വിദേശ രാജ്യങ്ങളിലുള്ള ചില പ്രധാന വിമാനത്താവളങ്ങളിൽ സിനിമ തിയേറ്ററുകൽ പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ട സാഹചര്യം വരുമ്പോൾ ഈ തിയേറ്ററുകൾ ഒരു ആശ്വാസമാണ്. സിനിമകൾ കണ്ടു സമയം ചെലവഴിക്കാം. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വിമാനത്താവളത്തിൽ തിയേറ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതി ആദ്യം മുംബൈയിലും, പിന്നീട് ഡൽഹിയിലുമാണ് ഉണ്ടായിരുന്നത്. എന്നാൽ സ്ഥലപരിമിതി കാരണം അവിടെ തിയേറ്ററുകൾ തുറക്കുകയുണ്ടായില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ആദ്യമായി ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിലാണ് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നത്.
ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിൽ മൾട്ടി ലെവൽ കാർ പാർക്കിങ്, വാണിജ്യ സമുച്ചയം, സിനിമാ തിയേറ്ററുകൾ, ഹോട്ടലുകൾ, കടകൾ എന്നിവയുടെ നിർമാണം 250 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. 2,100 കാറുകൾ ഉൾക്കൊള്ളുന്ന മൾട്ടി ലെവൽ കാർപാർക്കിംഗ് കെട്ടിടം കഴിഞ്ഞ ഡിസംബറിലാണ് ഉപയോഗത്തിൽ വന്നത്. അതിനെ തുടർന്ന് ഇപ്പോൾ അഞ്ച് സ്‌ക്രീനുകളുള്ള സിനിമാശാലയും തുറന്നിട്ടുണ്ട്. പി.വി.ആർ. സിനിമാസാണ് ഈ മൾട്ടിപ്ലക്സ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 1115 സീറ്റുകളുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപെടുത്തിയുള്ള സിനിമാ അനുഭവം ലഭ്യമാക്കുന്ന തരത്തിലാണ് തിയേറ്ററുകൾ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ പി.വി.ആറിന്റെ 12-മത്തെ മൾട്ടിപ്ലെക്‌സാണ് ഇത്. പുതിയതായി നിർമ്മിച്ച ലിങ്ക് ബ്രിഡ്ജ് വഴി വിമാന യാത്രക്കാർക്ക് തിയേറ്ററിലെത്താം, സിനിമകൾ ആസ്വദിച്ചു നേരം ചെലവഴിക്കാം!വിമാന യാത്രക്കാർക്കല്ലാതെ പൊതുജനങ്ങൾക്കും ഇവിടെ വന്നു സിനിമകൾ കാണാം.