തമിഴ് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ സംവിധായകനായ ലോഗേഷ് കനകരാജ്ഉം, 'ദളപതി' വിജയ്‍യും ഒന്നിച്ച 'മാസ്റ്റർ' എന്ന ചിത്രം വമ്പൻ വിജയമായിരുന്നല്ലോ? ഈ സിനിമയ്ക്കു ശേഷം വിജയ്യിന്റേതായി പുറത്തുവന്ന 'ബീസ്റ്റ്' പ്രേക്ഷകരുടെയും, നിരൂപകരുടെയും പ്രശംസക്ക് പാത്രമാകുകയുണ്ടായില്ല. എങ്കിലും വിജയ്‌യിന്റേതായി അടുത്ത് പുറത്തു വരാനിരിക്കുന്ന 'വാരിസ്സു' എന്ന ചിത്രം കോളിവുഡിലും, ടോളിവുഡിലും വളരെ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു കാരണം ഈ ചിത്രത്തിൽ വിജയ്‌യിനോടൊപ്പം തെലുങ്കു സിനിമയിലെ പ്രശസ്ത സംവിധായകനായ വംശി പൈടിപ്പള്ളിയും, തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാതാവായ ദിൽ രാജുവുമാണ് കൈ കോർത്തിരിക്കുന്നത്. പൊങ്കലിന് റിലീസാകാനിരിക്കുന്ന ഈ സിനിമയെ തുടർന്ന് വിജയ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്.
ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ ആരാധകരുടെയിടയിലും, കോളിവുഡിലും വളരെയധികം സംസാര വിഷയമായിരിക്കുന്ന ചിത്രമാണ് 'ദളപതി-67'. ഇതിനു കാരണം വിജയ്‍യും ലോഗേഷ് കനകരാജ്ഉം വീണ്ടും ഒന്നിക്കുന്ന ചിത്രം, ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം അണിനിരക്കുന്ന താരനിര തുടങ്ങിയവയാണ്. 'ദളപതി-67'ന്റെ ചിത്രീകരണം ഇന്നലെ (2-1-23) ചെന്നൈയിൽ ആരംഭിച്ചു. എന്നാൽ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിൽ വിജയ് പങ്കെടുക്കുകയുണ്ടായില്ല. ഇന്ന് മുതൽ വിജയ് പങ്കെടുക്കുമത്രേ!
'മാസ്റ്റർ' എന്ന ചിത്രത്തിന് സംഗീതം നൽകിയ അനിരുദ്ധ് തന്നെയാണത്രെ ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, സംവിധായകൻ മിഷ്കിൻ, ഗൗതം മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. അതനുസരിച്ച് ഇപ്പോൾ ചെന്നൈയിൽ നടക്കുന്ന ആദ്യഘട്ട ചിത്രീകരണം പൊങ്കൽ വരെ തുടരും എന്നും, അതിന് ശേഷം കാശ്മീരിലും പിന്നീട് ചെന്നൈ, ഡൽഹി, മുംബൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചിത്രീകരണം നടക്കുമത്രേ! ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും നാല് മാസത്തിനുള്ളിൽ തീർക്കാനാണത്രെ ലോഗേഷ് കനകരാജ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിനു ശേഷം മൂന്ന് മാസ കാലത്തോളം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടത്തി, ചിത്രത്തിനെ ആയുധപൂജക്ക് റിലീസ് ചെയ്യാനാണത്രെ പ്ലാൻ ചെയ്തിരിക്കുന്നത്.