തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ ഗൗതം വാസുദേവ് മേനോൻ ഇപ്പോൾ നടനായും സ്‌ക്രീനിൽ തിളങ്ങുന്ന താരമായിട്ടുണ്ട്. തമിഴിൽ മാത്രമല്ല, മലയാളം, തെലുങ്ക് സിനിമകളിലും അഭിനയിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് മലയാളത്തിൽ പുറത്തിറങ്ങിയ 'ട്രാൻസ്' എന്ന ചിത്രത്തിൽ ഇദ്ദേഹം ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിരുന്നു. ഇങ്ങിനെ സംവിധായകനായും, നടനായും വളരെ തിരക്കോടു പ്രവർത്തിച്ചു വരുന്ന ഗൗതം വാസുദേവ് മേനോൻ ഇപ്പോൾ താൻ സംവിധാനം ചെയ്തിരിക്കുന്ന, വിക്രം നായകനാകുന്ന 'ധ്രുവനക്ഷത്രം' എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധമായുള്ള അവസാനഘട്ട പണിത്തിരക്കിലാണ്. അതേ സമയം മമ്മൂട്ടി നായകനാകുന്ന മലയാളം ചിത്രമായ 'ബസൂക്ക'യിലും ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിൽ മമ്മുട്ടിക്കൊപ്പം അഭിനയിക്കുന്നത് സംബന്ധമായി ഗൗതം വാസുദേവ് മേനോൻ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ കോളിവുഡിൽ വാർത്തയായിരിക്കുന്നത്. അത്, ''ധ്രുവനക്ഷത്രം സിനിമയുടെ റിലീസ് വർക്കുകളിൽ ഞാൻ ഇപ്പോൾ ബിസി ആയിരിക്കുന്നതിനാൽ മറ്റു സിനിമകളുടെ വർക്കുകൾ മാറ്റി വെച്ചിരിക്കുകയാണ്. എന്നാൽ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുവാൻ പാടില്ല എന്ന് കരുതി എന്റെ ജോലികൾ മാറ്റിവെച്ച് പത്ത് ദിവസത്തെ കാൾഷീറ്റ് നൽകി അദ്ദേഹത്തോടൊപ്പം 'ബസൂക്ക'യിൽ അഭിനയിച്ചു.
ഈ സിനിമയുടെ ചിത്രീകരണ വേളയിൽ, ലൈവ് സൗണ്ട് മോഡിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഇത് എനിക്ക് പുതിയ അനുഭവമായിരുന്നു. അതിനാൽ ആദ്യം ഞാൻ അൽപ്പം ആശയക്കുഴപ്പത്തിലായി. എന്നാൽ എന്റെ പ്രശ്നങ്ങൾ മനസിലാക്കിയ മമ്മുട്ടി, ലൈവ് സൗണ്ടിൽ അഭിനയിക്കാൻ പല തന്ത്രങ്ങളും എനിക്ക് പഠിപ്പിച്ചു തന്നു. അങ്ങിനെ ഞാൻ അഭിനയിച്ച ആ പത്ത് ദിവസങ്ങൾ എനിക്ക് വലിയൊരു പഠനാനുഭവമായിരുന്നു. മമ്മുട്ടിക്കൊപ്പം അഭിനയിച്ചത് എന്റെ ജീവിതത്തിൽ തന്നെ മറക്കാൻ സാധിക്കാത്ത ഒരനുഭവമായി മാറിയിരിക്കുകയാണ്'' എന്നതാണ് വാസുദേവ് മോനോൻ പറഞ്ഞിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങി വരുന്ന 'ബസൂക്ക' പ്രശസ്ത തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസാണ് സംവിധാനം ചെയ്യുന്നത്.