NEWS

ഫ്രം സ്റ്റാര്‍സിംഗര്‍ ടു തുടരും

News

 

ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ പാട്ടുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. അങ്ങനെ'തുടരും' എന്ന ചിത്രത്തിന്‍റെ വിജയത്തിന്‍റെ ഭാഗമായ ഗോകുല്‍ ഗോപകുമാര്‍ 'നാന'യ്ക്കൊപ്പം

ഗോകുല്‍ മുന്നേ തന്നെ പ്രേക്ഷകര്‍ക്ക് അറിയപ്പെടുന്ന ഒരു സിംഗര്‍ ആണെങ്കിലും മോഹന്‍ലാല്‍, ശോഭന തുടങ്ങിയ വലിയ താരങ്ങള്‍ അഭിനയിച്ച സിനിമയില്‍ പാട്ടുകൊണ്ട് ഭാഗമാവാന്‍ കഴിഞ്ഞു എന്നുള്ളത് എങ്ങനെയാണ് നോക്കി കാണുന്നത്?

ഇത് ഒരുപാട് സന്തോഷമുണ്ട്. ഏതൊരു സിംഗറിന്‍റെയും വലിയ ആഗ്രഹം തന്നെയായിരിക്കും ഒരു സിനിമയില്‍ പാടുക എന്നുള്ളത്. അതുപോലെ തന്നെയായിരുന്നു എനിക്കും. ആദ്യം തന്നെ ലാലേട്ടന്‍റെ പടത്തില്‍ ആയത് എനിക്ക് ഒത്തിരി ഭാഗ്യം തോന്നുന്നുണ്ട്.

സ്റ്റാര്‍ സിംഗര്‍ വഴി കിട്ടിയ ഒരു അവസരമായിരുന്നോ ഇത്?

അതെ. ഷോയില്‍ ജേക്സ് ചേട്ടന്‍ ഒരിക്കല്‍ ജഡ്ജ് ആയി വന്നിട്ടുണ്ടായിരുന്നു. അവിടുന്ന് ഡയറക്ടര്‍ വഴിയാണ് എന്നെ കണക്ട് ചെയ്യുന്നത്. തുടരും സിനിമയാണ്, ലാലേട്ടന്‍റെ സിനിമയാണ് എന്നൊന്നും ആദ്യം എന്നോട് പറഞ്ഞിരുന്നില്ല. സ്റ്റുഡിയോയില്‍ പോയപ്പോഴാണ് ഞാന്‍ എല്ലാ വിവരവും അറിയുന്നത്. പാട്ട് പാടുമ്പോള്‍ ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റുഡിയോയില്‍ ഉള്ള റെക്കോര്‍ഡിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെ ഉള്ള എല്ലാവരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു.

ഗോകുല്‍ പാടിയ പാട്ടിലൂടെ ലാലേട്ടന്‍റെ പഴയ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ലാലേട്ടന്‍റെ വലിയൊരു ആരാധകര്‍ക്ക് തുടക്കം മുതല്‍തന്നെ ഈ രീതിയില്‍ വലിയ ആവേശം പകര്‍ന്നു അത് അവസാനം വരെ എത്തിക്കാന്‍ കഴിഞ്ഞത് ഒരു ഡയറക്ടര്‍ ബ്രില്ല്യന്‍സ് ആണോ, എന്താണ് അതിലൂടെ വ്യക്തമാകുന്നത്?

കേരളത്തില്‍ മമ്മൂക്ക, ലാലേട്ടന്‍ രണ്ട് ചേരികളുണ്ടെങ്കിലും എല്ലാവരുടെ മനസ്സിലും ലാലേട്ടന്‍ ഉണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വാഭാവികമായും ലാലേട്ടന്‍റെ പഴയ ഫോട്ടോസ് കാണിക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ സന്തോഷം തന്നെയാണ് ഉണ്ടാവുക. അദ്ദേഹത്തിന്‍റെ അഭിനയജീവിതവുമായി ചെറിയൊരു ബന്ധമുള്ള വരികളും ആണ് ഞാന്‍ പാടിയത് എന്ന് പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്. ആ പാട്ടിന്‍റെ വരികള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും അത്. ടൈറ്റില്‍ സോങ് ആണ് എന്ന് അറിഞ്ഞിരുന്നെങ്കിലും അവരിത് ഇങ്ങനെ അവതരിപ്പിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

തുടരും സിനിമ വലിയ വിജയമാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ വളരെ ചുരുക്കം ആളുകളെ സിനിമ തിയേറ്ററില്‍ പോയി കാണാതിരിക്കുന്നുണ്ടാകൂ. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഗോകുല്‍ എങ്ങനെയാണ് ഈ സിനിമയെ വിലയിരുത്തുന്നത്?

പാട്ട് പാടുമ്പോള്‍ എനിക്ക് സിനിമയുടെ പ്ലോട്ട് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. സിനിമയില്‍ സെക്കന്‍ഡ് ഹാഫിലൊക്കെ രോമാഞ്ചം ഉണര്‍ത്തുന്ന കുറേ സീനുകള്‍ ഉണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര കൗതുകമായിരുന്നു.

ഏത് പാട്ടുകള്‍ കേള്‍ക്കാനാണ് ഗോകുലിന് ഏറെ ഇഷ്ടം?

യാത്രയൊക്കെ ചെയ്യുന്ന സമയത്ത് കുടുംബം ഒക്കെ ഉണ്ടെങ്കില്‍ കൂടുതല്‍ ഫാസ്റ്റ് ആയ സോംഗുകള്‍ കേള്‍ക്കാനാണ് ഇഷ്ടം. അനിരുദ്ധന്‍റെ പാട്ടൊക്കെ കേള്‍ക്കും. ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍ പഴയ മെലഡികള്‍ ഒക്കെ കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്.

പാട്ടുകള്‍ കമ്പോസ് ചെയ്യുക എന്നതിലേക്ക് എപ്പോഴാണ്? അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?

കമ്പോസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ പറ്റുന്നില്ല. പെട്ടെന്നൊരു ദിവസം സംഭവിക്കുന്ന കാര്യമല്ലല്ലോ, പാട്ട് ഉണ്ടാക്കുക എന്ന് പറയുന്നത്. അതിന് അതിന്‍റേതായ വഴികള്‍ ഉണ്ട്. അടുത്തുതന്നെ പാട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. പിന്നെ ഞാന്‍ പൊതുവില്‍ മടിയുള്ള കൂട്ടത്തില്‍ ആയിരുന്നു. ഇപ്പോള്‍ ഇത്രയും വലിയ അവസരം എന്നെത്തേടി എത്തിയല്ലോ. ഇനി മടിപിടിച്ചിരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി.

എം.എസ്.സി സൈക്കോളജി ആണ് ഗോകുലിന്‍റെ വിദ്യാഭ്യാസ യോഗ്യത. സംഗീതത്തിനും സൈക്കോളജിക്കും വലിയ ബന്ധമുണ്ട് എന്നുപറയുന്നത് ശരിയാണോ?

അത് ശരിയാണ്. ഞാന്‍ സൈക്കോളജി തെരഞ്ഞെടുത്തത് അതുകൊണ്ടല്ല കേട്ടോ. സൈക്കോളജിയില്‍ മ്യൂസിക് തെറാപ്പികള്‍ എല്ലാം ഉണ്ട്. അതെല്ലാം എക്സ്പ്ലോര്‍ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ഇപ്പോള്‍ സംഗീതത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.


LATEST VIDEOS

Interviews