സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'പട്ടണപ്രവേശം' എന്ന സിനിമ ബാല്യകാലത്ത് കണ്ട് പൊട്ടിച്ചിരിച്ച ഒരു പെണ്‍കുട്ടിയുണ്ട്. അന്ന്, പൊട്ടിച്ചിരിച്ച് പൊട്ടിച്ചിരിച്ച് മതിമറന്ന ആ പെണ്‍കുട്ടി ഇപ്പോള്‍ മുംബൈയിലാണുള്ളത്. ഇന്ന് ആ പെണ്‍കുട്ടി 'ഹൃദയപൂര്‍വ്വം' എന്ന സിനിമയിലെ നായികയാണ്.
ഹൃദയപൂര്‍വ്വം സിനിമ സംവിധാനം ചെയ്യുന്നത് ആരാണ്...?
സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 'പട്ടണപ്രവേശം' സിനിമ കാണുമ്പോഴൊ, പില്‍ക്കാലത്ത് സിനിമയില്‍ അഭിനയിച്ചുതുടങ്ങുമ്പോഴൊ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഞാന്‍ ഭാവിയില്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമയില്‍ നായികയായി അഭിനയിക്കുമെന്ന്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. 'ഹൃദയപൂര്‍വ്വം' എന്ന തന്റെ സിനിമയില്‍ നായികയായി അഭിനയിച്ചുതുടങ്ങിയപ്പോഴും സത്യന്‍ അന്തിക്കാടിനും അറിയില്ലായിരുന്നു, ഈ നായികപെണ്‍കുട്ടി 'പട്ടണപ്രവേശം' എന്ന സിനിമ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ടെന്ന്.
കുമളി- വണ്ടിപ്പെരിയാറില്‍ ആനക്കുഴി എന്ന എസ്റ്റേറ്റിലെ ഒരു ബംഗ്ലാവില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ നായിക മാളവിക മോഹനോട് ഈ സിനിമയുടെ എക്‌സ്പീരിയെന്‍സിനെക്കുറിച്ച് ചോദിക്കുമ്പോഴാണ് 'പട്ടണപ്രവേശം' സിനിമയുടെയും സത്യന്‍ അന്തിക്കാടിന്റെയും ഒക്കെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മനസ്സ് തുറന്നത്.
'വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതിനുവേണ്ടിയുള്ള ഫോണ്‍കോള്‍ എനിക്ക് വരുന്നത്. സത്യന്‍സാറിന്റെ മകന്‍ അഖില്‍ സത്യനാണ് എന്നെ ആദ്യം വിളിക്കുന്നത്. അച്ഛനൊരു സിനിമ ചെയ്യുന്നു. മോഹന്‍ലാലാണ് ഹീറോ എന്നുപറയുകയുണ്ടായി. ഞാന്‍ എക്‌സ്‌പെക്റ്റ് ചെയ്യാത്ത ഒരു ടൈമിലാണ് എനിക്ക് ഒരു കാള്‍ വരുന്നത്. ഞാന്‍ തമിഴിലും തെലുങ്കിലുമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. മലയാളിയാണെങ്കിലും മലയാളം സിനിമകളില്‍ അഭിനയിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലാത്ത സമയം.
ഞാന്‍ മുംബൈയിലാണ് താമസമെങ്കിലും ധാരാളം മലയാളം സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സത്യന്‍സാറിന്റെയും ലാല്‍സാറിന്റെയും കൂട്ടുകെട്ടില്‍ വന്നിട്ടുള്ള എത്രയോ സിനിമകളുണ്ട്. അതെല്ലാം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ആ സിനിമകളുടെയെല്ലാം വലിയ ഒരു ഫാനായിരുന്നു ഞാന്‍. ആ സിനിമകള്‍ കണ്ടുകണ്ടാണ് ഞാന്‍ വലുതായത്. എങ്ങനെയെങ്കിലും ഈ സിനിമ ചെയ്യണമെന്ന് തന്നെയാണ് ഞാന്‍ തീരുമാനിച്ചതും ആഗ്രഹിച്ചതും.
അങ്ങനെ ഞാന്‍ ഡേറ്റ്‌സെല്ലാം അഡ്ജസ്റ്റ് ചെയ്തപ്പോള്‍ സ്റ്റോറി കേട്ടു. കഥ എനിക്കിഷ്ടമായി. എന്റെ ക്യാരക്ടറും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വളരെ ഇംപോര്‍ട്ടന്റായിട്ടുള്ളതും സിനിമയില്‍ ത്രൂ ഔട്ടായിട്ടുള്ളതും ആയ ഒരു കഥാപാത്രം. ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ നല്ല ഇന്ററസ്റ്റിംഗായിട്ടുള്ള ഒരു കഥാപാത്രമായി ചെയ്യാന്‍ എനിക്ക് കഴിയും എന്ന് മനസ്സിലായി. അതില്‍ സന്തോഷം തോന്നുകയും ചെയ്തു. നല്ല സ്‌കോപ്പുള്ള റോള്‍. അങ്ങനെനോക്കിയാല്‍ എല്ലാ 'ടിക്ക് മാര്‍ക്‌സും' ഉണ്ടായിരുന്നു. രണ്ടുമാസം കൊണ്ടാണ് ഞാന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്തത്. അത്ര വേഗത്തില്‍ കാര്യങ്ങളെല്ലാം നടന്നു.
