NEWS

മോളിവുഡ്ഡില്‍ നിന്നും കോളിവുഡ്ഡിലേക്ക്... -Shaalin Zoya

News

ലയാളിയായ ഷാലിന്‍ സോയാ ഇന്ന് തമിഴ് മിനിസ്ക്രീന്‍- സിനിമാപ്രേമികള്‍ക്കിടയില്‍ സുപരിചിതയാണ്. മിനിസ്ക്രീനില്‍ 'കുക്ക് വിത്ത് കോമാളി' എന്ന പരിപാടിയിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ഷാലിന്‍ 'രാജാമന്ത്രി', 'കണ്ണകി' എന്നീ സിനിമകളിലൂടെ തമിഴ് സിനിമയിലും ആരാധക ശ്രദ്ധ നേടി. ഇപ്പോള്‍ തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ഷാലിന്‍.

'മൂന്നാത്തെ വയസ്സില്‍ മലയാള സിനിമയില്‍ ബാലതാരമായിട്ടായിരുന്നു എന്‍റെ അരങ്ങേറ്റം. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ 'സൂര്യാ' ടി.വിയില്‍ അവതാരകയുമായി. ഞാന്‍ അഭിനയിച്ച മലയാളം സീരിയലുകള്‍ എനിക്ക് പോപ്പുലാരിറ്റി നേടിത്തന്നു. അതിനുശേഷം അഭിനയവും ആങ്കറിങ്ങും തുടര്‍ന്നു. എന്‍റെ മീഡിയാ പ്രയാണം തുടങ്ങിയിട്ട് ഇപ്പോള്‍ ഇരുപത്തിനാല് വര്‍ഷം കഴിഞ്ഞു' എന്ന മുഖവുരയോടെ ഷാലിന്‍ വാചാലയായി.

'മലയാള സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് 'രാജാമന്ത്രി' എന്ന തമിഴ് സിനിമയില്‍ അവസരം കിട്ടിയത്. എനിക്ക് അന്ന് തമിഴ് അറിയില്ലായിരുന്നുവെങ്കിലും ശ്രമിച്ചുനോക്കാം എന്നുകരുതിയാണ് തമിഴില്‍ വന്നത്. ആ സിനിമയ്ക്കുശേഷം 'കണ്ണകി' എന്ന സിനിമയില്‍ അവസരം ലഭിച്ചു. അതില്‍ എനിക്ക് വളരെ ചാലഞ്ചിങ്ങായ വേഷമായിരുന്നു. അതിലെ കഥാപാത്രത്തെ ഞാന്‍ വളരെയധികം ഉള്‍ക്കൊണ്ടുകൊണ്ടാണ് അവതരിപ്പിച്ചത്. 

'കണ്ണകി'യ്ക്കുശേഷം ഒട്ടേറെ അവസരങ്ങള്‍ എന്നെ തേടിയെത്തി. എന്നാല്‍ ആ പ്രോജക്റ്റുകളും കഥാപാത്രങ്ങളും മനസ്സിന് തൃപ്തിയേകാത്തതുകൊണ്ട് ഞാന്‍ ഒഴിവാക്കി. ഹീറോയിനായി മാത്രമേ അഭിനയിക്കയുള്ളൂ എന്ന വാശിയൊന്നുമില്ല. രണ്ട് സീനേ എനിക്ക് ഉള്ളുവെങ്കിലും എന്‍റെ കഥാപാത്രത്തിന് പ്രാധാന്യം വേണം. അത്തരത്തില്‍ പ്രാധാന്യമില്ലാതിരുന്നതുകൊണ്ട് എന്നെ ഒഴിവാക്കി' എന്നുപറഞ്ഞു ഷാലിന്‍ സോയയോട് അവര്‍ അവതരിപ്പിക്കുന്ന 'കുക്ക് വിത്ത് കോമാളി' എന്ന പോപ്പുലര്‍ ടി.വി ഷോയെക്കുറിച്ച് ചോദിക്കവേ തമിഴ് ടെലിവിഷന്‍ ഷോകളൊന്നും ഞാന്‍ നേരത്തെ കണ്ടിട്ടില്ലായിരുന്നു, ഈ പരിപാടിക്ക് എത്തിയ ശേഷമാണ് ഇത് മറ്റൊരു ലോകമാണെന്ന് മനസ്സിലായത്.

