NEWS

ഇണക്ക- പിണക്കങ്ങളിലൂടെ ഗിന്നസ് പക്രുവും ടിനിടോമും...

News

 

ഗിന്നസ് പക്രു നായകനായെത്തുന്ന സിനിമയാണ് 916 കുഞ്ഞൂട്ടന്‍. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്‌മെന്റ് നിര്‍മ്മിക്കുന്ന സിനിമ ആര്യന്‍ വിജയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ ടിനിടോമും രാകേഷ് സുബ്രഹ്‌മണ്യവുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങളുമായി സുഹൃത്തുക്കളായ ഗിന്നസ് പക്രുവും ടിനിടോമും...

എന്താണ് 916 കുഞ്ഞൂട്ടന്‍?

പക്രു: തങ്കം പോലെയൊരു കുഞ്ഞൂട്ടന്‍. അയാളുടെ ജീവിതം പറയുന്ന ഒരു സിനിമ. അയാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍, ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങള്‍ അങ്ങനെ... സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു കഥാപാത്രം ആണ് ഇതിലേത്.

എന്തുകൊണ്ട് ഈ സിനിമ ചെയ്യണം എന്ന് തീരുമാനിച്ചു?

പക്രു: നമുക്ക് നിരന്തരം കുറെ ഓഫറുകള്‍ വരും. ചിലതിന്റെയെല്ലാം കഥ കേള്‍ക്കും. നല്ല കഥ വേണം. നല്ലൊരു വേഷം ആയിരിക്കണം എന്നേയുള്ളൂ. അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ കേട്ട കഥകളില്‍ ഒന്നും നമുക്ക് എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യാനുള്ളതായി തോന്നില്ല. ഈ സിനിമ പക്ഷേ ആ നിലയില്‍ എന്നെ ആകര്‍ഷിച്ചു. എന്നെപ്പോലെയൊരു വ്യക്തിയെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും നിര്‍മ്മിക്കാനും എടുത്ത തീരുമാനമാണ് പ്രധാനം. പിന്നെ ഇത് എനിക്കുവേണ്ടി തന്നെ ചെയ്ത, എനിക്ക് പെര്‍ഫോം ചെയ്യാന്‍ നല്ല സ്‌പേസ് ഉള്ള ഒരു വേഷമാണ്. അത്ഭുതദ്വീപിനുശേഷം നല്ല വേഷങ്ങള്‍ കുറച്ചെണ്ണം ചെയ്തിട്ടുണ്ട്.ഒരു ബ്രേക്കിന് ശേഷം പിന്നെ കുഞ്ഞൂട്ടന്‍ ആണ്.

ടിനി: ആദ്യത്തെ ആകര്‍ഷണം ഇവന്‍ തന്നെയാണ്. കുട്ടികള്‍ക്ക് ഒക്കെ ഇഷ്ടപ്പെടുന്ന ഒരു സിനിമ. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന ഒരു കഥയാണ്.

റിയല്‍ ലൈഫില്‍ നിങ്ങള്‍ രണ്ടുപേരും വളരെ നല്ല സുഹൃത്തുക്കള്‍ ആണെന്ന് അറിയാം. സിനിമയില്‍ എങ്ങനെയാണ് നിങ്ങളുടെ കോംബോ അവതരിപ്പിച്ചിരിക്കുന്നത്?

പക്രു: ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടുപേരും വേറെ വേറെ വഴിയിലൂടെയാണ് ഈ സിനിമയില്‍ എത്തപ്പെട്ടത്. ഞങ്ങള്‍ സിനിമയിലുടനീളം ഒരുമിച്ച് അഭിനയിക്കുന്നില്ല. സിനിമയില്‍ കഥാപാത്രത്തിന്റെ യാത്രയിലാണ് ടിനി എന്റൊപ്പം ചേരുന്നത്. മുന്നേ ഞങ്ങള്‍ ചെയ്തതുപോലെയുള്ള വേഷം ഒന്നും അല്ല ഇതിലുള്ളത്. വളരെ വ്യത്യസ്തമായാണ് ചെയ്തിട്ടുള്ളത്. ടിനി ഇതുവരെ ചെയ്ത വേഷങ്ങളില്‍ ഏറ്റവും മികച്ച വേഷമാണ്  കര്‍ണ്ണന്‍ എന്ന കഥാപാത്രം.

എവിടെ വച്ചായിരുന്നു ഷൂട്ടിംഗ് ചെയ്തത്?

പക്രു: കൊടുങ്ങല്ലൂര്‍ വച്ചായിരുന്നു മുഴുവന്‍ ദിവസവും ഷൂട്ട് കഴിഞ്ഞത്. ഒരുപാട് വര്‍ഷത്തെ പഴക്കമുള്ള എന്റെ വീടും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഹൈലൈറ്റ്. വളരെ ചെറിയ വീട് ആണെങ്കിലും നല്ല മനോഹരമായ വീടാണ്. എന്നാല്‍ ഇതുവരെ ഒരു സിനിമയിലും ഉപയോഗിച്ചിട്ടില്ല. ഈ സിനിമയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞത് ഒരു ബ്ലെസിങ് ആണ്.

സിനിമയുടെ സെറ്റും ഭയങ്കര ഫണ്‍ തന്നെയാവും അല്ലെ?

അതെ. ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, ബിനു അടിമാലി, കോട്ടയം രമേഷ്, നിയാ വര്‍ഗ്ഗീസ്, ഡയാന ഹമീദ് എന്നിങ്ങനെ യുവതാരങ്ങള്‍ എല്ലാം വേഷമിട്ടിട്ടുണ്ട്. സെറ്റ് മുഴുവന്‍ സമയവും ഫണ്‍ ആയിരുന്നു.

നിങ്ങളുടെ ഈ 916 സൗഹൃദത്തിന്റെ ഫോര്‍മുലയെന്താണ്?

ടിനി: ഞങ്ങള്‍ തമ്മില്‍ നല്ല പിണക്കങ്ങളും അടിയും വഴക്കും ഒക്കെ ഉണ്ടാകാറുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകും. പിന്നെ ഞങ്ങള്‍ ഒരുപാട് യാത്രകള്‍ ചെയ്യും. റിയാലിറ്റി ഷോ വഴിയുള്ള ഞങ്ങളുടെ ബന്ധം പിന്നെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടു എന്നെയുള്ളു.

സിനിമയ്ക്ക് വേണ്ടി നിങ്ങള്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ എടുത്തു?

ടിനി: എന്റെ കഥാപാത്രം ഒരു ഫാന്റസിക്കല്‍ ആണ്. ആദ്യം കോണ്‍ഫിഡന്‍സ് തോന്നിയില്ലെങ്കിലും പിന്നീട് ഔട്ട് ഫിറ്റ് ഒക്കെ എടുത്തപ്പോള്‍ തനിയെ കോണ്‍ഫിഡന്‍സ് വരികയായിരുന്നു. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

 


LATEST VIDEOS

Interviews