NEWS

Happy Sakshi

News

ചലച്ചിത്രതാരവും മോഡലുമായ സാക്ഷി അഗര്‍വാള്‍ 2018 ല്‍ രജനീകാന്തിനൊപ്പം 'കാല'യില്‍ അഭിനയിച്ചുകൊണ്ടാണ് ശ്രദ്ധേയയായത്. 2025 ല്‍ പുറത്തിറങ്ങിയ മലയാളചത്രമായ 'ബെസ്റ്റി'യിലും സാക്ഷി പ്രധാന കഥാപാത്രമായി. തന്‍റെ ബാല്യകാല സുഹൃത്തിനെ അടുത്തിടെ വിവാഹം കഴിക്കുകയും ചെയ്ത സാക്ഷിയുടെ വിശേഷങ്ങളിലൂടെ...

സാക്ഷി ആദ്യം സിനിമയില്‍ എത്തിയപ്പോള്‍ എങ്ങനെയുണ്ടായിരുന്നുവോ അതേ സൗന്ദര്യം തന്നെയാണല്ലോ ഇപ്പോഴും. ഇത് എങ്ങനെ നിലനിര്‍ത്താനാവുന്നു?

സാക്ഷി അഗര്‍വാള്‍: ഞാന്‍ നല്ലപോലെ ഭക്ഷണം കഴിക്കും. പറഞ്ഞാല്‍ വിശ്വസിക്കില്ല. എത്രയധികം ഭക്ഷണം കഴിക്കുന്നുവോ അതിനനുസരിച്ച് നന്നായി വ്യായാമവും ചെയ്യും. ബിരിയാണി, അട, വട, അവിയല്‍ എന്നിങ്ങനെ മനസ്സിന് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചുകഴിക്കും. ദിവസവും രാവിലെ കുതിര്‍ത്തുവെച്ച ബദാം, ഇഞ്ചി, ചായ, പ്രാതലായി പഴുത്ത പപ്പായ, മുട്ടയുടെ വെള്ള ഓംലറ്റ്, ഉച്ചയ്ക്ക് റൊട്ടി, പച്ചക്കറികള്‍, രാത്രി വീണ്ടും റൊട്ടിയും പച്ചക്കറിയും എന്നിങ്ങനെയാണ് എന്‍റെ ഡയറ്റ്.

നിങ്ങള്‍ അച്ഛന് ബെന്‍സ് കാര്‍ സമ്മാനം കൊടുത്തതായി വാര്‍ത്തയുണ്ടായിരുന്നുവല്ലോ?

സാക്ഷി അഗര്‍വാള്‍: അച്ഛന്‍ എന്‍റെ ലൈനിലെ സ്പെഷ്യലാണ്. ഞാന്‍ സ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് മുതല്‍ വീട്ടില്‍ നിന്നും പണം ചോദിക്കാറില്ലായിരുന്നു. എന്‍റെ ആവശ്യങ്ങള്‍ ഞാന്‍ തന്നെയാണ് നിര്‍വഹിച്ചുപോന്നത്. പെണ്‍കുട്ടികള്‍ എന്തിനും ഏതുകാര്യത്തിനും ആരെയും ആശ്രയിക്കരുതെന്നും വിശ്വസിക്കരുതെന്നും പഠിപ്പിച്ചുതന്നത് അച്ഛനാണ്. അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യണം എന്ന് തോന്നി ബെന്‍സ് കാര്‍ വാങ്ങിച്ചുകൊടുത്തു. അദ്ദേഹത്തേക്കാള്‍ ഞാനാണ് അധികവും ആ കാറ് യൂസ് ചെയ്യുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നിങ്ങളുടെ അയല്‍വാസിയാണല്ലോ? രണ്ടാളും കാണാറുണ്ടോ?

സാക്ഷി അഗര്‍വാള്‍: അതെ, ഞങ്ങളുടെ ഓപ്പസിറ്റ് ഫ്ളാറ്റിലാണ് അവര്‍ താമസിക്കുന്നത്. പക്ഷേ ഇന്നുവരെ ഇവിടെ വെച്ച് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.  
പൊതുപരിപാടികളിലും പാര്‍ട്ടികളിലും വെച്ച് കാണുമ്പോള്‍ നന്നായി സംസാരിക്കും.

നിങ്ങളുടെ സോഷ്യല്‍മീഡിയാ പേജുകളില്‍ എപ്പോഴും വെറൈറ്റിയായ ഫോട്ടോ ഷൂട്ടുകളുടെ അപ്ഡേറ്റ്സ് കാണാമല്ലോ? ഫോട്ടോയെടുത്ത് അതില്‍ നിറയ്ക്കുന്നത് ഹരമാണോ?

സാക്ഷി അഗര്‍വാള്‍: ഹരം എന്നല്ല, അത് എനിക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ്. പുതിയ പുതിയ വ്യത്യസ്തങ്ങളായ ഗെറ്റപ്പുകളില്‍ ഫോട്ടോയെടുത്ത് ഞാനിതിന് ഫിറ്റാണോ എന്ന് സ്വയം പരിശോധിക്കും. ഫോട്ടോഷൂട്ട് എനിക്ക് ഒരു എനര്‍ജിമെറ്റീരിയലാണ്.

നിങ്ങള്‍ വലിയ 'പാര്‍ട്ടി ഫ്രീക്കാണോ?'

സാക്ഷി അഗര്‍വാള്‍: അങ്ങനെയൊരു പ്രചരണം എന്നെക്കുറിച്ചുണ്ട്. ചെന്നൈയിലെ ഒരു പബ്ബിലും എന്നെ കാണാനാവില്ല. ഇരുട്ടുമുറിയില്‍ ശബ്ദത്തില്‍ പാട്ടുവെച്ച് പാര്‍ട്ടി നടത്തുന്ന ആളല്ല ഞാന്‍. നേര്‍ക്കുനേര്‍, മുഖത്തോട് മുഖം നോക്കി മനസ്സ് തുറന്ന് സംസാരിക്കുക എന്നതാണ് എന്‍റെ സ്റ്റൈല്‍. എന്നെ ഫ്രണ്ട്സിനൊപ്പം ഹോട്ടലുകളിലും മെറീനാബിച്ചിലും, ഷോപ്പിംഗ് കോംപ്ലക്സുകളിലും ഇടയ്ക്കിടെ കാണാം. ഒപ്പം ക്ഷേത്രങ്ങളിലും.
 


LATEST VIDEOS

Interviews