ഞാനൊരു ഫണ്ണായ പേഴ്സനാണ്. എന്നാല്‍ പൊതുസ്ഥലത്ത് അങ്ങനെയല്ല. 'കുക്ക് വിത്ത് കോമാളി' പരിപാടിയിലൂടെ എനിക്ക് തമിഴ്നാട്ടില്‍ ധാരാളം ആരാധകരെ കിട്ടി. ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമായി. 'കുക്ക് വിത്ത് കോമാളി'യ്ക്കുശേഷം ഇനി ഒന്നും ചെയ്യേണ്ട എന്ന് കരുതിയിരിക്കുമ്പോഴാണ് 'സീ'ടിവിയില്‍ നിന്നും ആങ്കറിങ്ങ് അവസരം എന്നെ തേടി വന്നത്. ആ അവസരം സ്വീകരിക്കാന്‍ ആദ്യം മടിച്ചു. പിന്നീട് ട്രൈ ചെയ്ത് നോക്കാം എന്നു കരുതി അത് സ്വീകരിച്ചുچ എന്നുപറഞ്ഞ ഷാലിന്‍ തന്‍റെ ഭാവി ആഗ്രഹങ്ങളും വെളിപ്പെടുത്തി.

'നല്ല നല്ല സിനിമകള്‍ സംവിധാനം ചെയ്യണം എന്നതാണ് എന്‍റെ സ്വപ്നം. പത്തുവര്‍ഷമായി അതിനുള്ള ശ്രമത്തിലാണ്. എട്ടില്‍പ്പരം ഷോട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. നമ്മുടെ ജീവിതത്തിന് ഒരു അര്‍ത്ഥം വേണമല്ലോ? അത് എനിക്ക് സിനിമയാണ്. മരിക്കുന്നതിന് മുമ്പായി നല്ല സംവിധായികയാണെന്ന് പേരെടുക്കണം. ജനങ്ങളെ എന്‍റര്‍ടെയിന്‍ ചെയ്യണം. അതാണ് എന്‍റെ ലക്ഷ്യം. മുപ്പതുവയസ്സിനുള്ളില്‍ സ്വന്തം വീടും കാറും വാങ്ങണമെന്നായിരുന്നു സ്വപ്നം. ചെറിയ പ്രായത്തില്‍തന്നെ കാറുവാങ്ങി. കഷ്ടപ്പെട്ട് പണം സ്വരൂപിച്ച് ഇപ്പോള്‍ വീടും വാങ്ങിച്ചു.

ഇപ്പോള്‍ സമാധാനമുണ്ട്... എന്‍റെ അമ്മ ഡാന്‍സ് ടീച്ചറാണ്. ഡാന്‍സിലൂടെയാണ് ഞാന്‍ മീഡിയായില്‍ പ്രവേശിച്ചത്. ഞാന്‍ ഡാന്‍സ് നിര്‍ത്തി എന്നതാണ് അമ്മയുടെ ഏറ്റവും വലിയ സങ്കടം. എനിക്ക് നേരെ ഉണ്ടായ നെഗറ്റീവ് വിമര്‍ശനങ്ങള്‍ എന്‍റെ കുടുംബത്തേയും വേദനിപ്പിച്ചു. 'നിനക്ക് കോമഡിയായി സംസാരിക്കാന്‍ കഴിയുന്നു. ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ നീ കാരണം ചിരിക്കുന്നുണ്ടെങ്കില്‍ മറ്റെന്തുവേണം' എന്നുപറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു. ഒരിക്കല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒരു കുട്ടി 'സോയാ' എന്നുപറഞ്ഞ് എന്‍റെയടുത്ത് ഓടി വന്ന് കെട്ടിപിടിച്ചു. പിന്നീടാണ് ആ കുട്ടി ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് മനസ്സിലായത്. ആ കുട്ടിയുടെ ആശ്ലേഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല.

ഷാലിന് ബിഗ്ബോസിലേയ്ക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാല്‍ അത് നിരസിക്കയാണുണ്ടായത്. അതിനെക്കുറിച്ച് ചോദിക്കവേ: 'മലയാളം ബിഗ്ബോസിലേക്ക് വിളിച്ചിരുന്നു. തമിഴിലും കഴിഞ്ഞ സീസണിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണിലേയ്ക്കും വിളിച്ചിരുന്നു. എനിക്ക് ബിഗ്ബോസ് സെറ്റാവില്ല. പണം ആവശ്യം തന്നെ, എന്നുകരുതി ബിഗ് ബോസില്‍ പോകില്ല.' ഷാലിന്‍ അസന്നിഗ്ദമായി പറഞ്ഞു.

 


LATEST VIDEOS

Interviews