അറ്റ്‌ലി അടുത്ത് വിജയ്-യിനെയോ, ഷാരൂഖ്ഖാനേയോ നായകനാക്കിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന വാർത്തകൾ പുറത്തുവന്നിരുന്നു
അറ്റ്‌ലി അവസാനമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'ജവാൻ' ലോകമെമ്പാടും 1000 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഹിറ്റ് ചിത്രങ്ങൾ നൽകിവരുന്ന അറ്റ്ലിക്ക് ഇപ്പോൾ ഒരു ചിത്രം സംവിധാനം ചെയ്യാൻ 50 കോടി വരെ ശമ്പളമായി നൽകാൻ നിർമ്മാണ കമ്പനികൾ തയ്യാറാണെന്നാണ് റിപ്പോർട്ട്. അറ്റ്‌ലി അടുത്ത് വിജയ്-യിനെയോ, ഷാരൂഖ്ഖാനേയോ നായകനാക്കിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറ്റ്‌ലി അടുത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനാണത്രെ നായകനാകുന്നത്. ഇതിന് പ്രധാനകാരണം തമിഴിലും ഹിന്ദിയിലും ഹിറ്റ് ചിത്രങ്ങൾ നൽകിയ അറ്റ്ലിക്ക് തെലുങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്നുള്ളത് കുറെ കാലമായുള്ള ആഗ്രഹമാണത്രെ! ആ ആഗ്രഹം ഈ ചിത്രം മുഖേന നടക്കാനിരിക്കുകയാണ്.
അതേ സമയം ഈ ചിത്രത്തിനും ജവാന് സംഗീതം നൽകിയ അനിരുദ്ധാണ് സംഗീതം നൽകുന്നത് എന്നും പറയപ്പെടുന്നുണ്ട്. അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'പുഷ്പ-2' ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചതും അറ്റ്‌ലി, അല്ലു അർജുൻ, അനിരുദ്ധ് ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.