ഇത് ഡിജിറ്റൽ യുഗമാണല്ലോ? ഇപ്പോൾ ഡിജിറ്റൽ പ്രൊജക്ടറുകൾ വഴി മാത്രമാണ് തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നത് പ്രിൻ്റ് എന്നറിയപ്പെടുന്ന ഫിലിം റോളുകൾ വഴിയായിരുന്നു. പിന്നീട് കാലക്രമേണ ഡിജിറ്റൽ പ്രൊജക്ഷനിലേക്ക് മാറുകയാണുണ്ടായത്. പ്രിൻ്റുകൾ പ്രദർശിപ്പിച്ച പല പ്രൊജക്ടറുകളും ഇപ്പോൾ കാഴ്ച വസ്തുക്കളായി. എന്നാൽ ചില തിയേറ്ററുകളിൽ, പ്രിൻ്റ് പ്രൊജക്‌ടറുകൾ അതേ പ്രൊജക്ഷൻ ക്യാബിനിനുള്ളിൽ സൂക്ഷിച്ചു വരികയും ചെയ്യുന്നുണ്ട്.
മുൻപ് പ്രിന്റ് ഫോർമാറ്റിൽ റിലീസ് ചെയ്‌ത ചില സൂപ്പർഹിറ്റ് സിനിമകൾ വീണ്ടും ഡിജിറ്റലായി പരിവർത്തനം ചെയ്തു റിലീസായിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഡിജിറ്റലിലേക്ക് പരിവർത്തനം ചെയ്യപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളുണ്ട്. എത്ര ഡിജിറ്റൽ വന്നാലും പഴയ ഫോർമുലകളുടെ മഹത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന തരത്തിൽ പ്രിൻ്റ് പ്രൊജക്ടറുകൾ വഴി ചില പഴയ ചിത്രങ്ങൾ അതേ പ്രിൻ്റിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വരികയാണ് ചെന്നൈയിലുള്ള ചില തിയേറ്ററുകൾ. .
ചെന്നൈയിലെ പ്രശസ്തമായ തിയേറ്ററുകളിൽ ഒന്നായ കമലാ തിയേറ്ററിൽ വിജയ്‌യും, ശാലിനിയും ഒന്നിച്ചഭിനയിച്ച് 1997-ൽ റിലീസായി സൂപ്പർഹിറ്റായ 'കാതലുക്ക് മരിയാതൈ' (മലയാള അനിയത്തി പ്രാവിന്റെ റീമേക്ക്) അടുത്ത ആഴ്ച, അതായത് ഫെബ്രുവരി 23-ന് പ്രദർശിപ്പിക്കാനിരിക്കുകയാണ്. ഇതോടൊപ്പം 1999-ൽ റിലീസായി സൂപ്പർഹിറ്റ് ചിത്രമായ അജിത്തും, സിമ്രാനും ഒന്നിച്ച ‘വാലി’യും അതേ ദിവസം പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സിനിമകൾക്കും കൂടി 69 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇതുപോലെ ചെന്നൈയിലെ മറ്റൊരു തിയേറ്ററായ ജി.കെ.സിനിമാസും ഇതുപോലെ സിനിമകൾ പ്രദർശിപ്പിക്കാനിരിക്കുകയാണ്. ഇതിന് കാരണമായി അവർ പറയുന്നത്, 'പഴയ സിനിമകൾക്ക് എപ്പോഴും വിപണിയുണ്ട്, അവയ്‌ക്കുള്ള ആരാധകരും ഉണ്ട്' എന്നാണ്.
ചെന്നൈയിൽ നക്കുന്ന ഈ മാറ്റം സംസ്ഥാനത്തുടനീളവും, മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കുകയാണെകിൽ ബിഗ് സ്‌ക്രീൻ തിയറ്ററുകളിൽ പഴയ ചിത്രങ്ങൾ വീണ്ടും കാണാനുള്ള അവസരമുണ്ടാകും.