനയമല്ലേ തൊഴില്‍. ചെന്നൈയിലിപ്പോള്‍ ഞാന്‍ 'സീ തമിഴി'നുവേണ്ടി ഒരു മെഗാസീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സീരിയലിന്‍റെ പേര് 'കന.' അവരുടെ ഡേറ്റ്സുമായി ക്ലാഷ് വരരുതെന്നെയുള്ളൂ.
മലയാളം സീരിയലുകള്‍ ഏതെങ്കിലും?
ഏഷ്യാനെറ്റിന്‍റെ പുതിയ ഒരു സീരിയലിലേക്ക് വിളിച്ചിട്ടുണ്ട്. ഒരു ദിവസത്തെ ഷൂട്ട് മാത്രം തിരുവനന്തപുരത്തുവച്ച് നടക്കുകയും ചെയ്തു. ഇനി പൈലറ്റ് എപ്പിസോഡിനുവേണ്ടി ഉടനെ തിരുവനന്തപുരത്തിന് പോകണം. ഡയറക്ടറും ആക്ടേഴ്സും എല്ലാം പുതിയവരാണ്.
'ശരി... അപ്പോള്‍ ഇനി തിരുവനന്തപുരത്ത് സീരിയലിന്‍റെ സെറ്റില്‍ കാണാം.'
'ഓകെ.... കാണാം....'