തൊണ്ണൂറുകളിൽ തമിഴ്‌സിനിമാ വേദിയിൽ നിറസാന്നിദ്ധ്യമായിരുന്ന നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ. വസന്തകാല പറവൈ, സൂര്യൻ, ജെന്റിൽമാൻ, കാതലൻ, കാതൽ ദേശം തുടങ്ങിയ സിനിമകളിലൂടെ തമിഴ്‌സിനിമവേദിയിൽ ഹിറ്റുകൾ സമ്മാനിച്ച കെ.ടി.കുഞ്ഞുമോൻ ഒരിടവേളയ്ക്ക്‌ശേഷം വീണ്ടും തമിഴ് സിനിമ നിർമ്മാണരംഗത്തേക്ക് കടന്നു വരുന്നു.
സൂപ്പർഹിറ്റായ ജെന്റിൽമാൻ എന്ന സിനിമയുടെ തുടർഭാഗമായി ജെന്റിൽമാൻ2 എന്ന ടൈറ്റിലിലാണ് പുതിയ സിനിമയുടെ വരവ്. കോടികൾ നിർമ്മാണചിലവ് വരുന്ന ഈ തമിഴ് സിനിമ അഞ്ചുഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
ജെന്റിൽമാൻ2 വിന്റെ ലോഞ്ചിംഗും പൂജാ ചടങ്ങും ഇക്കഴിഞ്ഞ ചിങ്ങം മൂന്നിന് ചെന്നൈയിൽ എഗ്മൂറിലെ രാജാമുത്തയ്യ ഹാളിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
ഓസ്കാർ ജേതാവായ പ്രശസ്ത സംഗീത സംവിധായകൻ എം.എം. കീരവാണിയെ ആദരിക്കുന്ന ചടങ്ങുകൂടി ഈ വേദിയിൽ നടന്നത് കാഴ്ചക്കാർക്ക് ഏറെ അനുഭൂതി പകരുന്നതായിരുന്നു. പട്ടുനൂലിൽ നെയ്തെടുത്ത പൊന്നാട ചാർത്തിയും മൂവയിരം റോസാപ്പൂക്കിൽ കോർ ത്തെടുത്ത ഹാരം അണിയിച്ചും തലപ്പാവ് ചൂടിയും കീരവാണിയെ ആദരിച്ചപ്പോൾ വേദിയിലും സദസ്സിലും ഇരുന്നവർ കരഘോഷം മുഴക്കി
നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൾ ജെന്റിൽ മാൻ 2 വിന്റെ തിരക്കഥയും ക്ലാപ്പ് ബോർഡും സംവിധായകൻ ഗോകുൽകൃഷ്ണയ്ക്ക് കൈമാറിയ ചടങ്ങും തുടർന്ന് നടന്നു.
കവി പേരരശ് വൈരമുത്തുവാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകൾ എഴുതുന്നത്. വൈരമുത്തുവും കീരവാണിയെന്ന മരതകമണിയും ഒത്തുചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ തമിഴ് സിനിമാവേദിക്ക് സംഭാവന ചെയ്തിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ വൈരവും മരതകവും ഒത്തുചേരുന്ന രത്നങ്ങളായിരുന്നു ഇവരുടെ ഗാനങ്ങൾ . ഈ സിനിമക്കുവേണ്ടിയും
ഇവർ ഒന്നിക്കുന്നു എന്ന സവിശേഷതയുണ്ട്. ദീർഘമായ ആശംസാ പ്രസംഗത്തിൽ വൈരമുത്തു സാഹിത്യ ഭാഷയിൽ കീരവാണിയെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു. കേന്ദ്രമന്ത്രി എൽ. മുരുകൻ, ഗാമാസായുതി (കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ ) ആരിഫർറഹ്മാൻ . സൗത്തിന്ത്യൻ ഫിലിം ചേംബർ പ്രസിഡന്റ് രവി കൊട്ടാരക്കര , സൂപ്പർ ഗുഡ് ഫിലിംസ് ആർ.ബി ചൗധരി, സംവിധായകൻ പി. വാസു, ഐറിൻ കുഞ്ഞു മോൻ, എബി കുഞ്ഞുമോൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച പ്രമുഖരാണ്
പുതുമുഖം ചേതനാണ് ഈ സിനിമയിൽ നായകനാകുന്നത്. മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധേയയായ നയൻതാര ചക്രവർത്തി ജെന്റിൽമാൻ 2 വിൽ നായികയാകുന്നു
സുമൻ , രാധാരവി , സിത്താര, പ്രിയായാൽ , സത്യ പ്രിയ, സുധാറാണി , ശ്രീ രഞ്ജിനി, കാളി വെങ്കിട്ട് , മുനിഷ് രാജ , ബാവ ഗോപി , പ്രേംകുമാർ പ്രാച്ചി തെഹ് ലാൻ, ജോർജ് വിജയ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി.ഓ.പി അജയൻ വിൻസന്റ് , ആർട്ട് ഡയറക്ടർ തോട്ടാ ധരണി, എഡിറ്റർ സതീഷ് സൂര്യ, ഫൈറ്റ് മാസ്റ്റർ - ദിനേഷ് കാശി, സൗണ്ട് ഡിസൈനർ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ പൂർണ്ണിമ രാമസ്വാമി, പ്രൊജക്ട് ഡിസൈനർ സി.കെ.അജയ്കുമാർ , പ്രെഡക്ഷൻ എക്സിക്യൂട്ടീവ് മുരുക ഭൂപതി , തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ
ജെന്റിൽമാൻ ഫിലിം ഇന്റർനാഷ്ണൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഷൂട്ടിംഗ് സെപ്റ്റംമ്പർ 17-ന് ഹൈദരാബാദിൽ ആരംഭിക്കും.
ജി.കൃഷ്ണൻ