ഈ മാസം 29ന് ആരംഭിക്കുന്ന പതിനഞ്ചാമത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏഷ്യൻ, ചിത്രഭാരതി മത്സരവിഭാഗങ്ങളിലേക്ക് നാല് മലയാളചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ വിഭാഗത്തിൽ പുതുമുഖ സംവിധായകൻ ഫാസിൽ റസാഖിന്റെ തടവ് എന്ന ഒരേയൊരു മലയാള ചിത്രം മാത്രമാണ് പ്രദർശനയോഗ്യത നേടിയത്. സമാധാനം, സന്തോഷം, സമ്പത്ത് തുടങ്ങിയവയുടെ അഭാവത്തിൽ, സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ദുരിതജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഗീത എന്ന സ്ത്രീയുടെ കഥയാണ് 'തടവി'ൽ ഫാസിൽ റസാഖ് പറയുന്നത്. ബീന ആർ ചന്ദ്രൻ, പി പി സുബ്രഹ്മണ്യം, എം എൻ അനിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കന്നഡ, തമിഴ്, മലയാളം, ബംഗാളി, ഹിന്ദി, ആസാമിസ്, മറാത്തി, മണിപുരി, ജെയിൻഷ്യ ഭാഷകളിൽ നിന്നുള്ള പന്ത്രണ്ട് ചിത്രങ്ങളാണ് ചിത്രഭാരതി മത്സരവിഭാഗത്തിൽ പ്രദർശന യോഗ്യത നേടിയത്. ചാവേർ, പൂക്കാലം, രാസ്‌ന എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ. ടിനു പാപ്പച്ചൻ സംവിധാനം നിർവ്വഹിച്ച പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചാവേർ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമയാണ് പൂക്കാലം. വിജയ രാഘവൻ നൂറുവയസ്സുള്ള നായകനായി വേഷമിടുന്ന ഈ ചിത്രത്തിൽ കെ പി എ സി ലീലയാണ് അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസൻ, ബാസിൽ ജോസഫ് എന്നിവർ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സംസ്ഥാന അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ ഉൾപ്പെടെ അഞ്ചു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അനീഷ് അൻവറിന്റെ ആറാമത്തെ ചിത്രമാണ് രാസ്ത. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ റബ് അൽ ഖാലി യുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന രാസ്ത യിൽ സർജനോ ഖാലിദ്, അനഘ നാരായണൻ, ടി ജി രവി, സുധീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.