തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളാണ് മലയാളിയായ ഗൗതം വാസുദേവ് മേനോൻ. 'മിന്നലേ' എന്ന സൂപ്പർഹിറ്റ് ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗൗതം വാസുദേവ് മേനോൻ തുടർന്ന് 'കാക്ക കാക്ക', 'വിണ്ണൈതാണ്ടി വരുവായ', 'വേട്ടൈയാട് വിളയാട്', 'വാരണം ആയിരം' 'വെന്തു തനിന്ദത് കാടു' തുടങ്ങി നിരവധി വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ സംവിധായകനായും. ഒരു നടനായും, നിർമ്മാതാവായും അറിയപ്പെടുന്ന ഗൗതം വാസുദേവ് മേനോൻ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ധ്രുവനക്ഷത്രം'. ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണമായി ഒരുപാട് കാലമായി പുറത്തുവരാതെ ഇരിക്കുന്ന ഈ ചിത്രം അടുത്തുതന്നെ റിലീസാകുമെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ഒരേ സമയം അഭിനയത്തിലും, സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്ന ഗൗതം വാസുദേവ് മേനോൻ അടുത്ത് മലയാള സിനിമയിലെ മെഗാസ്റ്റാറായ മമ്മുട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുകയാണെന്നുള്ള വാർത്തയാണ് കോളിവുഡിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക്. ഇതുമായുള്ള ചർച്ച ഈയിടെ നടന്നു എന്നും, ഗൗതം വാസുദേവ് മേനോൻ മമ്മുട്ടിയുടെ അടുക്കൽ അവതരിപ്പിച്ച കഥ താരത്തിന് വളരെ ഇഷ്ടപ്പെട്ടു എന്നും, മമ്മുട്ടി തന്റെ ബാനറിൽ തന്നെ ഈ ചിത്രം നിർമ്മിക്കാൻ സമ്മതിച്ചു എന്നും പറയപ്പെടുന്നുണ്ട്. ഇത് ആക്ഷൻ നിറഞ്ഞ ഒരു സ്റ്റൈലിഷ് ചിത്രമായിരിക്കുമത്രേ! ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.