ഇന്ത്യൻ രണ്ടാം ഭാഗത്തിന് ശേഷം കമൽഹാസൻ ഇപ്പോൾ മണിരത്‌നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും നടക്കാനിരിക്കുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, ദിഷ പടാനി തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
അതേസമയം, കമൽഹാസന്റെ 233-ാമത്തെ ചിത്രം 'ധീരൻ അധികാരം ഒൻട്രു' 'വലിമൈ' തുടങ്ങിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദാണ് സംവിധാനം ചെയ്യുന്നതെന്ന് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ' കമ്പനി കഴിഞ്ഞ വർഷം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഈ ചിത്രം ഉപേക്ഷിച്ചെന്നാണ്. ഇതിന് കാരണം അടുത്തിടെ കമൽഹാസന്റെ പ്രൊഡക്ഷൻ ഹൗസ് അവർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റിൽ ‘കമൽ-233’ ചിത്രം കുറിച്ചുള്ള അറിയിപ്പ് ഉണ്ടായിരുന്നില്ല. അതിനാൽ ഈ ചിത്രം ഉപേക്ഷിച്ചെന്നാണ് പറയപ്പെടുന്നത്. ഇതിനാൽ എച്.വിനോദ് അടുത്ത് തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രശസ്ത ഹാസ്യനടനായ 'യോഗി' ബാബുവൈ നായകനാക്കി ഉടനെത്തന്നെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണെന്നുളള വിവരം ലഭിച്ചിട്ടുണ്ട്. അതേ സമയം ധനുഷിനെ നായകനാക്കിയും എച്.വിനോദ് ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടത്രേ. ധനുഷ് ഇപ്പോൾ തെലുങ്ക് സംവിധായകനായ ശേഖർ കമുലാ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കും എന്നാണു പറയപ്പെടുന്നത്. കമൽഹാസനുമായുള്ള ചിത്രത്തിന് വേണ്ടി നിറയെ ഒരുക്കങ്ങൾ നടത്തിയ എച്.വിനോദിന് അവസാനം അപമാനവും, നിരാശയുമാണ് ഉണ്ടായത്. ഈ വിഷയം ഇപ്പോൾ കോളിവുഡിൽ സംസാരവിഷയ മായിരിക്കുകയാണ്.