നാളെ പൊന്നിൻ ചിങ്ങമാസം തുടങ്ങുന്നു. ഈ ദിനം മലയാളികൾക്കും തമിഴ്നാട്ടുകാർക്കും ഒന്നു പോലെ പ്രിയപ്പെട്ടതാണ്, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ കാലത്തിന്റെ വാതിലാണ് നാളെ തുറക്കുന്നത്. മറ്റന്നാൾ അതായത് ചിങ്ങം മൂന്നാം തീയതിയിലെ പ്രഭാതം മലയാളികൾക്കും തമിഴ് നാട്ടുകാർക്കും പ്രിയപ്പെട്ടതാക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.
പുതിയ ഒരു സിനിമയുടെ പിറവി കുറിക്കുന്ന ദിനം കൂടിയാണ് അന്ന്. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രശസ്ത നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമാനിർമ്മാണ രംഗത്തേക്കു കടന്നുവരുന്നത് ശനിയാഴ്ച്ച രാവിലെ ഒൻപതര മണിക്കുള്ള ശുഭ മുഹൂർതത്തിലാണ്.
" ജെന്റിൽമാൻ 2 " എന്ന സിനിമ തുടങ്ങുകയാണ്
വർഷങ്ങൾക്കു മുൻപ് ജെന്റിൽമാൻ എന്ന സിനിമ തമിഴിലും മലയാളത്തിലുമുള്ള പ്രേക്ഷകരെ ഏറെ ഹരം കൊളളിച്ചിരുന്നു. ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക് ഉയർന്ന ആ ബ്രഹ്മാണ്ഡ ചിത്രത്തിന് ഇപ്പോൾ ഒരു രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ മുതൽ പ്രേക്ഷകർ ആവേശത്തിലാണ്.
ജെന്റിൽമാന്റെ ആദ്യ ഭാഗത്തേക്കാൾ ഒരു പടികൂടി മേലേ നിൽക്കുന്ന സിനിമയായിരിക്കും രണ്ടാം ഭാഗമെന്ന് കെ.ടി കുഞ്ഞു മോൻ നിർമ്മാതാവിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ ആ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ നിറവും സുഗന്ധവും കലർന്നതായി തോന്നി.
ജെന്റിൽമാൻ 2 വിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പ്രശസ്ത സംഗീത സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണി സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു. ആ നിമിഷം മുതൽ വമ്പിച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഗോകുൽകൃഷ്ണയാണ് ജെന്റിൽ മാൻ 2-വിന്റെ ഡയറക്ടർ. മറ്റ് പ്രമുഖകർ അണിയറ ശിൽപ്പികളായി എത്തുന്നുവെന്നതും വിശേഷപ്പെട്ട വാർത്തയാണ്. ക്യാമറ മാൻ അജയൻ വിൻസന്റ്, കലാസംവിധായകൻ തോട്ടാ ധരണി, കവി പേരരശ് വൈരമുത്തു, എഡിറ്റർ സതീഷ് സൂര്യ, ഫൈറ്റ് മാസ്റ്റർ ദിനേശ് കാശി.
താരതമ്യേന പുതുമുഖമായ ചേതനാണ് നായകൻ. മലയാളത്തിൽ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധേയയായ നടി നയൻതാര ചക്രവർത്തി ഈ സിനിമയിലൂടെ നായികയാകുന്നു എന്ന വിശേഷതയുമുണ്ട്. മറ്റൊരു നായിക പ്രിയാ ലാൽ ആണ്. സുമൻ, രാധാരവി, അവിനാശ്, അച്യുതകുമാർ , കാളി വെങ്കിട്ട് , മുനീഷ് രാജ, സിത്താര, സുധാറാണി, സത്യപ്രിയ, ശ്രീ രജ്ഞിനി , ബദവഗോപി തുടങ്ങി നിരവധി പേർ കഥാപാത്രങ്ങള മഹത്തരമാക്കുന്നു
സി.കെ അജയകുമാർ ,ജി. മുരുക ഭൂപതി , ഭാസ്ക്കർ രാജൂ, മുരുകദാസ് , വംശി ശേഖർ, ജോൺസൺ, പവൻ കുമാർ തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖരാണ്.
ചെന്നൈയിൽ എഗ് മൂറിലുള്ള രാജാ മുത്തയ്യ ഹാളിൽ വച്ചാണ് പൂജാ ചടങ്ങുകൾ നടക്കുക. ജെന്റിൽമാൻ ഫിലിം ഇൻറർനാഷണൽ അവതരിപ്പിക്കുന്ന ഈ സിനിമയുടെ പൂജാ ചടങ്ങിൽ തമിഴ് ,മലയാളം സിനിമയിലെ പ്രമുഖർ പങ്കെടുക്കും.
ജി.കൃഷ്ണൻ.