തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളാണ് മലയാളിയായ ഗൗതം വാസുദേവ് മേനോൻ. ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ 'ധ്രുവനക്ഷത്രം', 'ജോഷുവാ' തുടങ്ങിയവയാണ്. സിനിമകൾ സംവിധാനം ചെയ്യുന്നതിനോടൊപ്പം ചിത്രങ്ങളിൽ അഭിനയിച്ചും വരുന്ന ഗൗതം വാസുദേവ് മേനോൻ ഇപ്പോൾ തമിഴ് സിനിമയിൽ വളരെ തിരക്കുള്ള ഒരു നടനും കൂടിയാണ്.
ഇദ്ദേഹം സംവിധാനം ചെയ്തു സൂപ്പർ ഹിറ്റായ ഒരു ചിത്രമാണ് 'വിണ്ണൈത്താണ്ടി വരുവായ'. അതുപോലെ ഈയിടെ പുറത്തു വന്ന 'വെന്തു തണിന്ദത് കാട്' എന്ന ചിത്രവും വിജയം വരിക്കുകയുണ്ടായി. ഈ രണ്ടു ചിത്രങ്ങളിലും നായകനായി അഭിനയിച്ചത് സിമ്പുവായിരുന്നു. ഈ രണ്ടു ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങൾ എടുക്കുവാൻ ഗൗതം വാസുദേവൻ പദ്ധതിയിട്ടുണ്ട്. അതിന്റെ ഭാഗമായി രണ്ടു ചിത്രങ്ങളുടെയും സ്ക്രിപ്റ്റ് വർക്കുകളിലും ബിസിയായിരുന്നു ഗൗതം വാസുദേവ് മേനോൻ. ഇത് സംബന്ധമായ വാർത്തകളെല്ലാം അദ്ദേഹം തന്നെ ചില അഭിമുഖങ്ങൾ മുഖേന പുറത്തു വിട്ടിരുന്നു.
എന്നാൽ ഇപ്പോൾ കോളിവുഡിൽ പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ വേറെയാണ്. ഗൗതം വാസുദേവ് മേനോനും, സിമ്പുവിനും ഇടയിൽ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി ഇപ്പോൾ രണ്ടു പേരും പിരിഞ്ഞിരിക്കുകയാണെന്നും, അതിനെ തുടർന്ന് രണ്ടു പേരും അവരവരുടെ റൂട്ടിലാണ് പ്രവർത്തിച്ചു വരുന്നതെന്നുമാണ് പറയപ്പെടുന്നത്. അതിനാൽ അടുത്ത കാലത്തൊന്നും ആ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ ഉണ്ടാകാൻ സാധ്യതയിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് ഗൗതം വാസുദേവ് മേനോൻ അടുത്ത് വിജയ് സേതുപതിയെയും, ബോളിവുഡിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ അഭിഷേക് ബച്ചനേയും നായകന്മാരാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പദ്ധതിയിട്ടുണ്ട് എന്നും, അത് സംബന്ധമായി ഗൗതം വാസുദേവ് മേനോൻ രണ്ടു താരങ്ങളുടെയടുക്കലും പറഞ്ഞ ഒരു കഥയുടെ ഔട്ട് ലൈൻ അവർക്കു ഇഷ്ടപ്പെട്ടു എന്നും, തുടർന്ന് ചിത്രത്തിനായുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ് എന്നുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ..അങ്ങിനെയാണെകിൽ ഈ ചിത്രം ഗൗതം വാസുദേവ് മേനോനും, വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന, തമിഴ് സിനിമാ ആരാധകർക്കിടയിൽ പ്രതീക്ഷ ഉണ്ടാക്കുന്ന ചിത്രമായിരിക്കും!