NEWS

അഭിനേത്രിയില്‍നിന്ന് സംവിധായികയിലേക്ക് - സായി കൃഷ്ണ

News

തന്‍റെ ആദ്യ സിനിമ തിയേറ്ററുകളില്‍ എത്തിയ സന്തോഷത്തിലാണ് സംവിധായിക സായി കൃഷ്ണ. ആദ്യദിനം മുതല്‍ ആഴ്ചകള്‍ പിന്നിടുമ്പോഴും സായി കൃഷ്ണ പ്രേക്ഷകര്‍ക്കൊപ്പം തന്‍റെ സിനിമ സീ ഓഫ് ലൗ ഇപ്പോഴും കാണാന്‍ തിയേറ്ററിലെത്തുന്നു. ചെറിയ സിനിമയാണെങ്കിലും ഇനിയും ഒരുപാട് പേരിലേക്ക് എത്തണമെന്നാണ് സായി ആഗ്രഹിക്കുന്നത്.  മലയാള സിനിമയില്‍ ഇന്നുവരെ പറയാത്ത ലെസ്ബിയന്‍ പ്രണയം പറഞ്ഞുവയ്ക്കുന്നുവെന്ന് സംവിധായിക സായി കൃഷ്ണ പറയുന്നു. അഭിനേത്രി കൂടിയായ സായി കൃഷ്ണ ആദ്യമായി സംവിധാനം  ചെയ്യുന്ന ചിത്രം കൂടിയാണ് സീ ഓഫ് ലൗ. തന്‍റെ ആദ്യ സംവിധാനസിനിമയെ ക്കുറിച്ച് സായി കൃഷ്ണ സംസാരിക്കുന്നു...

 

എന്താണ് സീ ഓഫ് ലൗ? 

ഇതിന് മുന്‍പും സിനിമകളില്‍ ലെസ്ബിയന്‍ പ്രണയം പറഞ്ഞിട്ടുണ്ടെങ്കിലും, സീ ഓഫ് ലവില്‍ അതില്‍നിന്ന് വ്യത്യസ്തമായാണ് പ്രണയം പറഞ്ഞിരിക്കുന്നത്. വളരെ യാഥാസ്ഥിതികമായ ഒരു കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ പ്രണയത്തിലാവുന്നു. നാട്ടിന്‍പുറങ്ങളില്‍ മുന്‍പും ഇത്തരത്തിലുള്ള പ്രണയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവിടെ അവര്‍ തിരിച്ചറിയാതെ പോവുകയാണ് ഉണ്ടാവുന്നത്. തിരിച്ചറിഞ്ഞാലും പലരും അത് തുറന്നു പറയാതെയിരുന്നിരുന്നു.  ഒറ്റപ്പെട്ടു ജീവിക്കുന്ന രണ്ടു സ്ത്രീകള്‍ പരസ്പരം മനസിലാക്കപ്പെടുകയാണ് സീ ഓഫ് ലവില്‍.  കാണുന്നവരുടെ ഹൃദയത്തില്‍ തൊടുന്ന, ഇതുവരെ ലെസ്ബിയന്‍ ബന്ധങ്ങളോട് മറ്റുള്ളവര്‍ക്ക് തോന്നിയ മനോഭാവം പാടെ മാറിപ്പോകുന്ന ഒന്നാണ് സീ ഓഫ് ലവിലെ ലെസ്ബിയന്‍ പ്രണയം. ഇതൊരു മാറ്റത്തിനുകരണമാവുമെന്ന്  ഞങ്ങള്‍ക്ക് ഉറപ്പാണ്. 

ബിഗ്ബോസ് താരം ദില്‍ഷയിലേക്ക് എത്തിയത്? 

