അമേരിക്കയില്‍ ജനിച്ച് ബാംഗ്ലൂരില്‍ വളര്‍ന്ന്, ആന്ധ്രാപ്രദേശുകാരിയായ ശ്രീലീല ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മോസ്റ്റ് വാണ്ടഡ് ആന്‍റ് മോസ്റ്റ് ഡിമാന്‍റ് ഹീറോയിനാണ്.
വടിവൊത്ത ആകാരഭംഗിയ്ക്കും മുഖസൗന്ദര്യത്തിനും ഉടമയായ ഈ ഇരുപത്തിരണ്ടുകാരി സിനിമയില്‍ ആദ്യം ചുവടുവെച്ചത് ബാലതാരമായിട്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭരതനാട്യം അഭ്യസിച്ച് പ്രാവീണ്യം നേടിയ ശ്രീലീല 'ചിത്രാംഗദാ' എന്ന തെലുങ്ക് സിനിമയിലാണ് ബാലതാരമായി വേഷമിട്ടത്. ചെറുപ്പം തൊട്ടേയുള്ള ശ്രീലീലയുടെ അഭിലാഷം പഠിച്ച് ഡോക്ടറാവുക എന്നതായിരുന്നു. താരത്തിന്‍റെ ആ സ്വപ്നവും പൂവണിഞ്ഞു. ഇപ്പോള്‍ എം.ബി.ബി.എസുകാരിയായ സിനിമാതാരമാണ് ശ്രീലീല.
സോഷ്യല്‍ മീഡിയായില്‍ ശ്രീലീലയുടെ ഫോട്ടോകള്‍ കണ്ട് ആകൃഷ്ടനായ സംവിധായകന്‍ എം.പി. അര്‍ജ്ജുന്‍ തന്‍റെ 'കിസ്സ്' എന്ന കന്നട സിനിമയില്‍ ശ്രീലീലയെ നായികയാക്കി. സിനിമ തിയേറ്ററിലെത്തി നൂറുദിവസം വിജയകരമായി പ്രദര്‍ശനം നടത്തിയതോടെ താരമായി. അങ്ങനെ കന്നട സിനിമ ശ്രീലീലയ്ക്ക് ചുറ്റും ഭ്രമണം ചെയ്യാന്‍ തുടങ്ങി. ശ്രീലീലയുടെ സൗന്ദര്യം തെലുങ്ക് സംവിധായകരേയും ഭ്രമിപ്പിച്ചു. തെലുങ്ക് സിനിമ ഒന്നിനുപിറകെ ഒന്നായി അവസരങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. നന്തമൂരി ബാലകൃഷ്ണാ, രാം പൊത്തിനേനി, രവി തേജാ, മഹേഷ് ബാബു എന്നിങ്ങനെ തെലുങ്കിലെ മുന്‍നിര നായകന്മാരുടെ ജോഡിയാവാന്‍ കഴിഞ്ഞതോടെ ശ്രീലീലയുടെ താരമൂല്യം ഉയര്‍ന്നു.
റിലീസായ 'ഗുണ്ടൂര്‍ കാരം' എന്ന സിനിമ ശ്രീലീലയുടെ പരാജയ ലിസ്റ്റിന് ഹരിശ്രീ കുറിച്ചുവെങ്കിലും അതിലെ ഗാനങ്ങള്‍ ഹിറ്റായതോടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഡിമാന്‍റുള്ള നടിയാവാന്‍ കഴിഞ്ഞു. ഇങ്ങനെയൊരു നടിയെ കണ്ടാല്‍ തമിഴ് സിനിമാക്കാര്‍ ചൂണ്ടയിടാതിരിക്കില്ലല്ലോ. പ്രഭുദേവ ചിത്രമായ വിജയ്യുടെ 'ദ ഗോട്ട്', അജിത്തിനെ നായകനാക്കി ആദിക്ക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയ്ക്കുവേണ്ടിയും ശ്രീലീലയെ സമീപിച്ചിരുന്നു. രണ്ട് സംവിധായകരോടും സംസാരിച്ച ശ്രീ ലീല അജിത്തിന്‍റെ സിനിമയ്ക്കാണത്രേ 'യെസ്' പറഞ്ഞത്. കാരണം 'ദ ഗോട്ട്' എന്ന സിനിമയില്‍ മീനാക്ഷി ചൗധരി ആയിരുന്നു നായിക.
തമിഴില്‍ ഐറ്റം ഡാന്‍സറായി അരങ്ങേറ്റം നടത്താന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണത്രേ താരം വിജയ് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ച് അജിത്തിന്‍റെ ചിത്രത്തില്‍ നായികയാവുന്നത്. ചുരുങ്ങിയ കാലയളവില്‍, മൂന്നുവര്‍ഷം കൊണ്ട് ഒരു ഡസനില്‍പ്പരം സിനിമകളില്‍ നായികയായി അഭിനയിച്ച് പുതിയ ചരിത്രവും രചിച്ചിരിക്കയാണ് ശ്രീലീല. പിന്നെങ്ങനെ നായകന്മാരും സംവിധായകന്മാരും ശ്രീലീലയ്ക്ക് പിന്നാലെ പായാതിരിക്കും. ഇന്ന് തമിഴ് സിനിമയിലെ മുന്‍നിര യുവനായകന്മാരില്‍ മിക്കവരും ശുപാര്‍ശ ചെയ്യുന്നത് ശ്രീലീലയെ ആണത്രേ.
അടുത്തിടെ റിലീസായി സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ വന്‍കോളിളക്കം സൃഷ്ടിച്ച പുഷ്പ 2 വിലെ ഐറ്റം ഡാന്‍സ് ശ്രീലീലയുടെ കരിയറിലെ സുപ്രധാന നാഴികക്കല്ലാണ്. ഏതായാലും തെന്നിന്ത്യന്‍ സിനിമകളില്‍ ഇനിയുള്ള നാളുകള്‍ ശ്രീലീലയുടേതാണെന്ന് പറയാം.