നടീനടന്മാരുടെ ഉയര്‍ന്ന പ്രതിഫലം പ്രൊഡ്യൂസര്‍മാര്‍ക്ക് വലിയ ഒരു ചെലവ് തന്നെയാണോ?
തീര്‍ച്ചയായും, 2010 ല്‍ ആണ് സാറ്റലൈറ്റ് ബൂം കൊണ്ടുവരുന്നത്. അതുവരെ കേരളത്തില്‍ സാധാരണ പ്രതിഫലം മാത്രമേ വാങ്ങിയിരുന്നുള്ളൂ. അതിന് ശേഷം റവന്യൂ സ്ട്രീം വരുന്നു. നടീനടന്മാര്‍ക്ക് അവര്‍ക്ക് വന്നിട്ടുള്ള റേറ്റിംഗിന് അനുസരിച്ച് അവരുടെ പ്രതിഫലം നിശ്ചയിക്കാം എന്ന അവസ്ഥയായി.
സിനിമയുടെ കണ്ടന്‍റില്‍ നിലവാരം നോക്കി മാത്രമേ ആ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന തീയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ എങ്ങനെ കാണുന്നു?
തിയേറ്റര്‍ അസോസിയേഷന് സ്ക്രിപ്റ്റ് കൊടുക്കാം. ചില തിയേറ്ററുകാര്‍ സിനിമ തെരഞ്ഞെടുക്കുന്നതില്‍ വലിയ ശ്രദ്ധാലുക്കളായിരിക്കും. അവര്‍ക്ക് സ്ക്രിപ്റ്റ് കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ചിലര്‍ക്ക് സ്ക്രിപ്റ്റിനെപ്പറ്റി വലിയ ധാരണ കാണില്ല. ഏത് സിനിമയാണ് തിയേറ്ററില്‍ വിജയിക്കുക എന്ന് മുന്നേ നിശ്ചയിക്കുക എളുപ്പമല്ല .ഒരു പൊട്ട സിനിമ ആരെങ്കിലും പ്രൊഡ്യൂസ് ചെയ്യുമോ? അതില്‍ ആരെങ്കിലും അഭിനയിക്കുമോ? അത്രയും ആലോചിച്ചാല്‍ മതി ഇവര്‍ക്ക്.
അന്യഭാഷാ സിനിമകള്‍ കേരളത്തിലെ തീയേറ്ററുകളില്‍ നല്ല രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. തിയേറ്ററുകാരും പ്രേക്ഷകരും അത് ഏറ്റെടുക്കുന്നുമുണ്ട്. ഇത് മലയാള സിനിമയേയും, അതിന്‍റെ പ്രൊഡ്യൂസര്‍മാരേയും എങ്ങനെയാണ് ബാധിക്കുന്നത്?
ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ എല്ലാ ഭാഷയിലെ സിനിമകളെയും ഞാന്‍ അംഗീകരിക്കും. കേരളത്തില്‍ അവ പ്രദര്‍ശിപ്പിക്കുന്നതിന് എനിക്ക് വിയോജിപ്പ് ഒന്നുമില്ല. അന്യഭാഷാ ചിത്രങ്ങളിലെ ചില ആക്ടേഴ്സിനും സംവിധായകര്‍ക്കും കേരളത്തില്‍ ഡിമാന്‍റുണ്ട്. ഈ ഡിമാന്‍റ് മനസ്സിലാക്കി ആ ആക്ടേഴ്സിനെ പാന്‍ സൗത്ത് ആക്ടര്‍ ആക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് എല്ലാ ആര്‍ട്ടിസ്റ്റുകളുടെ സിനിമകളും ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ തിരക്കുകൂട്ടുന്നതും.
2023 ല്‍ സിനിമകള്‍ ഇറങ്ങിയതില്‍ 4 എണ്ണം കളക്ഷന്‍ നേടി, 13 എണ്ണം മാത്രമാണ് ഹിറ്റടിച്ചത്. അതിന് കാരണം എന്താകും?
സിനിമകള്‍ ഇങ്ങനെ പേരിന് ഇറക്കിവിടുകയാണ്. അതാണ് ഇത്രയധികം എണ്ണം കാണുന്നത്. പിന്നെ അന്യഭാഷാ ചിത്രങ്ങളുടെ വലിയൊരു കുത്തക ഇവിടെ ഇപ്പോള്‍ ദൃശ്യമാണ്. അതിനാണ് കൂടുതല്‍ പ്രേക്ഷകര്‍ ഉള്ളത്. അവരുടെ സിനിമകള്‍ മാത്രമേ തിയറ്റര്‍ കമ്പനിക്കാര്‍ വാങ്ങിക്കുന്നുള്ളൂ. ഇത് വലിയൊരു പ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്. നല്ല സിനിമകള്‍ ഓടുന്നില്ല.
