മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെയെല്ലാം ഭൂതകാലം പരിശോധിച്ചാല്‍ അവരില്‍ മിക്കവര്‍ക്കും സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരായിരിക്കും. ഓരോരുത്തര്‍ക്കുമുണ്ടാകും ഓരോ അനുഭവങ്ങള്‍. ഇങ്ങനെ മലയാള സിനിമയുടെ സമസ്തമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ഗിരീഷ് വൈക്കമാണ് സംവിധായകനാകുന്ന ഏറ്റവും പുതിയ ആള്‍.
ഗിരീഷ് വൈക്കം സിനിമയില്‍ ആദ്യമെത്തുന്നത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സൂര്യാജോണിന്‍റെ അസിസ്റ്റന്‍റായിട്ടാണ്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'താരാട്ട്' ആയിരുന്നു ആ ചിത്രം. ആ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് കല്ലിയൂര്‍ ശശിയെ പരിചയപ്പെട്ടതോടെ സ്റ്റില്‍ അസിസ്റ്റന്‍റ് സ്ഥാനത്തുനിന്നും ഗിരീഷ് കല്ലിയൂര്‍ ശശിയുടെ ശിഷ്യനായി പ്രൊഡക്ഷന്‍ മാനേജരുടെ റോള്‍ ചെയ്തു. വിറ്റ്നസ്, കാലാള്‍പ്പട... തുടങ്ങി ഏതാനും സിനിമകള്‍.
നവംബറിന്‍റെ നഷ്ടം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, സീന്‍ നമ്പര്‍ സെവന്‍ തുടങ്ങി കുറെ സിനിമകളിലും നിശ്ചലഛായാഗ്രഹണരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഗിരീഷ് വൈക്കം സ്വതന്ത്രബുദ്ധിയോടെ വര്‍ക്ക് ചെയ്യുന്ന ആദ്യസിനിമ 'അജന്ത' ആയിരുന്നു. 'നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി. ജോര്‍ജ്ജുകുട്ടി ര/ീ ജോര്‍ജ്ജുകുട്ടിയാണ് മറ്റൊരു ചിത്രം.
ഏറെ വൈകാതെ തന്നെ ഗിരീഷ് നിര്‍മ്മാണരംഗത്തേയ്ക്കും കടന്നു. മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, വണ്‍മാന്‍ഷോ എന്നിങ്ങനെ രണ്ട് സിനിമകള്‍ നിര്‍മ്മിക്കുകയുണ്ടായി. വീണ്ടും പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ചില സിനിമകളിലും വര്‍ക്ക് ചെയ്തിട്ടുള്ള ഗിരീഷ് വൈക്കം ഇപ്പോള്‍ ഒരിടവേളയ്ക്കുശേഷം സംവിധായകനാകുന്നു എന്നുള്ളതാണ് പുതിയ വാര്‍ത്ത.
'ഞാന്‍ സംവിധാനം ചെയ്യുന്ന 'ദി ഡാര്‍ക്ക് വെബ്' എന്ന സിനിമയുടെ നിര്‍മ്മാതാവ് ജെയിംസ് ബ്രൈറ്റാണ്. ലണ്ടന്‍ മലയാളിയായ ഇദ്ദേഹം മുന്‍പൊരു മലയാള സിനിമ നിര്‍മ്മിച്ചിരുന്നു. കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത 'വധു ഡോക്ടറാണ്' എന്ന ചിത്രം. ആ സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ഞാനായിരുന്നു.' ഗിരീഷ് പറഞ്ഞു.
'വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു പുതിയ മലയാളം സിനിമ കൂടി നിര്‍മ്മിക്കാന്‍ അദ്ദേഹം പദ്ധതിയിടുമ്പോള്‍ എന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അദ്ദേഹം സംശയിച്ചു. എന്‍റെ ഫോണ്‍ നമ്പരൊന്നും കിട്ടാതിരിക്കുന്ന സാഹചര്യത്തിലാണ് ഒരു നിമിത്തം പോലെ അത് സംഭവിച്ചത്. ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി എനിക്ക് ഫോണില്‍ കിട്ടിയ ഒരു ഡിസൈന്‍ ഞാന്‍ എന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ഷെയര്‍ ചെയ്തു. യു.കെയിലിരിക്കുന്ന അദ്ദേഹം അത് എങ്ങനെയോ കണ്ടു. ഞങ്ങള്‍ സംസാരിച്ചതില്‍ നിന്നുമാണ് ഈ പ്രോജക്ട് രൂപപ്പെട്ടുവന്നത്.
