NEWS

കന്നഡ സിനിമകളില്‍ നിന്നും മലയാളത്തിലേക്ക് -മിത്ര

News

മലയാളത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങുന്ന മിത്ര 'നാന'യ്ക്കൊപ്പം

ദേശത്തിനും ഭാഷയ്ക്കും അതിര്‍ത്തികളുണ്ട്. അഭിനയം എന്ന കലയ്ക്ക് അതിര്‍വരമ്പുകളുണ്ടോ?

ഇല്ല.

അതുകൊണ്ടാണല്ലോ മലയാള സിനിമയില്‍ അഭിനയിക്കുന്നവര്‍ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. അന്യഭാഷയിലുള്ളവര്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നതും അതുകൊണ്ടാണല്ലോ.

കന്നഡസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഒരു നടനുണ്ട്. പേര് മിത്ര. 

'രാഗ'യില്‍ അഭിനയിച്ച, 'രാഗ' സിനിമ നിര്‍മ്മിച്ച നടന്‍ മിത്ര കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. ഭാമ ആയിരുന്നു നായിക. ഭാമയും കോട്ടയം സ്വദേശിതന്നെ.
പഠിത്തം കഴിഞ്ഞപ്പോള്‍ മംഗലാപുരത്ത് ഒരു തീയേറ്റര്‍ ഗ്രൂപ്പില്‍ ചേരാന്‍ അവസരം കിട്ടി. കുറെ നാടകങ്ങളില്‍ പങ്കെടുത്തു. കുടകിലെ ഒരു റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ക്കുവേണ്ടി ദിവസേന എന്‍റര്‍ടെയ്ന്മെന്‍റ് പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്‍റെ പേരില്‍ നേട്ടം മിത്രയ്ക്കായിരുന്നതുകൊണ്ടുതന്നെ 2003 മുതല്‍ സിനിമയിലും സീരിയലിലുമൊക്കെ അഭിനയിക്കാന്‍ കുറെ അവസരങ്ങള്‍ വന്നുചേര്‍ന്നു. ആദ്യമഭിനയിക്കുന്ന കന്നഡ സിനിമ 'ശ്രീറാം' ആയിരുന്നു. അതിനുശേഷം മിനിസ്ക്രീനില്‍ ഹാസ്യാത്മകമായ ഒരു പരമ്പരയില്‍ അഭിനയിച്ചു.

ഹാസ്യകഥാപാത്രങ്ങളിലൂടെ അഭിനയം പതിവായപ്പോള്‍ അതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചു. വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ അത് തന്‍റെ സ്വന്തം സിനിമയിലൂടെയാകട്ടെ എന്നായിരുന്നു തീരുമാനം. അങ്ങനെ സ്വന്തം നിര്‍മ്മാണക്കമ്പനിയിലൂടെ 'രാഗ' റിലീസ് ചെയ്തു.

'രാഗ'യിലെ ഈ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചു. മിത്ര എന്ന നടന്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും ഏറ്റുവാങ്ങി. കര്‍ണ്ണാടക ഗവണ്‍മെന്‍റിന്‍റെ സ്റ്റേറ്റ് അവാര്‍ഡും മിത്ര നേടിയെടുത്തു.

ഇപ്പോള്‍ 'കറാവലി' എന്നൊരു സിനിമയില്‍ ഒരു വെറൈറ്റി വേഷം കൂടി അഭിനയിച്ച് പൂര്‍ത്തിയാക്കിയതിന്‍റെ ആനന്ദത്തിലാണ് മിത്ര.

മലയാള സിനിമയില്‍ തനിക്കിണങ്ങുന്ന വേഷങ്ങളില്‍ അഭിനയിക്കണം എന്നാണ് മിത്രയുടെ ആഗ്രഹം. ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ കര്‍ണ്ണാടക സംസ്ഥാനത്താണ് ജീവിതമെങ്കിലും കൂറ് ഇങ്ങ് കേരളത്തില്‍ തന്നെയാണെന്നും ഒരു മലയാളിത്തന്നെയാണ് കര്‍ണ്ണാടകത്തിലെ തന്‍റെ വീട്ടില്‍ ജീവിക്കുന്നതെന്നും മിത്ര പറഞ്ഞു.

ജന്മനാല്‍ മലയാളിയായതുകൊണ്ടുതന്നെ മലയാളത്തില്‍ ഒരു സിനിമ നിര്‍മ്മിക്കണം, നല്ല റോളുകളില്‍ അഭിനയിക്കണം എന്നെല്ലാമുള്ള ആഗ്രഹങ്ങള്‍ നടന്നുകിട്ടാനുള്ള ശ്രമങ്ങളിലും പ്രതീക്ഷയിലുമാണിപ്പോള്‍ മിത്ര.


LATEST VIDEOS

Interviews