രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ബാഹുബലി'. ഈ ചിത്രത്തിന്
ഇന്ത്യയിലുടനീളം ലഭിച്ച വൻ സ്വീകാര്യതയ്ക്ക് ശേഷം, ഇപ്പോൾ എല്ലാ ഭാഷകളിലും പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. അതനുസരിച്ച് ഇപ്പോൾ കന്നഡ ഭാഷയിൽ ഒരുങ്ങി വരുന്ന ഒരു ചിത്രമാണ് 'ടോക്സിക്'. 'കെ.ജി.എഫ്' ഫെയിം യാഷ് നായകനാകുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്തു വരുന്നത് മലയാളിയായ ഗീതു മോഹൻദാസാണ്. ഇതിൽ യാഷിനൊപ്പം മലയാളി താരങ്ങളായ നയൻതാര, ടൊവിനോ തോമസ്, മാളവിക മോഹനൻ, ബേസിൽ ജോസഫ്, ബോളിവുഡ് താരം കിയാര അദ്വാനി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്. 'ടോക്സിക്' കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും റിലീസാകുമത്രേ! അതിനാൽ ഇപ്പോൾ കന്നഡയുടെ ചിത്രീകരണം നടക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷിൽ റിലീസ് ചെയ്യാൻ തരത്തിലും ചിത്രീകരണം നടന്നു വരികയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
'കെ.ജി.എഫ്-2' എന്ന ചിത്രത്തിലൂടെ 1000 കോടിയിലധികം കളക്ഷൻ നേടി ആഗോള ശ്രദ്ധ നേടിയ നടനാണ് യാഷ്. അതിനാലാണത്രെ ഈ ചിത്രം ഇന്ത്യൻ ഭാഷകളിൽ റിലീസാകുന്ന ദിവസം തന്നെ ഇംഗ്ലീഷിലും റിലീസ് ചെയ്യാൻ തീരുമാനിച്ച് ചിത്രീകരണം നടത്തി വരുന്നത്.