NEWS

അരങ്ങേറ്റം ബിഗ്‌സ്‌ക്രീനിൽ എന്ന് നിർബന്ധമുണ്ടായിരുന്നു ഹരിശങ്കർ

News

എന്റെ കരിയർ ഒരിക്കലും കോംപ്രമൈസ് ചെയ്യാൻ ഞാൻ തുടക്കം മുതലേ തയ്യാറായിരുന്നില്ല. സിനിമയുടെ യാതൊരുവിധ ബാക്ക് ഗ്രൗണ്ട് ഇല്ലാതെ സിനിമയിൽ എത്തുമ്പോൾ എന്റെ വഴി അത്ര സുഖകരമായിരിക്കില്ലെന്ന് അറിയാമായിരുന്നു. പഠനം കഴിഞ്ഞ് ഒരു വർഷത്തോളം ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തു. പലപ്പോഴും ചതിക്കപ്പെട്ടു. പലയിടത്തുനിന്നും റിജക്ഷൻസ് നേരിടേണ്ടി വന്നു. കിട്ടിയ ചില സിനിമകളിൽ ഞാൻ കൺവിൻസ്സായിരുന്നില്ല. ഇതിനിടയിൽ ഷോർട്ട് ഫിലിമുകളിലേക്കും പരസ്യചിത്രങ്ങളിലേക്കും അവസരങ്ങൾ ലഭിച്ചപ്പോഴും സിനിമയാണ് എന്റെ ഇടമെന്നുള്ളതുകൊണ്ട് അതിനോടെല്ലാം നോ പറയുകയായിരുന്നു. എല്ലാം നിർത്തി ജോലിക്ക് കയറാമെന്ന തീരുമാനത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു ജൂണിലേക്ക് വിളിക്കുന്നത്. എന്റെ ലൈഫ് ചേഞ്ച് മൊമെന്റ് അവിടെയെന്ന് പറയാം. ജൂൺ ഇറങ്ങി നാലുവർഷങ്ങൾക്കുശേഷം അതേ ടീമിനൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ആദ്യമലയാള വെബ് സീരീസിൽ പ്രധാനപ്പെട്ട വേഷം ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണിപ്പോൾ. പുതിയ പ്രതീക്ഷകളെക്കുറിച്ച് ഹരിശങ്കർ സംസാരിച്ചുതുടങ്ങി.കംഫർട്ട് സോണിൽനിന്ന്

പുറത്തുചാടിയ ശരത്ത്

2019 ലാണ് എന്റെ ആദ്യസിനിമ ജൂൺ തിയേറ്ററുകളിൽ എത്തുന്നത്. ഒരു കൂട്ടം കൗമാരക്കാരുടെ കഥ പറഞ്ഞ ജൂണിൽ രാഹുൽ എന്ന വളരെ സോഫ്റ്റായ ഒരു കഥാപാത്രമാണ് ചെയ്തത്. രാഹുൽ നമുക്ക് എല്ലാവർക്കും പരിചിതമായ ഒരാളാണ്. ആദ്യസിനിമ ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് അഭിനയിച്ചത്. എന്നെ അറിയുന്ന പ്രേക്ഷകർക്ക് രാഹുലിൽ നിന്ന് ശരത്തിലേക്ക് എത്തുമ്പോൾ ഞാൻ എന്ന നടന്റെ മറ്റൊരു തലം കാണാൻ സാധിച്ചുവെന്നതിൽ വളരെയധികം സന്തോഷമുണ്ട്. അത്രയധികം സംതൃപ്തി തന്ന കഥാപാത്രമാണ് ശരത്ത്. അഭിനയിക്കുമ്പോഴും അതുകഴിഞ്ഞ് ഇപ്പോൾ കണ്ടപ്പോഴും ഒപ്പമുള്ളവർ പറയുമ്പോഴും ഉള്ളിൽ നിറയുന്നത് സംതൃപ്തി മാത്രമാണ്. ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ് ഇക്ക(അഹമ്മദ് കബീർ) ഹോട്ട്സ്റ്റാറിനുവേണ്ടി മലയാളത്തിലൊരു വെബ് സീരീസ് ചെയ്യുമ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽപ്പരം മറ്റൊരു സന്തോഷമില്ല. കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്- നീണ്ടകര എന്ന വെബ് സീരീസ് ജനങ്ങളിലേക്ക് എത്തിയപ്പോൾ പ്രതീക്ഷകൾക്കപ്പുറമുള്ള വർക്കെന്ന് എല്ലാവരും പറയുന്നു. എന്റെ കരിയറിൽ എനിക്ക് ബ്രേക്ക് നൽകിയ കഥാപാത്രമായി ശരത്ത് മാറിയതിന്റെ സന്തോഷത്തിലാണിപ്പോൾ.

