NEWS

ഗിരീഷ് വൈക്കം സംവിധായകനാകുന്നു..

News

 

മലയാള സിനിമയുടെ സമസ്ത മേഖലയിൽ  പ്രവർത്തിച്ച് പരിചയസമ്പന്നനായ ഗിരീഷ് വൈക്കം സംവിധായകനാകുന്നു.

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ സൂര്യാജോണിന്റെയൊപ്പം അസിസ്റ്റന്റായി വന്ന ഗിരീഷ് പിന്നീട് പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചതിനുശേഷം മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, വൺമാൻ ഷോ എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ഗിരീഷ് വൈക്കം ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണ് 'ദി ഡാർക്ക് വെബ്.'

ഒരു കൂടിക്കാഴ്ചയിൽ ഗിരീഷിനോട് ചോദിക്കുകയുണ്ടായി. 'മലയാളം സിനിമയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവന്ന താങ്കൾക്ക് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ലക്ഷ്യമായിരുന്നോ?'

'അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ല. എന്നാൽ, സംവിധാനത്തിൽ താൽപ്പര്യവും നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. പണ്ട് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'കുറുപ്പിന്റെ കണക്കുപുസ്തകം' എന്ന സിനിമയുടെ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് ഞാനായിരുന്നു. പ്രധാന സീനുകളെല്ലാം ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോൾ കുറെ പാച്ച് വർക്കുകളുണ്ടായിരുന്നു. ഏഴ് ഷോട്ടുകൾ. ആദ്യം ക്യാമറാമാനെയും അസോസിയേറ്റ് ഡയക്ടറെയും കൂടി ആ ഷോട്ടുകളെടുക്കാൻ ഏൽപ്പിച്ചു. അവർ എടുത്തുകൊണ്ടുവന്ന ഷോട്ടുകളൊന്നും മേനോൻ സാറിന് ഇഷ്ടമായില്ല. പിന്നെയത് എന്നെ ഏൽപ്പിച്ചു.

ഒരു റെയിൽവേ ക്രോസിൽ ട്രെയിൻപോകുന്നതും ഒരു ചിത കത്തുന്നതുമൊക്കെയായിരുന്നു ഏഴ് ഷോട്ടുകൾ. ഞാൻ ഷൂട്ട് ചെയ്ത ഷോട്ടുകളെല്ലാം മേനോൻ സാറിനിഷ്ടപ്പെട്ടു. അതാണ് സിനിമയിൽ ഉപയോഗിച്ചിരന്നതും.

ആ ഷോട്ടുകളെല്ലാം മേനോൻ സാർ കണ്ടുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചിരുന്നു, എങ്ങനെയുണ്ട്, മേനോൻ സാർ, സാറ് വിചാരിച്ചതുപോലെയൊക്കെ വന്നിട്ടുണ്ടോ?' അപ്പോൾ മേനോൻ സാർ പറഞ്ഞതിങ്ങനെ. 'ഞാൻ വിചാരിച്ചതുപോലെ വന്നില്ല...  എങ്കിലും കൊള്ളാം. ഗിരീഷിന് സംവിധാനരംഗത്തേക്ക് തിരിയരുതോ.' മേനോൻ സാർ അങ്ങനെ ചോദിക്കണമെങ്കിൽ എന്റെ ഷോട്ടുകൾ സംവിധായകന്റെ കാഴ്ചപ്പാടോടുകൂടിയുള്ളതാണെന്ന് തോന്നിയിരിക്കുമല്ലോ. എന്തായാലും മേനോൻ സാറിന്റെ ആ ചോദ്യം എനിക്കൊരു ആത്മവിശ്വാസം പകർന്നുതന്നിരുന്നു.

ആക്ഷൻ ത്രില്ലർ മൂഡിലുള്ള ഒരു കഥയാണ് 'ദി ഡാർക്ക് വെബി'ന്റേത്. ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ ഏറെയുണ്ട്. ആലുവ, വാഴച്ചാൽ, ഒറ്റപ്പാലം എന്നിവിടങ്ങളിലായ് ചിത്രീകരണം നടക്കുന്ന ഈ സിനിമയിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. മാമാങ്കം ഫെയിം പ്രാച്ചി തെഹ്‌ലാൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിമബിന്ദു, പ്രിയങ്ക യാദവ്, നിമിഷ എലിസബത്ത്, പ്രശാന്ത്, ഭദ്ര, റഷീദ് എന്നിവരാണ് പുതുമുഖങ്ങളായ അഭിനേതാക്കൾ.

തിരക്കഥ, സംഭാഷണം ജെയിംസ് ബ്രൈറ്റ്, ക്യാമറ മണി പെരുമാൾ, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ, ഫൈറ്റ്മാസ്റ്റർ പളനിരാജ,  കോ ഡയറക്റ്റർ ജയദേവ്. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്.

ട്രൂ പാലറ്റ് ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഫോട്ടോ: മോഹൻ സുരഭി

 

 


LATEST VIDEOS

Top News