NEWS

മിസ്റ്റര്‍ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്... നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി

News

 

ഇല്ല നന്ദന്‍... എന്‍റേതാകുമ്പോള്‍ എന്‍റെ ത്രില്‍ നശിക്കും.. നിന്‍റെ ബിനാമിയായി എനിക്കവിടെ ചെന്നുകയറാം. മരണംവരെ ഭൂമിയില്‍ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും  എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെതീരണം കളി....

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ 1997 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ആറാം തമ്പുരാന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിലെ നായകന്‍ ജഗന്‍ന്നാഥന്‍(മോഹന്‍ലാല്‍) തന്‍റെ ആത്മമിത്രം നന്ദനോട്(സായ്കുമാര്‍) പറയുന്ന ഡയലോഗാണിത്. പ്രസ്തുത ഡയലോഗിന് കഥയുമായി ഇന്‍ഡെപ്ത് ബന്ധമൊന്നും ഇല്ലെങ്കിലും ജഗന്‍റെ ക്യാരക്ടര്‍ സ്കെച്ച് ചെയ്യുന്നതില്‍ നിര്‍ണ്ണായകമായ റോള്‍ അതിനുണ്ടായിരുന്നു. ലോകത്തോടുള്ള ഭ്രമങ്ങളും ആസക്തികളുമെല്ലാം മാറ്റിവച്ച് പഴയൊരു ഭ്രാന്തന്‍ ചിന്തയുടെ പിന്നാലെ പായുന്ന നായകന്‍റെ മനസ്സ് ഇവിടെ വ്യക്തമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം, ആറാം തമ്പുരാനിലെ നായകനെപ്പോലെ ഇന്നത്തെ മലയാള സിനിമാനായകന്മാര്‍ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല രേവതി കലാമന്ദിറിന്‍റെ എല്ലാമെല്ലാമായ മോഹന്‍ലാലിന്‍റെ ആത്മമിത്രങ്ങളില്‍ ഒരാളായ ജി. സുരേഷ്കുമാര്‍ തന്നെയാണ് ആ ഒരാള്‍.

ആസക്തികളുടെ പരകോടിയില്‍ വിരാജിക്കുന്ന ഇന്നത്തെ തലമുറ നായകന്മാര്‍ക്ക് സിനിമാനിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല എന്നതാണ് സുരേഷ്കുമാര്‍ ഉള്‍പ്പെടെയുള്ള പഴയകാല നിര്‍മ്മാതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനവും അതിന്‍റെ തുടര്‍ച്ചയായി ചില ചാനലുകളില്‍ വന്ന അഭിമുഖവുമൊക്കെ വിവാദങ്ങളില്‍ നിറയുന്ന പശ്ചാത്തലത്തിലാണ് ജഗന്‍ന്നാഥന്‍റെ ഡയലോഗിന് കാലികപ്രാധാന്യം ഏറുന്നതും ഒ.എന്‍.വിയുടെ ഭാഷ കടംകൊണ്ട് പറഞ്ഞാല്‍ ഒരുമാത്ര വെറുതെ നിനച്ചുപോകുന്നതും. പക്ഷേ, എല്ലാം വെറും നിനവുകള്‍ മാത്രമായി ശേഷിക്കുകയാണിവിടെ. കാരണം റിയല്‍ ലൈഫും റീല്‍ ലൈഫും രണ്ടും രണ്ടാണല്ലോ.

സുരേഷ്കുമാറിന്‍റെ പരിവേദനങ്ങളില്‍ പ്രഥമദൃഷ്ട്യാകഴമ്പുണ്ട് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. എന്നാല്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. താരങ്ങള്‍ അനിയന്ത്രിതമായി പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒന്നോ രണ്ടോ ചിത്രങ്ങള്‍ തീയേറ്ററില്‍ അത്യാവശ്യം ചലനം സൃഷ്ടിച്ചാല്‍ പൊടുന്നനേ റേറ്റ് പത്തും അമ്പതും ലക്ഷം വരെ കൂട്ടുന്ന പ്രവണത ഇപ്പോള്‍ പലരിലും കണ്ടുവരുന്നുണ്ട്. അവരില്‍ പലരും, സിനിമയെ ഒരേസമയം കലയായും ബിസിനസ് ആയും കാണുന്ന പ്രൊഡ്യൂസര്‍മാരുടെ നെഞ്ചിലെ കനല്‍ കാണാതെയാണ് മുന്നോട്ടുപോകുന്നത്. 