'ദി ഡാര്‍ക്ക് വെബ്' എന്ന സിനിമയുടെ തീം എന്താണ്?
ഐ.ടി. മേഖലയിലുള്ള ഏതാനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഈ സിനിമ പറയുന്നത്. സംഘര്‍ഷഭരിതമായ, സംഘട്ടനാത്മകമായ കുറെ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സസ്പെന്‍സ് ചോര്‍ന്നുപോകാതിരിക്കട്ടെ, തല്‍ക്കാലം. ആലുവ, വാഴച്ചാല്‍, ഒറ്റപ്പാലം... തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദിലാണ്.
പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. മാമാങ്കം ഫെയിം പ്രാച്ചി തെഹ്ലാന്‍ അവര്‍ക്കൊപ്പമുണ്ട്. ഹിമബിന്ദു, പ്രിയങ്ക യാദവ്, നിമിഷ എലിസബത്ത് ഡീന്‍, പ്രശാന്ത് രതി, ഭദ്ര, റഷീദ് എന്നിവരാണ് പുതിയവര്‍.
സംവിധാനരംഗത്തെ നിരീക്ഷണത്തെക്കുറിച്ച്...?
ഒരു സംവിധായകന്‍ ആകണമെന്നത് വലിയ ആഗ്രഹമോ ലക്ഷ്യമോ ഒന്നുമായിരുന്നില്ലെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ സിനിമകളുടെയും പിന്നില്‍ ആ സിനിമയെക്കുറിച്ചും ഷൂട്ടിംഗിനെക്കുറിച്ചുമൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഈ സിനിമ പക്ഷേ, യാദൃച്ഛികമായി വന്നുചേര്‍ന്നതാണ്. എന്‍റെ സിനിമാകാഴ്ചപ്പാടുകളെക്കുറിച്ച് പ്രൊഡ്യൂസര്‍ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടായിരിക്കണം എന്നെ ഈ സിനിമയുടെ സംവിധാനച്ചുമതല ഏല്‍പ്പിച്ചത്.
ഗിരീഷ് വൈക്കം തുടര്‍ന്നു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'കുറുപ്പിന്‍റെ കണക്കുപുസ്തകം' എന്ന സിനിമ പൂര്‍ത്തിയായി വരുമ്പോള്‍ ആ സിനിമയ്ക്കുവേണ്ടി നാലഞ്ച് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു. ആ ഷോട്ടുകളെടുക്കാന്‍ മേനോന്‍ സാര്‍ അന്ന് ആദ്യമേല്‍പ്പിച്ചത് അസോസിയേറ്റ് ഡയറക്ടറെയാണ്. എന്നാല്‍, ഷൂട്ട് ചെയ്തുകൊണ്ടുവന്ന ആ ഷോട്ടുകളൊന്നും മേനോന്‍ സാറിന് ഇഷ്ടമായില്ല. അതെല്ലാം റീ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചു. ആറേഴ് സീനുകളില്‍ വരുന്ന ഏഴോളം ഷോട്ടുകള്‍ ഞാനും ക്യാമറാമാനും കൂടി ഷൂട്ട് ചെയ്തിരുന്നു. അതാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. സംവിധായകന്‍ എന്ന രീതിയിലുള്ള ആദ്യാനുഭവം ഇതായിരുന്നു.
