കൊല്ലം: സിനിമ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ കെ രവീന്ദ്രൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. മലയാളസിനിമയെ ലോക പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവായിരുന്നു രവീന്ദ്രൻ നായർ. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
1957-ൽ വിജയലക്ഷ്മി കാഷ്യൂ എന്നപേരിൽ കശുവണ്ടി കയറ്റുമതിരംഗത്തെത്തിയ അച്ചാണി രവി, ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നവതി ആഘോഷിച്ചത്. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാൻ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുമുണ്ട്. ജനറൽ പിക്ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്നു.1967-ൽ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചത്.
ഭാര്യ: ഉഷ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ എന്നിവരാണ് മക്കൾ. മരുമക്കൾ: രാജശ്രീ, സതീഷ്‌നായർ, പ്രിയ.