NEWS

ചലച്ചിത്ര നിര്‍ണ്ണയം ഒരിക്കലും സത്യസന്ധമല്ല -നേമം പുഷ്പരാജ്

News

സിനിമയെന്ന മാധ്യമത്തെ ഗൗരവത്തോടെ സമീപിക്കുന്ന നേമം പുഷ്പരാജ് ചിത്രകലയുടെ മാസ്മരികത നിറഞ്ഞ ക്യാന്‍വാസില്‍ വിജയമുദ്ര പതിപ്പിച്ച ചെയര്‍മാനായിരിക്കുമ്പോഴും, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയക്കമ്മിറ്റിയില്‍ അംഗമായിരിക്കുമ്പോഴും പറഞ്ഞ കാര്യമാത്രപ്രസക്തമായ പല അഭിപ്രായങ്ങളും കേരളീയ സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമാവാതെ വിപുലമായൊരു സൗഹൃദവലയം നിലനിര്‍ത്തുമ്പോഴും നേമം പുഷ്പരാജ് വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്.

താങ്കള്‍ സിനിമയിലെത്തിയിട്ട് 37 വര്‍ഷം പിന്നിടുന്നു. കടന്നുവന്ന വഴികളെക്കുറിച്ച് എന്ത് തോന്നുന്നു...?

നിറഞ്ഞ സംതൃപ്തിയാണുള്ളത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്കോടെയാണ് പാസ്സായത്. സിനിമയിലെത്തുക ഒരിക്കലും ആഗ്രഹമായിരുന്നില്ല. 1987 ല്‍ പി.എ. ബക്കറിന്‍റെ സഖാവ് എന്ന ചിത്രത്തില്‍ വളരെ യാദൃച്ഛികമായാണ് കലാസംവിധായകനായത്. കലാസംവിധാനം നിര്‍ത്തി തിരികെ സാംസ്ക്കാരിക വകുപ്പിലെ ജോലിയില്‍ പ്രവേശിച്ച സന്ദര്‍ഭത്തില്‍  ജയരാജിന്‍റെ നിര്‍ബന്ധത്താല്‍ തിളക്കവും ദിലീപിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ചാന്ത്പൊട്ടും കലാസംവിധാനം നിര്‍വ്വഹിച്ചു.

ഒരുപാട് നല്ല സിനിമകളില്‍ കലാസംവിധാനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എങ്കിലും, സിനിമ സംവിധാനം ചെയ്യുകയെന്നത് ഒരാഗ്രഹമായിരുന്നു. അങ്ങനെയാണ് ഗൗരീശങ്കരത്തിലൂടെ സംവിധായകനായത്. സംവിധായകനെന്ന നിലയില്‍ നല്ല ആത്മവിശ്വാസം പകര്‍ന്ന ചിത്രമായിരുന്നു ഗൗരിശങ്കരം. തുടര്‍ന്നാണ് ബനാറസ്, കുക്കിലിയാര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത്. ലെനിന്‍ രാജേന്ദ്രന്‍റെ ക്രോസ് റോഡ് എന്ന ചലച്ചിത്ര പരമ്പരയില്‍ കാവല്‍ എന്ന ചെറുസിനിമ സംവിധാനം ചെയ്യാനും കഴിഞ്ഞു. പുതിയ ചിത്രമായ രണ്ടാം യാമത്തെക്കുറിച്ചും നല്ല പ്രതീക്ഷയുണ്ട്.

മലയാള സിനിമയിലെ പുതിയ സംവിധായകരെക്കുറിച്ച് താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്...?

പുതിയ സംവിധായകര്‍ ഏറെ പ്രതീക്ഷ നല്‍കുന്നവരാണ്. ഓരോരുത്തരും സിനിമയെന്ന മാധ്യമത്തെ ഗൗരവത്തോടെ സമീപിക്കുന്ന പ്രതിഭയുള്ള ചെറുപ്പക്കാരാണ്. പരമ്പരാഗതമായ വഴിയില്‍ നിന്നും മാറി കാലത്തിന്‍റെ പരിവര്‍ത്തനത്തിനനുസരിച്ച് സിനിമയെ നവീകരിക്കാന്‍ പുതിയ സംവിധായകര്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നത് ഏറെ ശ്ലാഘനീയമായ കാര്യമാണ്.  സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പുതിയ ചെറുപ്പക്കാര്‍ക്ക് തുറന്ന ആകാശവും, തുറന്ന ഭൂമിയുമുണ്ട്. ലോക സിനിമ ഇന്ന് അവരുടെ കൈക്കുള്ളിലാണ്. പഴയ ചലച്ചിത്രകാരന്മാരെപ്പോലെ ഭാഷ അവര്‍ക്കൊരു തടസ്സമല്ല.

