ഈയടുത്ത കാലത്തിൽ തമിഴ് സിനിമയിലെ ചില മുൻനിര സംവിധായകർ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഗുണനിലവാരത്തിലും, ബോക്സ് ഓഫീസ് കളക്ഷനിലും ആരാധകരെ മാത്രമല്ല സിനിമ സംബന്ധപെട്ട എല്ലാവരെയും വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അതേ സമയം ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ നവാഗത സംവിധായകരുടെ ചില സിനിമകൾ ഗുണനിലവാരമുള്ള ചിത്രങ്ങളായി മാറുകയും, ആ ചിത്രങ്ങൾ ഗണ്യമായ കളക്ഷനും, ലാഭവും നേടുകയും ചെയ്തു.
തമിഴിൽ അറിയപ്പെടുന്ന ചില സംവിധായകരുടെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത് തമിഴ് സിനിമാ ലോകത്തിന് വലിയ തോതിലുള്ള നഷ്ടങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെ കമൽഹാസൻ, സിലംബരശൻ, തൃഷ എന്നിവർ അഭിനയിച്ച് മണിരത്നം സംവിധാനം ചെയ്ത ഈയിടെ റിലീസായ 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ കഴിഞ്ഞ നാല് ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനെക്കുറിച്ചും ചിത്രത്തിന്റെ അവലോകനങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ കോളിവുഡിൽ ഉയർന്നിരിക്കുന്നത്.
ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് വലിയ തരത്തിലുള്ള പ്രമോഷനെല്ലാം നടത്തിയെങ്കിലും ഒരു പാൻ ഇന്ത്യൻ സിനിമയായി പുറത്തുവന്ന 'തഗ് ലൈഫ്' ബോക്സ് ഓഫീസ് കളക്ഷനിൽ കൂപ്പു കുത്തി കീഴെ വീഴുകയാണ് ചെയ്തത്. 500 കോടിയിലധികം കളക്ഷൻ നേടുമെന്ന് പറഞ്ഞിരുന്ന ചിത്രം ഇതുവരെ 150 കോടിയെങ്കിലും കളക്ഷൻ നേടിയിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചിത്രം ആരാധകരുടെ ശ്രദ്ധ നേടാൻ കഴിയാതെ പോയതിൽ കുടുംബത്തോടൊപ്പം കാണാൻ കഴിയാത്ത തരത്തിലുള്ള കഥാതന്തുവാണ് ചിത്രത്തിന്റേത് എന്നുള്ളതാണ്.
മണിരത്നത്തിന്റെ മാത്രമല്ല ഈയിടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത, സൂര്യ നായകനായി പുറത്തുവന്ന 'റെട്രോ', എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത് ഹിന്ദിയിൽ പുറത്തിറങ്ങിയ സൽമാൻഖാൻ ചിത്രമായ 'സിക്കന്ദർ', രാം ചരൺ നായകനായി ശങ്കർ സംവിധാനം ചെയ്ത് തെലുങ്കിൽ പുറത്തിറങ്ങിയ 'ഗെയിം ചേഞ്ചർ', വെട്രിമാരൻ സംവിധാനം ചെയ്ത് വിജയ്സേതുപതി നായകനായി ഈയിടെ പുറത്തിറങ്ങിയ 'വിടുതുലൈ-2', സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത 'ഗംഗ്‌വാ' തുടങ്ങിയ ചില മുൻനിര സംവിധായകരുടെ ചിത്രങ്ങൾ ഇങ്ങിനെ ദുഃഖകരമായ പരാജയത്തിന് ഉദാഹരണങ്ങളായി മാറിയവയാണ്.
ഇങ്ങിനെയുള്ള പരാജയങ്ങളെ തുടർന്ന് ഇനി വമ്പൻ ബഡ്ജറ്റിലുള്ള ചിത്രങ്ങൾ ഒരുക്കുവാൻ നിർമ്മാതാക്കളോ, സംവിധായകരോ മുൻ വരുമോ എന്നുള്ള ആശങ്കയിലും, ദുരിതാവസ്ഥയിലുമാണ് ഇപ്പോൾ കോളിവുഡ്!