എണ്‍പതുകളില്‍ മലയാളികളുടെ പ്രിയങ്കരിയായ നായികനടിയായിരുന്നു ശാരി. ഇന്ന് മിനിസ്ക്രീനിലും സിനിമയിലും സജീവമായിക്കഴിഞ്ഞ ശാരിക്ക് ഭക്തിയും അതിലൂടെ ലഭിച്ച അനുഭവങ്ങളും പറയാന്‍ ഏറെയുണ്ട്.

'എന്‍റെ ഇഷ്ടദൈവവും കുലദൈവവും ഒക്കെ തിരുപ്പതി വെങ്കിടാചലപതി ഭഗവാനാണ്. ദൈവം എന്നതിലുപരി അദ്ദേഹം(വെങ്കിടാചലപതി) ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ് എന്നു പറയുന്നതാണ് വാസ്തവം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭഗവാനെ തിരുപ്പതി മലകയറിച്ചെന്ന് ദര്‍ശിച്ചിരുന്നു. അന്ന് ക്ഷേത്രത്തില്‍ പ്രതീക്ഷിച്ചതിലപ്പുറമുള്ള തിരക്കായിരുന്നു. ദര്‍ശനത്തിനുള്ള ഒരു ടിക്കറ്റും കിട്ടിയില്ല. ആ ഗോപുരവാതിലില്‍ നിന്നുകൊണ്ട് ദൈവമേ ദര്‍ശനം നല്‍കണേ എന്ന് ഗോവിന്ദനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു. കാരണം ഞങ്ങള്‍ക്ക് ദര്‍ശനഭാഗ്യം അപ്രാപ്യമെന്ന് സുനിശ്ചിതം.
എന്‍റെ പ്രാര്‍ത്ഥന ഭഗവാന്‍ ചെവിക്കൊണ്ടു. ഒരു ഭക്തന്‍ ഞങ്ങളുടെ അടുത്തുവന്ന് തനിക്കും തന്‍റെ കുടുംബത്തിനും അവിചാരിതമായി ഭഗവദ്ദര്‍ശനം നടത്താനാവാത്ത വിധം ഒരു വാലായ്മയുണ്ടായിരിക്കുന്നുവെന്നുപറഞ്ഞ് തന്‍റെ ടിക്കറ്റ് ഞങ്ങള്‍ക്ക് നല്‍കിയിട്ട്, ടിക്കറ്റിനുള്ള പണം പോലും വാങ്ങാതെ പോയി. അതിനുശേഷം അകത്തുകയറി ഭഗവാനെ ദര്‍ശിച്ചപ്പോള്‍ ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരികണ്ട് ഞാന്‍ രോമാഞ്ചമണിഞ്ഞു. 'ഞാന്‍ നിന്നെ ഒരിക്കലും കൈവെടിയുകയില്ല' എന്ന് ആ പുഞ്ചിരിയിലൂടെ ആശ്വാസമേകി എനിക്ക് മനസ്സിലാക്കിത്തരുന്നതായിട്ടാണ് തോന്നിയത്. ഇതേ അനുഭവവും അനുഭൂതിയും രാഘവേന്ദ്ര സ്വാമിയുടെ സന്നിധിയിലും രാമേശ്വരത്തും തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമീക്ഷേത്രത്തില്‍ നിന്നുമൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്.
എന്‍റെ വീടിന്‍റെ ഗൃഹപ്രവേശത്തിന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയപ്പോള്‍ ഒരു കടയില്‍ കണ്ട വിഷ്ണുവിന്‍റെ ഫോട്ടോ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് വാങ്ങിച്ച് ഞാന്‍ പൂജാമുറിയില്‍ വച്ചു. അതുപോലെ മുക്തിനാഥില്‍ നിന്നും കൊണ്ടുവന്ന സാളഗ്രാമം, അഷ്ടദശഭുജ ശക്തിപീഠത്തോടുകൂടിയ കനകദുര്‍ഗ്ഗയുടെ ഫോട്ടോ, മഹാലക്ഷ്മിയുടെ മണ്ണുകൊണ്ടുള്ള വിഗ്രഹം എന്നിവയെല്ലാം നിധികണക്കെ എന്‍റെ പൂജാമുറിയില്‍ വെച്ചിട്ടുണ്ട്. ചോറ്റാനിക്കര അമ്മയേയും മൂകാംബികദേവിയേയും ഞാന്‍ നിത്യവും ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്നു. സമയം കിട്ടുമ്പോഴെല്ലാം കുന്നിമണിജപമാലകൊണ്ട് ജപം ചെയ്യും.

എനിക്ക് ജന്മം നല്‍കി വളര്‍ത്തിവലുതാക്കിയ മാതാപിതാക്കളുടെ ഫോട്ടോയും എന്‍റെ പൂജാമുറിയെ അലങ്കരിക്കുന്നുണ്ട്. ഗൃഹപ്രവേശവേളയില്‍ ഞാന്‍ വാങ്ങിച്ചുവെച്ച വിഷ്ണുവിനെ വണങ്ങിയിട്ടേ ഞാന്‍ പുറത്തുപോവുകയുള്ളൂ. അതുപോലെ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ വണങ്ങിയിട്ടേ അടുത്ത കാര്യങ്ങളുള്ളു.
ഷിര്‍ദി ശ്രീ സായ്ബാബയേയും മുക്തിനാഥും ദര്‍ശിക്കണമെന്നത് എന്‍റെ ദീര്‍ഘകാലമായിട്ടുള്ള ആഗ്രഹമായിരുന്നു. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ നല്ല കുടുംബത്തേയും സന്തോഷകരവും സംതൃപ്തവുമായ ജീവിതവുമേകിയ ദൈവത്തോട് നന്ദി പറയാനുള്ളതാണ് പൂജാമുറിയിലെ എന്‍റെ നിത്യപ്രാര്‍ത്ഥന. തിരുപ്പതി ഭഗവാനെക്കുറിച്ച് ഞാനെപ്പോള്‍ സംസാരിച്ചാലും അപ്പോഴൊക്കെ എനിക്ക് തിരുപ്പതിപ്രസാദമായ ലഡുവോ വടയോ ആരെങ്കിലും കൊണ്ടുവന്ന് തരും. അതാണ് തിരുപ്പതിവെങ്കിടാചലപതിയും ഞാനും തമ്മിലുള്ള ആത്മബന്ധവും ആത്മീയബന്ധവും.