പരമ്പരാഗത പ്രൊഡ്യൂസര്‍മാരില്ലെങ്കില്‍ വിദേശത്തുനിന്നും ഇന്‍വെസ്റ്റേഴ്സിനേയും ഫിനാന്‍സിയേഴ്സിനേയും കൊണ്ടുവന്ന് കളി നിയന്ത്രിക്കാനാകും എന്ന ബോദ്ധ്യമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ഇവിടെ പലരും കാണാതെ പോകുന്നത് സിനിമ എന്ന വ്യവസായത്തെ ആശ്രയിച്ച് വര്‍ഷങ്ങളായി ഈ രംഗത്ത് നില്‍ക്കുന്നവരുടെ പ്രതീക്ഷകളാണ്. അവരില്‍ പലരും ഇവിടെ നിന്നും കോടികള്‍ വാരിയ കഥകള്‍ പലരും പറയുന്നുണ്ട്. എന്നാല്‍ വാരിയതിന്‍റെ ഇരട്ടി ഇവിടെത്തന്നെ നഷ്ടമായ കഥകള്‍ പലരും ബോധപൂര്‍വ്വം മറക്കുന്നു. അപ്പോഴും സേഫ് സോണില്‍ നില്‍ക്കുന്ന ഒരുകൂട്ടം നടന്മാര്‍ തന്നെയല്ലേ എന്ന ചോദ്യം ബാക്കി.

ഈ സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സമരത്തിലേക്ക് പോകാന്‍ നിര്‍ന്ധിതരായത് എന്നത് ഒരു വശം. ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും മദ്ധ്യേ എമ്പുരാന്‍ എന്ന മെഗാപ്രോജക്ടിന്‍റെ ബജറ്റ് 150 കോടി എന്ന് സുരേഷ്കുമാര്‍ പറഞ്ഞതാണ് അതിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ആന്‍റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്. വാസ്തവത്തില്‍ അത്തരമൊരു വെളിപ്പെടുത്തല്‍ സുരേഷ്കുമാറിന് വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. കാരണം എമ്പുരാന്‍ മെഗാ പ്രോജക്ട് ലൈക്ക പോലെ ഒരു വമ്പന്‍ ബാനറിന്‍റെ സഹകരണത്തോടെ പൂര്‍ത്തീകരിക്കുമ്പോള്‍ ഇന്‍വെസ്റ്റേഴ്സിന് മുന്നില്‍ പലവിധ 'പൊലിപ്പിക്കലുകള്‍' അതിന്‍റെ അണിയറക്കാര്‍ നടത്തിയിട്ടുണ്ടാകാം(ആഫ്റ്റര്‍ ഓള്‍ ഇതൊരു ഷോ ബിസിനസ് കൂടിയാണല്ലോ).

അതിന് കടകവിരുദ്ധമായ വെളിപ്പെടുത്തലുകളുമായി ഇന്‍ഡസ്ട്രിയിലെ ഒരു പ്രമുഖന്‍ തന്നെ രംഗത്തുവരുന്നത് ഇന്‍വെസ്റ്റേഴ്സിനെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. സ്വാഭാവികമായും നിര്‍മ്മാതാവ് എന്ന നിലയില്‍ ആന്‍റണി പെരുമ്പാവൂര്‍ അതില്‍ പ്രകോപിതനായാല്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കില്ല.