കേരള ലളിതകലാഅക്കാദമിയുടെ ചെയര്‍മാനായ ഘട്ടത്തില്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നതില്‍ നിരാശ തോന്നിയിരുന്നോ...?

2015 മുതല്‍ 2021 വരെയാണ് ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ഒരിക്കലും നിരാശ തോന്നിയിരുന്നില്ല. കാരണം, ചെയര്‍മാനായിരുന്ന ഘട്ടത്തില്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

മലയാളസിനിമയില്‍ എല്ലാക്കാലത്തും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഏറെ പരാതികള്‍ ഉണ്ടാവുമല്ലോ. വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറി അംഗവും ചെയര്‍മാനും എന്ന നിലയിലും പ്രവര്‍ത്തിച്ച ആള്‍ എന്ന നിലയില്‍ അവാര്‍ഡ് നിര്‍ണ്ണയ രീതിയില്‍ മാറ്റം വേണമെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ...?

ഏത് അവാര്‍ഡ് നിര്‍ണ്ണയവും ഒരു കാലത്തും നൂറ് ശതമാനവും സത്യസന്ധമായി കൊള്ളണമെന്നില്ല. സ്വാഭാവികമായും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഓരോ ജഡ്ജസിന്‍റേയും വ്യക്തിത്വമാണ് ആ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാകണമോ സത്യസന്ധത പാലിക്കണമോ എന്നത്. ചിലര്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ വരാറുണ്ട്. ഭൂരിപക്ഷം നീതിബോധമുള്ളവരാണെങ്കില്‍ ഈ സ്വാര്‍ത്ഥരുടെ താല്‍പ്പര്യം നടപ്പിലാക്കാനാവാതെ പോകും. മറിച്ചാണെങ്കില്‍ അവാര്‍ഡിന്‍റെ ശോഭ കെടും.

ബുദ്ധദേബ്ദാസ് ഗുപ്ത ചെയര്‍മാനായിരുന്ന കാലത്താണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറിയില്‍ ഞാന്‍ ആദ്യമായി അംഗമാവുന്നത്. പിന്നീട്, ഗൗതം ഘോഷ് ചെയര്‍മാനായിരുന്ന കാലത്തും അംഗമായിരുന്നു. ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. അപ്പോഴൊക്കെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമായിട്ടാണ് നടന്നത്. അക്കാദമി ചെയര്‍മാന്മാരാരും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുമില്ല. അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

വര്‍ത്തമാനകാല സാഹചര്യത്തില്‍ കേരളത്തിന്‍റെ സാംസ്ക്കാരിക മേഖല അപചയം നേരിടുകയാണോ...?

കേരളത്തിലെ സാംസ്ക്കാരികരംഗത്ത് പൊതുവില്‍ പൊയ്മുഖങ്ങളുടെ കടന്നുകയറ്റമുണ്ട്. കാര്യം കാണാന്‍ വേഷം കെട്ടുന്ന കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും എല്ലായിടത്തും കാണാന്‍ പറ്റും. ബോള്‍ഡായി ആരും അഭിപ്രായം പറയുന്നില്ല. എനിക്കെന്ത് കിട്ടും എന്നതാണ് നോട്ടം. ഇപ്പോഴത്തെ കാലത്ത് സുകുമാര്‍ അഴീക്കോടിനെപ്പോലെ, എം.എന്‍. വിജയനെപ്പോലെ കാര്യങ്ങള്‍ പറയാന്‍ ഒരാളില്ലാത്തത് സാംസ്ക്കാരിക കേരളത്തിന്‍റെ ഗതികേടാണ്.

എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: ജയപ്രകാശ് അതളൂര്‍


LATEST VIDEOS

Interviews