NEWS

റിസ്ക്ക് എടുത്തതില്‍ സന്തോഷം -ഐഷ് വിക

News

 

ആദ്യം അഭിനയിച്ച സിനിമ...?

സാജന്‍ ആലുമ്മൂട്ടില്‍ സാര്‍ സംവിധാനം ചെയ്ത 'വിവാഹ ആവാഹനം' ഇതായിരുന്നു എന്‍റെ ജീവിതത്തില്‍ ഞാനാദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച സിനിമ.

സിനിമയിലേക്കുള്ള ഈ പ്രവേശനം എങ്ങനെയായിരുന്നു?

പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെ കോവിഡ് കാലത്ത് വെറുതെ വീട്ടിലിരിക്കുമ്പോള്‍ റീല്‍സ് ചെയ്യാന്‍ തുടങ്ങി. എന്‍റെ ഒരു റീലിന് കാഴ്ചക്കാരില്‍ നിന്നും കുറെ അഭിനന്ദനവും അംഗീകാരവും കിട്ടി. അപ്പോഴാണെനിക്ക് അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത്.

എന്‍റെ സ്വദേശം തലശ്ശേരിയാണ്. ആയിടയ്ക്ക് തലശ്ശേരിയില്‍ തന്നെ നടന്ന ഒരു ഓഡിഷനില്‍ പങ്കെടുക്കുവാന്‍ എനിക്ക് അവസരം കിട്ടി. ഞാനും ഒന്ന് ട്രൈ ചെയ്യാം എന്നുമാത്രമെ കരുതിയിരുന്നുള്ളൂ. അവിടെവച്ച് ഞാന്‍ എന്‍റെയൊരു സുഹൃത്തിനെ കണ്ടുമുട്ടി. പിന്നീടൊരിക്കല്‍ ആ സുഹൃത്ത് വഴി ഒരു ഓഡിഷനില്‍ പങ്കെടുത്തു. സിനിമയിലേക്കുള്ള എന്‍റെ ആദ്യചുവടുവയ്പ്പ്  ഇങ്ങനെയായിരുന്നു.

ആദ്യ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍?

തീര്‍ച്ചയായും ഉണ്ട്. ആദ്യസിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടുമ്പോള്‍ ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതേയുള്ളൂ. കോവിഡിന്‍റെ തരംഗം അവസാനിക്കാതെ നില്‍ക്കുന്ന കാലം. കോളേജ് തുറന്നിട്ട് വണ്‍ വീക്ക് ആകുന്നതേയുള്ളൂ. എന്‍റെ എന്‍.സി.സി എന്‍റോള്‍മെന്‍റ് നടന്നുകൊണ്ടിരിക്കുകയാണ്. 

ഓഡിഷന്‍ ഡേറ്റ് അറിയിച്ചുകൊണ്ട് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഫോണ്‍ കോള്‍ വന്നു. ആ ഡേറ്റ് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എന്‍റെ എന്‍.സി.സിയില്‍ ജോയിന്‍ ചെയ്യാനുള്ള ടെസ്റ്റ് നടക്കുന്ന അതേ ദിവസം. എന്‍റെ കോളേജ് കൊയിലാണ്ടിയിലാണ്. സിനിമയുടെ ഓഡിഷന്‍ നടക്കുന്നത് ഇരിട്ടിയിലും. എന്നെ സംബന്ധിച്ച് രണ്ടും മിസ്സ് ചെയ്യാന്‍ കഴിയാത്ത കാര്യം. എന്നാല്‍, രണ്ടിലും പങ്കെടുക്കുക എന്നത് വളരെ റിസ്ക്കുള്ള കാര്യവുമാണ്. പക്ഷേ, ഞാനന്ന് കരുതിയത് യുവത്വത്തില്‍ നില്‍ക്കുന്ന ഞാന്‍ ഇത്തരം റിസ്ക്ക് ഏറ്റെടുക്കുക തന്നെ ചെയ്യണമെന്നാണ്. രണ്ടിലും എനിക്ക് വിജയം  നേടാന്‍ കഴിഞ്ഞു എന്നുള്ളത് സന്തോഷം തരുന്ന കാര്യമായി മാറുകയും ചെയ്തു.

അഭിനയിച്ച മറ്റ് സിനിമകള്‍?

ഹെര്‍, മത്ത്... എന്നിങ്ങനെ രണ്ട് സിനിമകള്‍ കൂടി ചെയ്തിരുന്നു. ആദ്യസിനിമ മാത്രമേ റിലീസായിട്ടുള്ളൂ. മറ്റ് രണ്ട് സിനിമകളും പണിപ്പുരയിലാണ്. ആദ്യത്തെ രണ്ട് സിനിമകളിലും അനിയത്തി വേഷം ചെയ്തു. മത്തില്‍ നടന്‍ ടിനിടോമിന്‍റെ മകളായ നായികാകഥാപാത്രമാണ് ചെയ്തത്.

സിനിമയിലെ ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും നമുക്ക് ആ പ്രത്യേക കഥാപാത്രവുമായി ബന്ധമുണ്ടാവുകയാണ്. മറ്റൊരാളുടെ ജീവിതം അവതരിപ്പിക്കുമ്പോള്‍ ആ വ്യക്തിയായി ചിന്തിക്കാനും പെരുമാറാനും നമുക്ക് കഴിയുന്നു.

അതുകൊണ്ടുതന്നെ ഞാനല്ലാത്ത വേറെ ഏതൊരു കഥാപാത്രത്തെയും ഇത്രയും അടുത്തറിയാന്‍ കഴിയുമ്പോള്‍ അതിലൂടെ മറ്റൊരു പേഴ്സണാലിറ്റിയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അതുണ്ടാക്കുന്ന ക്യൂരിയോസിറ്റി എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും നമ്മള്‍ കേട്ടിട്ട് മാത്രമുള്ള ചില ഗ്രേറ്റ് പേഴ്സണാലിറ്റികളുണ്ട്. അവരുടെയൊക്കെ ജീവിതത്തിലൂടെ കടന്നുപോവുക എന്നത് വലിയ കാര്യമാണ്. ഹീറോയിന്‍ എന്നതിലുപരി കഥയില്‍ അര്‍ത്ഥമുള്ള കഥാപാത്രം ആവണം എന്നതാണ് പ്രധാനം.

 


LATEST VIDEOS

Interviews