എന്നാല്‍ അത് അനുചിതമായെങ്കില്‍ പിന്‍വലിക്കാമെന്ന് സുരേഷ്കുമാര്‍ പിന്നീട് പറഞ്ഞു. വസ്തുത അതാണെങ്കിലും ആ പ്രസ്താവന ഉണ്ടാക്കിയ ഡാമേജ് ഒരിക്കലും മറികടക്കാന്‍ സാധിക്കില്ല എന്നതും ഇവിടെ ഓര്‍ക്കണം. ഏതായാലും കഴിഞ്ഞതുകഴിഞ്ഞു. വെടിനിര്‍ത്തലിനും അനുരഞ്ജനത്തിനും ഇനിയും സമയമുണ്ട്. പക്ഷേ എന്തുകൊണ്ടോ ആശാവഹമായ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടാകുന്നതായി കാണാന്‍ സാധിക്കുന്നില്ല. അതിനിടെ സുരേഷ്കുമാറിന്‍റെ ഫ്രസ്ട്രേഷനെ വ്യക്തിപരമായ സങ്കുചിത താല്‍പ്പര്യമെന്ന നിലയ്ക്ക് ചിലര്‍ വ്യാഖ്യാനിക്കുന്നതും കാണാനിടയായി. ഏറെ അപക്വമായ പ്രതികരണങ്ങളാണ് പലരുടെയും ഭാഗത്തുനിന്നുണ്ടായത്. 

മോഹന്‍ലാല്‍ പത്തുലക്ഷം രൂപയ്ക്ക് സുരേഷ്കുമാറിന്‍റെ പടത്തില്‍ അഭിനയിക്കാത്തതിന്‍റെ ചൊരുക്കാണ് എന്നുപോലും പലരും പറയുകയുണ്ടായി. വാസ്തവം അതല്ല എന്നത് മറുവശം. സുരേഷ്കുമാറും മോഹന്‍ലാലുമായുള്ള വ്യക്തിബന്ധം കണക്കിലെടുത്ത് ഒരുപക്ഷേ അദ്ദേഹം സൗജന്യമായിപ്പോലും ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊടുത്തെന്നിരിക്കും. മലൈക്കോട്ടൈ വാലിബന്‍ ലാല്‍ ചെയ്യാന്‍ തയ്യാറായതിന് പിന്നിലെ ഒരു കാരണം ഷിബു ബേബി ജോണ്‍(മുന്‍മന്ത്രി, നിര്‍മ്മാതാവ്) എന്ന സുഹൃത്തിനോടുള്ള കമ്മിറ്റ്മെന്‍റ് കൂടി കണക്കിലെടുത്തിട്ടാണ് എന്നോര്‍ക്കണം.

ഇവിടെ സുരേഷ്കുമാര്‍ ഉന്നയിക്കുന്ന വിഷയം വ്യക്തിപരമല്ല. താരങ്ങളുടെ അനിയന്ത്രിതമായ പ്രതിഫലവര്‍ദ്ധനവ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍, എല്ലാ പ്രോജക്ടുകളുടേയും വരവുചെലവ് കണക്കുകള്‍ പുറത്തുവിടും എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചത് പലരേയും ചൊടിപ്പിച്ചിട്ടുണ്ട്.

ഇതില്‍ രണ്ട് അപകടങ്ങളാണ് തല്‍പ്പരകക്ഷികള്‍ മണക്കുന്നത്. ഒന്ന് ഇന്‍കം ടാക്സുകാര്‍ക്ക് മുന്നില്‍ കൃത്യമായ കണക്ക് ബോധ്യമാക്കേണ്ടിവരും. രണ്ട് കഴിഞ്ഞ പടത്തിന് ലഭിക്കാത്ത കൂലി ലഭിച്ചെന്ന് പെരുപ്പിച്ച് പറഞ്ഞുകൊണ്ട് അടുത്തപടത്തിന് കൂടിയ നിരക്ക് വാങ്ങിയെടുക്കുന്ന(കഴുത്തറപ്പന്‍ കൂട്ടല്‍) തന്ത്രം ഇനി വിലപ്പോകില്ല. അതായത് ഒരു പടത്തിന് ഒരു കോടി പ്രതിഫലം കൈപ്പറ്റിയാല്‍ അടുത്ത പടത്തിനു അത്രയൊക്കെ തന്നെയെ ലഭിക്കുകയുള്ളൂ. ഇനി അവസാനം ഇറങ്ങിയ പടം പൊളിഞ്ഞാല്‍ പ്രൊഡ്യൂസര്‍ക്ക് ബാര്‍ഗൈനിംഗ് പവര്‍ ലഭിക്കുകയും ചെയ്യും. അതായത് അപ്പര്‍ഹാന്‍റ് നിര്‍മ്മാതാവിന് തന്നെ ആയിരിക്കും എന്ന് സാരം.

