തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ആര്യയെ നായകനാക്കി പ.രഞ്ജിത്ത് സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ സിനിമയാണ് 'സർപ്പട്ട പരമ്പര'. ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതെ ആമസോൺ ഒ.ടി.ടി.യിലാണ് റിലീസായത്. ആരാധകരെ ആകർഷിച്ചും, നിരൂപക പ്രശംസ നേടിയും വൻ വിജയമായ ഈ ചിത്രത്തിൽ ആര്യ ഒരു ബോക്സറുടെ വേഷത്തിലാണ് അഭിനയിച്ചത്. തുഷാര വിജയനാണു നായികയായി അഭിനയിച്ചത്. ഇവർക്കൊപ്പം പശുപതി, കലൈയരശൻ, സഞ്ജന നടരാജൻ, ജോൺ വിജയ്, ജോൺ കൊക്കൻ തുടങ്ങി നിരവധി പേർ അണിനിരന്ന ഈ ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം നൽകിയിരുന്നത്.
സംവിധായകൻ പ.രഞ്ജിത്തിന്റെ 'നീലം പ്രൊഡക്ഷൻസ്' നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്നുള്ള ഔദ്യോഗിക വാർത്ത ചിത്രത്തിന്റെ അണിയറപ്രവർത്തകൾ പുറത്തുവിട്ടിട്ടുണ്ട്. ആര്യ തന്നെയാണ് കഥാനായകനായി വരുന്നത്. പ.രഞ്ജിത്ത് തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും, നിർമ്മിക്കുന്നതും. പാ.രഞ്ജിത്ത് ഇപ്പോൾ വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രം സംവിധാനം ചെയ്തു വരികയാണ്. ഇതിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന.