തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടരുതെന്ന ആവശ്യം ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നതിരിക്കുന്നത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടന്നത് കടുത്ത വിവേചനമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നതുൾപ്പെടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്ത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുമെന്നും റിപ്പോർട്ട്. ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കാൻ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ കമ്മിഷനോട് പരാതിപ്പെട്ടു. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.