ജനങ്ങൾക്കൊപ്പം  കെ.സി.എഫ് കണ്ടു

അഹമ്മദ് ഇക്ക കെ.സി.എഫിനുവേണ്ടി വിളിക്കുമ്പോൾ ആർ.ഡി.എക്‌സിന്റെ ഡേറ്റുമായി ക്ലാഷ് ഉണ്ടായിരുന്നു. ഇത്രയും നല്ലൊരു വർക്കിന്റെ ഭാഗമാവാൻ കഴിയാതിരിക്കുമോയെന്ന വിഷമം ഉണ്ടായിരുന്നു. എന്നാൽ ആർ.ഡി.എക്‌സിന്റെ ഡേറ്റിൽ ചെറിയ മാറ്റം വന്നപ്പോൾ കെ.സി.എഫിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞു. അഹമ്മദ് ഇക്ക സ്റ്റോറി പറയാൻ വിളിച്ചപ്പോൾ മൂന്ന് എപ്പിസോഡിന്റെ കഥ മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ. ബാക്കി എനിക്ക് ജനങ്ങൾക്കൊപ്പം ഫ്രഷായി കണ്ടാൽ മതിയെന്ന് എന്റെ തീരുമാനമായിരുന്നു. പൊതുവേ ത്രില്ലർ ജോണർ ഇഷ്ടമുള്ള ഒരാളാണ് ഞാൻ എന്നതുകൊണ്ട് അത്രയും താൽപ്പര്യത്തോടെയാണ് അഭിനയിച്ചത്.

ജൂണിനും മധുരത്തിനും ശേഷം അഹമ്മദ് ഇക്കായുടെ പ്രോജക്ട്

ഞാൻ ഇതിനുമുമ്പ് ചെയ്ത കഥാപാത്രത്തിൽ നിന്ന് ഷിഫ്റ്റ് എനിക്ക് ആവശ്യമുണ്ടായിരുന്നു. അതുപോലെ ജൂണും മധുരവും ഫീൽ ഗുഡിഗണത്തിലായതുകൊണ്ടുതന്നെ അഹമ്മദ് ഇഷയ്ക്കും അവിടെ നിന്നൊരു മാറ്റം ആവശ്യമായിരുന്നു. ശരത്തിനെക്കുറിച്ച് എന്നോട് പറയുമ്പോൾ നിനക്ക് ഇതൊരു ബ്രേക്ക് ആവുമെന്ന് ഇക്ക പറഞ്ഞിരുന്നു. ശരത്തിനുവേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും എടുത്തിരുന്നില്ല. ചെയ്ത കഥാപാത്രത്തിൽ നിന്ന് ഒരു സാധാരണക്കാരനായ ഇത്തിരി കള്ളത്തരങ്ങളെല്ലാമുള്ള ശരത്തിലേക്ക് മാറുമ്പോൾ സിഗരറ്റ് വലിക്കണം എന്നത് മാത്രമായിരുന്നു എന്റെ മുന്നിലുള്ള ടാസ്‌ക്ക്. ഞാൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഒരാളാണ്. അതുകൊണ്ട് ഇതിനുവേണ്ടി സിഗരറ്റ് വലിക്കാൻ പഠിച്ചു. അത് രണ്ടുദിവസം കൊണ്ട് സെറ്റായി. അഹമ്മദ് ഇക്കയുടെ എല്ലാ വർക്കിലെയും പോലെ ഷൂട്ടിന് മുൻപ് കുറച്ചുദിവസത്തെ വർക്ക്‌ഷോപ്പ് ഉണ്ടായിരുന്നു. അത് അറ്റൻഡ് ചെയ്ത് നമ്മൾ ലൊക്കേഷനിൽ എത്തുന്നത് ഫൈനൽ ടേക്ക് എടുക്കാനായിരിക്കും. കെ.സി.എഫിൽ ഓപ്പണിംഗ് ഷോട്ടു തന്നെ എന്റെ മുഖത്തോടെയാണ് തുടങ്ങുന്നത്. ഇൻവെസ്റ്റിഗേഷന്റെ തുടക്കവും എന്നിലൂടെയാണ്. അത്രയും പ്രധാനപ്പെട്ട ഒരു വേഷം അഹമ്മദ് ഇക്ക എന്നിലേക്ക് അത്രയും ധൈര്യത്തിൽ ഏൽപ്പിച്ചതിന് ഒരുപാട് സന്തോഷവും ഒപ്പം നന്ദിയുമുണ്ട്.