തിയേറ്റര്‍ സംഘടനയും, നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള ഈ ഐക്യമില്ലായ്മ എങ്ങനെ തരണം ചെയ്യണം എന്നാണ് താങ്കളുടെ അഭിപ്രായം?
എല്ലാ സിനിമകള്‍ക്കും തിയേറ്ററില്‍ ഇടം വേണം. കേരളത്തില്‍ മലയാള സിനിമയ്ക്ക് പ്രത്യേകിച്ചും. അന്യഭാഷാ സിനിമകള്‍ക്കും മലയാള സിനിമകള്‍ക്കും ഒരു നിശ്ചിത അംശബന്ധത്തില്‍ പ്രദര്‍ശനം അനുവദിക്കണം. അതില്‍ മലയാള സിനിമയ്ക്ക് ആയിരിക്കണം മുന്‍ തൂക്കം. മറ്റ് സിനിമകള്‍ക്ക് പ്രത്യേകമായി തന്നെ തീയേറ്റര്‍ അനുവദിക്കണം. ഇത്രയും അഭിനേതാക്കളും മികച്ച സംവിധയകരും ഒക്കെയുള്ള മലയാള സിനിമാമേഖല തകരാതിരിക്കാന്‍ അതുണ്ടായേ തീരു. നല്ല സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടിയില്ലെങ്കില്‍ അവ മലയാളത്തിന് നഷ്ടമാകും.
തിയേറ്ററില്‍ ഓടാത്ത സിനിമയുടെ രണ്ടാം ഭാഗം പ്രൊഡ്യൂസ് ചെയ്യുന്നു. പട്ടിയെ വെച്ച് സിനിമ ചെയ്യുന്നു. പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമ 'ഖല്‍ബ്...' ഒരു സിനിമ തെരഞ്ഞെടുക്കുന്നതില്‍ താങ്കളുടെ മാനദണ്ഡം എന്താണ്?
നല്ല സിനിമകള്‍ ചെയ്യണം എന്നുള്ളതേ ഉള്ളൂ. ആ ഒരു ലക്ഷ്യം വച്ച് കൊണ്ടാണ് ഫ്രൈഡേ ഫിലിം ഹൗസ് തുടങ്ങിയത്. സിനിമയിലെ അഭിനേതാക്കളെയോ, അവരുടെ സ്റ്റാര്‍ വാല്യുവോ ഒന്നും നോക്കിയില്ല. കണ്ടന്‍റ് നല്ലതായിരിക്കണം. അതാണ് ഏക നിര്‍ബന്ധം.
ഫ്രൈ ഡേ ഫിലിംസ് ഹൗസിന്‍റെ പുതിയ ചിത്രം 'ഖല്‍ബി'ന്‍റെ വിശേഷങ്ങള്‍...?
ഖല്‍ബ് ഒരു ബിഗ് ക്യാന്‍വാസ് മൂവിയാണ്. മൊത്തം ഇരുപത് പാട്ടുകള്‍ അടങ്ങുന്ന ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി ആണത്. ഇതിന്‍റെ സംവിധായകന്‍ സാജിദ് 2008 തൊട്ട് എന്‍റെ കൂടെയുണ്ട്. 2016 ല്‍ ആണ് ഞാന്‍ കഥ കേള്‍ക്കുന്നത്. ഷെയിന്‍ നിഗം ആയിരുന്നു അന്ന് നായകനായി തീരുമാനിച്ചത്. പിന്നീട് ഷെയിന് അത് ചെയ്യാന്‍ പറ്റിയില്ല. അതിനുശേഷം കോവിഡ് വന്നു. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. ആ സമയം കൊണ്ട് കുറെ ഇംപ്രോവൈസേഷനുകള്‍ വരുത്തിയാണ് ഇന്ന് കാണുന്ന 'ഖല്‍ബ്' ഉണ്ടായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് നല്ലൊരു ഇന്‍റന്‍സീവ് ലവ് മൂവി കണ്ട ഫീല്‍ തരാന്‍ ഖല്‍ബിന് കഴിയും.