ദില്‍ഷയുടെ ആദ്യ സിനിമ ഓ സിന്‍ഡ്രല്ലയില്‍ ഞാനൊരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അന്ന്  മുതല്‍ ദില്‍ഷയെ അറിയാം. ക്യാമറയ്ക്ക് പിന്നില്‍ ദില്‍ഷ മറ്റുള്ളവരോട് പെരുമാറുന്ന രീതിയും, ഓരോ ചലനങ്ങളും ശ്രദ്ധിക്കുമായിരുന്നു. അന്നേ ജുമൈലയായി ദില്‍ഷയെ കാണാന്‍ കഴിഞ്ഞു. ദില്‍ഷയോട് അക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഹാപ്പിയാവുകയും ചെയ്തു. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമയുടെ ഭാഗമാവുമ്പോള്‍, കാണുന്ന ആര്‍ക്കെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍ ഹാപ്പിയാണെന്ന് ദില്‍ഷയും  പറഞ്ഞു. പിന്നെ ദില്‍ഷയെ മോഡേണ്‍ വസ്ത്രങ്ങളില്‍ മാത്രം കണ്ടവര്‍ക്ക് ജുമൈലയെ പ്പോലെ നാട്ടിന്‍പുറത്തെ മുസ്ലിം പെണ്‍കുട്ടിയുടെ വേഷത്തിലേക്കുള്ള വേഷപ്പകര്‍ച്ച ദില്‍ഷ ഗംഭീരമായി നടത്തി. ലുക്കില്‍ ആണെങ്കിലും മുടിയിലെ കളര്‍ എല്ലാം ഞങ്ങള്‍ കറുപ്പാക്കി, പുരികം ത്രെഡ് ചെയ്യരുതെന്ന് നേരത്തെ പറഞ്ഞിരുന്നു. അതെല്ലാം ദില്‍ഷ ഫോള്ളോ ചെയ്തു. എന്‍റെ നാട്ടില്‍ മണ്ണാര്‍ക്കാട് കൊണ്ടുപോയി വളരെ യാഥാസ്ഥിതികമായി ജീവിക്കുന്ന മുസ്ലിം യുവതിയുമായി ഇടപഴകിപ്പിച്ചിരുന്നു ദില്‍ഷയെ. അതിലൂടെ അവരുടെ തട്ടം ഇടുന്ന രീതിയും മാനറിസവുമെല്ലാം ദില്‍ഷ നോക്കിക്കണ്ടു. അത് കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ സഹായകമായിട്ടുണ്ട്. ബീഡി തെറുക്കുന്നതെല്ലാം ദില്‍ഷ വേഗം പഠിച്ചെടുത്തു. ജുമൈലയെ അവതരിപ്പിച്ചപ്പോള്‍ അത് സ്വാഭാവികമായി. 

സീ ഓഫ് ലവിന്‍റെ ഭാഗമായ ബാക്കിയുള്ളവര്‍? 

ജയന്തി എന്ന ജുമൈലയുടെ പ്രണയിനിയുടെ വേഷത്തില്‍ മീരനായര്‍ മികച്ചതാക്കി. ജുമൈലയോട് പ്രണയമുള്ള ഒരു ചെറുപ്പക്കാരന്‍റെ അമ്മയുടെ വേഷം. യൗവനത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു കഥയുടെയും  കവിതയുടെയും ലോകത്ത് ജീവിതം ആസ്വദിക്കുന്ന ജയന്തി. ജുമൈലയ്ക്കും ജയന്തിക്കും കണക്ട് ആവാന്‍ വലിയ സമയം വേണ്ടിവരുന്നില്ല. കാരണം അവരുടെ ഒറ്റപ്പെടല്‍, പരസ്പരം മനസിലാക്കാന്‍ കഴിയുന്ന നിമിഷം അത് മാത്രം മതിയായിരുന്നു. നാല്പതുകളില്‍ ജീവിക്കുന്ന ജയന്തിയായി മീര നായര്‍ ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചത്. കോട്ടയം രമേഷേട്ടനാണ് ജുമൈലയുടെ ഉപ്പയുടെ വേഷം ചെയ്തത്. ഒരുപാട് ലയറുകളുള്ള കഥാപാത്രം അദ്ദേഹം ഗംഭീരമാക്കി അവതരിപ്പിച്ചു. ഉമ്മയുടെ വേഷം അവതരിപ്പിച്ച സീനത്ത് ചേച്ചിയും ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട്. 

വിമര്‍ശനങ്ങള്‍ നേരിട്ടുണ്ടോ? 

ഉണ്ടോയെന്നോ, അടുത്ത് നില്‍ക്കുന്ന ഒരുപാടുപേര്‍ ചോദിച്ചത് നിന്‍റെയടുത്ത് ഒരുപാട് കഥകള്‍ ഉണ്ടായിട്ടും എന്തിനാണ് ഇത്തരത്തിലുള്ള ഒരു വിഷയം സിനിമയായി തിരഞ്ഞെടുത്തതെന്നാണ.് തങ്ങളുടെ പെണ്‍മക്കളെ ആണ്‍കുട്ടികളുടെ കൂടെ വിടുന്നതിനേക്കാള്‍ പേടിയാണിപ്പോള്‍ പെണ്‍കുട്ടികളുടെ കൂടെ വിടാനെന്നാണ് അവരൊക്കെ പറയുന്നത്.  പ്രണയം കണക്ട് ആയാല്‍ മാത്രമേ ഇത് തോന്നിപ്പോകുമെന്നത് അവര്‍ക്ക് അറിയാതെ വരുന്നു, അവര്‍ കരുതുന്നത് പിടിച്ചു നിര്‍ത്തിയും പുറകെ പോയുമൊക്കെയാണ് ലെസ്ബിയന്‍ പ്രണയങ്ങള്‍ നടക്കുന്നതെന്നാണ്. അത് വളരെ തെറ്റായ ചിന്തയാണ്. സീ ഓഫ് ലൗ കണ്ടു കഴിഞ്ഞാല്‍ അങ്ങനെയുള്ള പല തെറ്റുദ്ധാരണകളും മാറി പ്പോകും.


LATEST VIDEOS

Interviews