ആർക്ക് ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിൽ ക്യാമറ ചലിച്ചു തുടങ്ങിയാൽ ഗിന്നസ് പക്രുവിന് കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയാൻ നിമിഷങ്ങൾ മതി. സിനിമയെ ജീവവായു പോലെ പ്രണയിക്കുന്ന ഗിന്നസ് പക്രുവിന് അഭിനയമെന്നത് ഒരുതരം പാഷനാണ്. നായകനായും, പ്രതിനായകനായും, സംവിധായകനായും സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ പോസിറ്റീവ് എനർജിയോടെയുള്ള ശുഭാപ്തിവിശ്വാസമാണ് ഗിന്നസ് പക്രുവിനെ മുന്നോട്ട് നയിക്കുന്നത്. ടെലിവിഷൻ പരിപാടികളിലൂടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായി മാറുമ്പോഴും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ മാനസികവിചാരങ്ങളിലൂടെ സഞ്ചരിക്കാനും ഗിന്നസ് പക്രു സമയം കണ്ടെത്തുന്നു.
സിനിമയിലെ തിരക്കുകൾക്ക് ഇടവേളയുണ്ടാവുമ്പോൾ ഭാര്യ ഗായത്രിയുടെയും, മൂത്ത മകൾ ദീപ്ത കീർത്തിയുടെയും, ഇളയ മകൾ ദ്വിജ കീർത്തിയുടെയും സ്‌നേഹ സാന്നിധ്യമാണ് ഗിന്നസ് പക്രുവിന്റെ മനസ്സിൽ ആഹ്ലാദം പെയ്തിറക്കുന്നത്. കൊടുങ്ങല്ലൂരിൽ ചിത്രീകരണം നടന്ന കുഞ്ഞൂട്ടൻ 916 എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഗിന്നസ്പക്രുവിനെ കണ്ടത്. ക്യാമറയുടെ മുന്നിൽ സംവിധായകന്റെ മനസ്സറിഞ്ഞ് സഞ്ചരിക്കുന്ന ഗിന്നസ് പക്രു കുഞ്ഞൂട്ടനെന്ന ജൈവകർഷകന്റെ റോളിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രീകരത്തിന്റെ ഇടവേളയിൽ ഗിന്നസ് പക്രു മനസ്സ് തുറക്കുകയാണ്.
കുഞ്ഞൂട്ടനെന്ന കേന്ദ്രകഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ..?
ഇളയരാജയ്ക്ക് ശേഷം കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. വളരെയധികം അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുഞ്ഞൂട്ടൻ. ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ നമ്മുടെ ചുറ്റും നിരന്തരം കാണുന്ന ചിലരുടെ ജീവിതം സിനിമയിൽ കഥയായി വരുമ്പോൾ അത്തരം കഥാപാത്രങ്ങളുമായി കൂടുതൽ ഇഴുകി ചേരാൻ നമുക്ക് കഴിയുന്നത് സ്വാഭാവികമാണ്.
ഹോം വർക്ക് നടത്തിയിരുന്നോ..?
സാധാരണഗതിയിൽ എനിക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ നമ്മൾ യാത്രകളിലും മറ്റും കാണാറുള്ള വ്യത്യസ്തരായ മനുഷ്യരെയാണ് ഹോം വർക്കായി മനസ്സിൽ പ്രതിഷ്ഠിക്കാറുള്ളത്. അത് എന്റേതായ രീതിയാണ്. തമിഴിൽ പ്രശസ്ത സംവിധായകരോടൊപ്പം വർഷങ്ങളോളം അസ്സോസിയറ്റ് ഡയറക്ടറായി വർക്ക് ചെയ്ത ആര്യൻ വിജയ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞൂട്ടൻ 916. സംവിധായകൻ കുഞ്ഞൂട്ടന്റെ കഥ പറഞ്ഞപ്പോൾ വളരെയധികം കൗതുകം തോന്നി. സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരുപാട് അംഗങ്ങളുള്ള കർഷകശ്രീ ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയ വലിയൊരു കർഷക കുടുംബത്തിന്റെ കഥയാണിത്.കൂട്ടുകുടുംബങ്ങളിൽ സംഭവിക്കുന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. കുടുംബത്തിൽ കൃഷിയെ സ്‌നേഹിക്കുന്ന ഇളയമകനാണ് കുഞ്ഞൂട്ടൻ. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ കുഞ്ഞൂട്ടന്റെ വ്യത്യസ്തമായ ജീവിത യാത്രകളാണ് ഈ ചിത്രത്തിന്റെ കഥാംശം .
ഒരിടവേളക്ക് ശേഷം ഗിന്നസ് പക്രുവും, ടിനി ടോമും ഒന്നിക്കുന്ന ചിത്രം കൂടിയാണല്ലോ...?
അതെ, വർഷങ്ങളുടെ ഇടവേളക്ക് ശേഷം ചാനൽ പരിപാടികളിൽ ഒന്നിച്ചിരുന്ന ടിനി ടോമും ഞാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഷാജു ശ്രീധർ ഉൾപ്പെടെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.
തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തരായ ടെക്‌നീഷ്യൻമാർ സിനിമയുടെ ഭാഗമാവുകയാണല്ലൊ..?
നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകൻ ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറാമാൻ. ബോളിവുഡ്ഡിലെ പ്രമുഖ ഫൈറ്റ് മാസ്റ്റർ ഫിനിക്‌സ് പ്രഭു സംഘട്ടന സംവിധാനവും, എഡിറ്റിംഗ് അഖിലേഷ് മോഹനും നിർവ്വഹിക്കുന്നു.
യഥാർത്ഥ ജീവിതത്തിൽ ഗിന്നസ് പക്രു കൃഷിയോട് താൽപ്പര്യമുള്ള ആളാണോ...?
ചെറുപ്പം മുതൽക്കേ മണ്ണിന്റെ മണമുള്ള കൃഷിയോട് എനിക്ക് ഇഷ്ടമാണ്. വീട്ടിൽ അത്യാവശ്യമുള്ള മാവും, പ്ലാവുമൊക്കെ വെച്ച് പിടിപ്പിക്കാറുണ്ട്. ഒരിക്കൽ, എന്റെ വീട്ടിൽ എനിക്ക് പറിക്കാവുന്ന തരത്തിൽ ഒരു പ്ലാവിൽ ചക്കയുണ്ടാവുകയും ചെയ്തു.
കുട്ടീം കോലുമെന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാൻ തയ്യാറെടുപ്പ് നടത്താറുണ്ടോ..?
അഭിനയത്തിന്റെയും, ടെലിവിഷൻ പരിപാടികളുടെയും തിരക്ക് കഴിഞ്ഞാൽ പുതിയൊരു സിനിമ സംവിധാനം ചെയ്യണം. അതിന്റെ കഥയും തിരക്കഥയുമൊക്കെ ഏകദേശം പൂർത്തിയായി വരുന്നു.
കുഞ്ഞൂട്ടന് ശേഷമുള്ള ഗിന്നസ് പക്രുവിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ച് ....?
വിനയൻസാറിന്റെ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ഞാൻ നോക്കി കാണുന്നത്. ബിഗ് ഫാദറിന് ശേഷം മഹേഷേട്ടന്റെ ചിത്രത്തിലും അഭിനയിക്കും.
എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: ഗിരിശങ്കർ