NEWS

സിനിമ എനിക്ക് ജീവവായു ഫെമിന ജോർജ്ജ്

News

പ്രതിഭയുള്ള അഭിനേത്രിയാണ്. ചലിക്കുന്ന ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയാൻ ഫെമിനിക്ക് നിമിഷങ്ങൾ മതി. മിന്നൽ മുരളിയെന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഫെമിന ജോർജ്ജ് സിനിമയെന്ന മാധ്യമത്തെ ജീവവായു പോലെ പ്രണയിക്കുന്നു. ഫെമിന അഭിനയിച്ച മിന്നൽ മുരളിയെന്ന ഒരൊറ്റ ചിത്രം മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഇപ്പോൾ അഭിനയസാധ്യതയുള്ള നല്ല കഥാപാത്രങ്ങളാണ് ഫെമിനയെ തേടിയെത്തുന്നത്.

കഥ പറയാൻ നിരവധി പേർ ഫെമിനയുടെ മുന്നിൽ എത്താറുണ്ടെങ്കിലും സെലക്ടീവായ കഥാപാത്രങ്ങളെ സ്വീകരിക്കാനാണ് ഫെമിനയുടെ തീരുമാനം. ഒറ്റപ്പാലത്ത് ചിത്രീകരണം നടന്ന ഗരുഡ കൽപ്പ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഫെമിന ജോർജ്ജിനെ കണ്ടത്. അഭിനയശാഖയിൽ പുതുമയുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന ഫെമിന ജോർജ്ജ് സംസാരിക്കുകയാണ്.

ഫെമിന ജോർജ്ജിന്റെ കലാപരമായ പശ്ചാത്തലത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

അച്ഛൻ കെ.വി. വർക്കി ബിസിനസ്സുകാരനാണ്. അമ്മ റജിന. സഹോദരൻ ഫെബിൻ ജോർജ്ജ്. സ്‌ക്കൂൾ കോളേജ് പഠനകാലത്ത് കലാപരമായ താൽപ്പര്യമൊക്കെ ഉണ്ടായിരുന്നു. ഡ്രാമയിലും സജീവമായിരുന്നു. എറണാകുളം സെന്റ് തോമസ് കോളേജിൽ നിന്നും എം.കോം പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് മിന്നൽ മുരളിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

ബിജി പ്രേക്ഷകർക്കിടയിൽ ക്ലിക്കായി മാറുകയായിരുന്നല്ലോ...?

ആദ്യചിത്രത്തിലെ കഥാപാത്രമായ ബ്രൂസ്‌ലി ബിജിയെ പ്രേക്ഷകർ ഇന്നും മറന്നിട്ടില്ലെന്നറിയുമ്പോൾ വളരെയധികം സന്തോഷമുണ്ട്. മിന്നൽ മുരളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തടി കുറയ്‌ക്കേണ്ടി വന്നു. മാത്രമല്ല കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി കരാട്ടെയും കിക്ക് ബോക്‌സിംഗും പഠിച്ചു.ഇതോടെ ബോഡി കൂടുതൽ ഫ്‌ളക്‌സിബിളായി. മിന്നൽ മുരളിയിൽ ജോയിൻ ചെയ്യുമ്പോൾ ആദ്യമായി എത്തുകയായിരുന്നല്ലോ. ചിത്രത്തിലെ നായകനായിരുന്ന ടൊവിനോയുടെ സപ്പോർട്ട് പ്രധാനമായിരുന്നു. ഡയലോഗ് പ്രസന്റേഷനൊക്കെ കൃത്യമായി പറഞ്ഞുതന്നിരുന്നു.

പഠനകാലത്ത് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നോ?

തീർച്ചയായും. സിനിമയിൽ അഭിനയിക്കാൻ ചെറുപ്പം മുതൽക്കേ ആഗ്രഹമുണ്ടായിരുന്നു. അഭിനയം കാണുമ്പോൾ ആരാധന തോന്നിയിട്ടുണ്ട്. ഞാൻ കണ്ട സിനിമകളിലെ ചില ഡയലോഗുകൾ വീടിനകത്തിരുന്ന് കണ്ണാടിയുടെ മുന്നിൽ നിന്നുപറഞ്ഞ് ആരും കാണാതെ അഭിനയിക്കുമായിരുന്നു. ശോഭനചേച്ചിയുടെ അഭിനയം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, അന്ന്, സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെന്ന് വീട്ടുകാരോട് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഫെമിനയുടെ പുതിയ ചിത്രമായ ഗരുഡ കൽപ്പയിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

ഗരുഡ കൽപ്പയിൽ ബൈബിൾ ലീലാമ്മയെന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. സംവിധായകൻ കഥ പറഞ്ഞുതരുമ്പോൾ തന്നെ ഞാൻ ബൈബിൾ ലീലാമ്മയുടെ മാനസികാവസ്ഥയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ബൈബിൾ ലീലാമ്മ ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രമാണ്. എല്ലാ സമയത്തും ബൈബിൾ വാക്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ബൈബിൾ ലീലാമ്മയുടെ നടത്തത്തിലും, നോട്ടത്തിലും, ഭാവത്തിലും, സംസാരരീതിയിലുമൊക്കെ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു.

ഫെമിനയുടെ മറ്റ് വിശേഷങ്ങളെക്കുറിച്ച് സൂചിപ്പിക്കാമോ?

തീപ്പൊരി ബെന്നി, ശേഷം മൈക്കിൾ ഫാത്തിമ. തീപ്പൊരി ബെന്നിയിൽ പാർട്ടി മെമ്പറായ പൊന്നിലയെന്ന കഥാപാത്രമാണ്. മിന്നൽ മുരളിയിൽ നിന്നും വളരെയേറെ വേറിട്ട് നിൽക്കുന്ന കഥാപാത്രം.

മിന്നൽ മുരളിക്ക് ശേഷം വന്ന ഓഫറുകൾ സ്വീകരിക്കാൻ തയ്യാറാവാത്തത് എന്തുകൊണ്ടായിരുന്നു. സെലക്ടീവാണോ...?

അതെ, ഒരുപാട് കഥകൾ കേട്ടിരുന്നു. നല്ല കഥാപാത്രമാണെങ്കിൽ മാത്രം ഡേറ്റ് നൽകിയാൽ മതിയെന്നാണ് തീരുമാനം. മിന്നൽ മുരളിയെന്ന ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളതെങ്കിലും ഞാൻ സെലക്ടീവാണ്. വ്യത്യസ്തതയുള്ള നല്ല കഥകൾക്കും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾക്കും വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.

എം.എസ്. ദാസ്.

മാട്ടുമന്ത


LATEST VIDEOS

Top News