തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ലൈക്ക' പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. അർജുൻ, തൃഷ, റെജീന, ആരവ് എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണവും നടന്നത് വിദേശ രാജ്യമായ അസർബൈജാനിലാണ്. ഇപ്പോൾ ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ്. ഇസ്രയെല്‍–പലസ്തീന്‍ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലും ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതിഗതികൾ മോശമായ സാഹചര്യം കണക്കിലെടുത്താണ് ചിത്രീകരണം നിർത്തി വെച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിനാൽ അർജുൻ, തൃഷ തുടങ്ങിയവർ നൽകിയിരുന്ന കാൾ ഷീറ്റുകൾ തകരാറിലാകുകയും ചെയ്തു. അതേ സമയം ഈ ചിത്രം നിർമ്മിക്കുന്ന ലൈക്ക പ്രൊഡക്ഷൻസിന് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി അതിനാലും ചിത്രത്തിന്റെ ചിത്രീകരണം വൈകുകയാണ് എന്നും ഒരു റിപ്പോർട്ടുണ്ട്.
ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് അജിത്തിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ് അജിത്ത് അടുത്തതായി അഭിനയിക്കുന്നത്. ഇതിൻ്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കാനിരിക്കുകയാണ്.
ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് 'വിടാമുയർച്ചി'യുടെ ബാക്കി ചിത്രീകരണം പൂർത്തിയാക്കാനാണ് അജിത്ത് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് മെയ് മാസത്തിനുള്ളിൽ 'വിടാമുയർച്ചി'യിലെ തന്റെ രംഗങ്ങളുടെ ചിത്രീകരണം മുഴുവനും തീർക്കണം എന്ന കർശന നിർദ്ദേശം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അജിത്ത് നൽകിയിട്ടുണ്ടത്രേ! അതിനാൽ 'വിടാമുയർച്ചി'യുടെ അണിയറപ്രവർത്തകർ അടുത്തഘട്ട ചിത്രീകരണത്തിന് വേണ്ട തയാറെടുപ്പുകൾ വേഗത്തിൽ നടത്തി വരികയാണ് എന്നും, അജിത്ത് നിർദ്ദേശിച്ച തരത്തിൽ മുഴുവൻ ചിത്രീകരണവും മെയ് മാസത്തിനുള്ളിൽ ചെയ്തു തീർക്കാനും പദ്ധതിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.