ഞാനെടുത്തുകൊണ്ടുവന്ന ഷോട്ടുകള്‍ കണ്ടിട്ട് ഡയറക്ഷന്‍ രംഗത്തേയ്ക്ക് കടക്കാന്‍ പാടില്ലേയെന്ന് ചോദിക്കുകയും ചെയ്തു. മേനോന്‍ സാറിന്‍റെ ആ ചോദ്യം എന്‍റെ മനസ്സില്‍ ഒരു പ്രേരണയും പ്രചോദനവുമായി കിടക്കുന്നുണ്ടായിരുന്നു.- ഗിരീഷ് വൈക്കം പറഞ്ഞു.
മന്ത്രിവേഷങ്ങളുമായി അഭിനയരംഗത്തും
അഭിനയരംഗത്തുനിന്നും വന്ന നല്ല അവസരങ്ങളും ഗിരീഷ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മന്ത്രിയായും കേന്ദ്രമന്ത്രിയായും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മയിലാട്ടം, ഊട്ടിപ്പട്ടണം, വേഷം തുടങ്ങിയ സിനിമകളിലെല്ലാം മന്ത്രിവേഷത്തില്‍ അഭിനയിച്ചു. വടക്കുനോക്കിയന്ത്രം, സൂപ്പര്‍മാന്‍ തുടങ്ങി കുറെ സിനിമകളില്‍ വ്യത്യസ്ത കഥാപാത്രമാകാന്‍ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്.
സുരേഷ്ഗോപിയുടെ വാക്കുകള്‍ പ്രചോദനം നല്‍കി
ഒരു കല്യാണത്തിന് ഗുരുവായൂരില്‍ വരുമ്പോഴാണ് ഗിരീഷിനെ കുറെനാള്‍കൂടി സുരേഷ്ഗോപിയെ കാണുന്നത്. സിനിമാവിശേഷങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ സുരേഷ്ഗോപി ഗിരീഷിനോട് ചോദിച്ചിരുന്നു, ഗിരീഷിപ്പോള്‍ സിനിമയില്‍ എന്തുചെയ്യുന്നുവെന്ന്. സിനിമയില്‍ എന്നെപ്പോലെയുള്ളവരുടെ സമയം കഴിഞ്ഞുവെന്നാണ് തോന്നുന്നതെന്ന് ഗിരീഷ് മറുപടി പറഞ്ഞു. 'ഹേയ്..., അങ്ങനെയൊന്നും ചിന്തിക്കരുതെന്നും പ്രമുഖരായിട്ടുള്ള പലരും അവരുടെ അവസാനകാലങ്ങളിലാണ് നേട്ടങ്ങള്‍ കൈവരിച്ചതെന്നും അതുകൊണ്ട് ഗിരീഷ് സിനിമാരംഗത്തുനിന്നും പുറകോട്ട് മാറി നില്‍ക്കരുതെന്നും സുരേഷ്ഗോപി ഉപദേശിച്ചു. എനിക്കും അവസാനകാലത്ത് കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് അനുഭവങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും സുരേഷ്ഗോപി പറഞ്ഞിരുന്നു. ഇപ്പോള്‍ സംവിധാനരംഗത്തേയ്ക്ക് വരുമ്പോള്‍ സുരേഷ് ഗോപിയുടെ ആ വാക്കുകളും എന്നെ പിന്തുണച്ചുവെന്ന് ഗിരീഷ് വൈക്കം കൂട്ടിച്ചേര്‍ത്തു.
തിരക്കഥ-സംഭാഷണം- ജെയിംസ് ബ്രൈറ്റ്, ക്യാമറ മണി പെരുമാള്‍, മേക്കപ്പ് പട്ടണം റഷീദ്, കോ- ഡയറക്ടര്‍ ജയദേവ്, കോസ്റ്റ്യൂംസ് ഇന്ദ്രന്‍സ് ജയന്‍, ഫൈറ്റ് മാസ്റ്റര്‍ പളനിരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്, സ്റ്റില്‍സ് മോഹന്‍ സുരഭി. അലക്സ് വര്‍ഗീസ്, അരുണ്‍ കൊടുങ്ങല്ലൂര്‍, ജിസ്സണ്‍പോള്‍ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. ബാനര്‍ ദി പാലറ്റ് ഫിലിംസ്.