ഇതിലെ അപകടം മണത്ത ചിലര്‍ പ്രശ്നം സുരേഷ്കുമാര്‍ വേഴ്സസ് മോഹന്‍ലാല്‍ അല്ലേല്‍ തലസ്ഥാനത്തെ നായര്‍ലോബി വേഴ്സസ് മട്ടാഞ്ചേരി മാഫിയ എന്നൊക്കെ ആക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടെ ചിലരൊക്കെ രാജാവിനേക്കാള്‍ വലിയ രാജഭക്തന്മാരായി രംഗത്തെത്തുകയും മേളം കൊഴുപ്പിക്കാന്‍ പിന്തുണ ആഹ്വാനമൊക്കെ നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടെ ഇവരാരും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു കാര്യം, ഒരു ഫോണ്‍കോളിനുശേഷം ഒരു മേശയ്ക്ക് ചുറ്റിലിമിരുന്നാല്‍ തീരാവുന്ന പ്രശ്നമേ ഇവര്‍ക്കിടയിലുള്ളൂ. ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രശ്നം പ്രത്യേകമായി കണ്ടുപറഞ്ഞ് സെറ്റില്‍ ആക്കുകയും ചെയ്യാം. അതിനപ്പുറം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ആയുസ് ഉണ്ടാകേണ്ടതില്ല. എന്നാല്‍ രംഗം കലുഷിതമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം മേല്‍പ്പറഞ്ഞ ഭയപ്പാടുകളും അതിനെത്തുടര്‍ന്നുള്ള സങ്കുചിത ചിന്തകളും മാത്രമാണ്.

ഏതായാലും പ്രശ്നങ്ങളെല്ലാം അധികം വൈകാതെ തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും എന്നാണ് സിനിമയെ സ്നേഹിക്കുന്നവര്‍ പ്രത്യാശിക്കുന്നത്. അതുവരെ തല്‍പ്പരകക്ഷികള്‍ സൈബര്‍ ഇടങ്ങളില്‍ വാള്‍പ്പയറ്റ് നടത്തട്ടെ. അങ്കം വെട്ടുന്ന ചേകവന്മാരും അങ്കം കാണുന്ന കാണികളും ഊറിച്ചിരിക്കുന്ന വഴിപോക്കരും മനസ്സില്‍ കരുതേണ്ടത് ഇത്രമാത്രം- ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ സാധിക്കൂ.

വാല്‍ക്കഷ്ണം- എല്ലാം ഒരു ഫോണ്‍ കോളില്‍ തീരുമെങ്കില്‍ പിന്നെന്തേ മോഹന്‍ലാലിന്‍റെ കോള്‍ സുരേഷ്കുമാര്‍ അറ്റന്‍റ് ചെയ്തില്ല എന്ന ചോദ്യം പ്രസക്തം. ഒരു കോള്‍ അറ്റന്‍റ് ചെയ്താല്‍ സുരേഷ്കുമാറും മോഹന്‍ലാലും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേയ്ക്കാം. പക്ഷേ, സിനിമയെന്ന വ്യവസായത്തെ ലക്ഷ്യമിട്ട് പണമിറക്കുന്നവര്‍ എന്തുചെയ്യും? ഇവിടെവേണ്ടത് ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനാവശ്യമായ ഒരു സമവായ ഫോര്‍മുലയാണ്. അതില്‍ തീര്‍പ്പാകും വരെ തല്‍സ്ഥിതി തുടരുമായിരിക്കും. സുഹൃത്തുക്കള്‍ തമ്മിലാണല്ലോ ഫോണെടുക്കാന്‍ ബുദ്ധിമുട്ടുള്ളത്. കുടുംബക്കാര്‍ തമ്മില്‍ അതുണ്ടാകണമെന്നില്ല. ആവേശക്കമ്മിറ്റിക്കാരും മൂപ്പിക്കല്‍ ടീംസും ജാഗ്രതൈ!

 


LATEST VIDEOS

Top News