കെ.സി.എഫിനെ ജനങ്ങൾക്ക് വിട്ടുകൊടുത്തപ്പോൾ

ഹോട്ട് സ്ട്രീം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്നത് വലിയൊരു റിസ്‌ക്ക് തന്നെയായിരുന്നു. ടീം ഫുൾ കോൺഫിഡന്റായിരുന്നു. ഒട്ടും ക്വാളിറ്റി കോംപ്രമൈസ് ചെയ്തിട്ടില്ല എന്നതുതന്നെയാണ് കെ.സി.എഫിന് ഇപ്പോൾ കിട്ടുന്ന സ്വീകാര്യതയ്ക്ക് പിന്നിൽ. ഒരുപക്ഷേ ജനങ്ങൾ ഇതിന്റെ ഔട്ട്പുട്ട് ഇത്രയധികം പ്രതീക്ഷിച്ചിട്ടില്ലായിരുന്നെന്ന് കെ.സി.എഫ് കണ്ട് മെസ്സേജ് അയയ്ക്കുന്നവരുടെ വാക്കുകളിലുണ്ട്. ചെയ്യുന്ന വർക്കിൽ കോൺഫിഡൻസ് ഉണ്ടെങ്കിൽ അത് ജനങ്ങൾ ഏറ്റെടുക്കുമെന്ന ടീമിന്റെ ധൈര്യം  ഇനി വരുന്ന ഓരോ വെബ് സീരീസുകൾക്കും വെല്ലുവിളിയാണ്. കെ.സി.എഫിനോളം ക്വാളിറ്റിയോ അല്ലെങ്കിൽ അതിനപ്പുറം പ്രേക്ഷകർ ഇനി പ്രതീക്ഷിക്കും. അത് ഇനി ചെയ്യുന്നവരുടെ ഒരു ഉത്തരവാദിത്തമാവും.

ആർ.ഡി.എക്‌സ്  പ്രതീക്ഷയാണ്

ജൂണിനുശേഷം നാലുവർഷം കാത്തിരിക്കേണ്ടി വന്നു മറ്റൊരു നല്ല പടത്തിൽ ജോയിൻ ചെയ്യാൻ ചെയ്യുന്ന സിനിമകളുടെ എണ്ണങ്ങളിലല്ല മറിച്ച് ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി തന്നെയാണ് പ്രധാനം. അത്തരത്തിൽ എനിക്ക് കിട്ടിയ മറ്റൊരു വലിയ പ്രോജക്ടാണ് നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ആർ.ഡി.എക്‌സ്. ആന്റണി വർഗ്ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് ഇവർക്കൊപ്പം എനിക്കും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു. പൊതുവേ ഇതൊരു അിെപ്പടമെന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇതൊരു ഫാമിലി ഡ്രാമയാണ്. വിക്രം, കെ.ജി.എഫ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫി ചെയ്ത അൻപറിവ് ആർ.ഡി.എക്‌സില ആക്ഷൻ കോറിയോഗ്രഫി ചെയ്തിട്ടുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

കുടുംബം  കരുത്താണ്

എനിക്ക് ഒരു രീതിയിലുള്ള പ്രഷർ തരാതെ എന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്നവരാണ് എന്റെ ഫാമിലി.അച്ഛൻ രാജേന്ദ്രൻ. അമ്മ കനകം. ചേട്ടൻ രവിശങ്കർ, ചേച്ചി അശ്വതി. ചേട്ടനും ചേച്ചിയും എന്നെ അത്രയധികം സപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇന്നിവിടെവരെയെങ്കിലും എനിക്ക് എത്തിനിൽക്കാൻ കഴിഞ്ഞത്. ജോലിയില്ലാതെ ഓഡിഷനുകളിൽ പങ്കെടുക്കാൻ എല്ലാ വീക്കെന്റും കൊച്ചിയിലേക്ക് വരുമ്പോഴെല്ലാം ചേട്ടനാണ് ഹെൽപ് ചെയ്തിട്ടുള്ളത്. എന്റെ കഴിവിനെകുറിച്ച് എന്നേക്കാൾ ആത്മവിശ്വാസം ചേട്ടനുണ്ടായിരുന്നു. അന്ന് ഒരുപക്ഷേ ചേട്ടൻ എന്നെ ഹെൽപ് ചെയ്തില്ലായിരുന്നെങ്കിൽ ഇന്നിവിടെ ഇങ്ങനെ ഒരു ആക്ടർ ഉണ്ടാവില്ലായിരുന്നു.

ബിന്ദു പി.പി


LATEST VIDEOS

Top News