സത്യന്‍ അന്തിക്കാട് സാര്‍ പിന്നെ മലയാള സിനിമയിലെ ഐക്കോണിക് സൂപ്പര്‍ ഡയറക്ടറാണല്ലോ. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന അവസരം ഒരു കാരണവശാലും തട്ടിക്കളയരുതെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

സത്യന്‍സാറിന്റെ സിനിമകള്‍ ആള്‍മോസ്റ്റ് എല്ലാം തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം... ഇങ്ങനെ. ഈ ടീമിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നാടോടിക്കാറ്റിന്റെ തുടര്‍ഭാഗമായിരുന്നു പട്ടണപ്രവേശം. ആ സിനിമയുടെ തുടര്‍ഭാഗമായിരുന്നു 'അക്കരെയക്കരെയക്കരെ.' അതുപക്ഷേ, പ്രിയദര്‍ശനായിരുന്നു സംവിധാനം ചെയ്തത്. ഈ മൂന്ന് ഭാഗങ്ങളും ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സിനിമ പട്ടണപ്രവേശമാണ്. ആ സമയത്ത് വി.സി.ആര്‍ ആയിരുന്നല്ലോ. ഞാനപ്പോള്‍ ഡെയ്‌ലി സ്‌ക്കൂളില്‍ നിന്ന് വന്നിട്ട് ഫുഡ് കഴിക്കുമ്പോള്‍ വി.സി.ആറില്‍ പട്ടണപ്രവേശം സിനിമയിട്ട് കാണുമായിരുന്നു.. കണ്ട് ചിരിക്കുമായിരുന്നു.
ഒന്ന് നിര്‍ത്തിയിട്ട് മാളവിക മോഹന്‍ തുടര്‍ന്നു:
ആ സിനിമകളുടെയൊക്കെ ഡയറക്ടര്‍ക്കൊപ്പം പുതിയ സിനിമയില്‍ ഞാന്‍ നായികയായി അഭിനയിക്കുന്നതില്‍ ഒരു ബ്യൂട്ടിയുണ്ട്..., ഒരു സെന്റിമെന്റലുണ്ട്. ഞാനിതുവരെ വര്‍ക്ക് ചെയ്തിട്ടുള്ള സിനിമകളൊക്കെ വച്ചുനോക്കുമ്പോള്‍ സത്യന്‍സാര്‍ അത്രയും സെന്‍സിറ്റീവാണ്. എക്‌സ്ട്രീമിലി നമ്മളെ കംഫര്‍ട്ടബിളാക്കി നമ്മുടെയൊരു സ്‌ട്രെന്‍സ് നോക്കി നമ്മളെ ഡയറക്ട് ചെയ്യുന്ന ഒരാളാണ്. എപ്പോഴും കൂള്‍... ആന്റ് കാം.. ആന്റ് സ്വീറ്റ്‌ലിയാണ് ഹാന്‍ഡില്‍ ചെയ്യുന്നത്. നേരില്‍ കണ്ടതിനുശേഷം അദ്ദേഹത്തോടുള്ള റെസ്‌പെക്ട് എനിക്ക് കൂടിയതെയുള്ളൂ. വളരെ എന്‍ജോയ് ചെയ്തുകൊണ്ടാണ് ഞാന്‍ സത്യന്‍ സാറിന്റെ സെറ്റില്‍ ഇതുവരെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.
ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുന്ന കാര്യം പറഞ്ഞുവല്ലോ?
എന്റെ റിലീസായ ലാസ്റ്റ് സിനിമ ഹിന്ദി ആയിരുന്നു. ഞാനിപ്പോള്‍ തെലുങ്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പ്രഭാസിന്റെ കൂടെയാണ്. 'കല്‍ക്കി' കഴിഞ്ഞുള്ള പ്രഭാസിന്റെ നെക്സ്റ്റ് ഫിലിം ഇതായിരിക്കും. 'രാജാസാബ്' എന്നാണ് സിനിമയുടെ പേര്. തമിഴില്‍ കാര്‍ത്തിയുടെ കൂടെ 'സര്‍ദാര്‍ 2' എന്നുപറഞ്ഞ് ഒരു സിനിമ ചെയ്യുന്നുണ്ട്. 'സര്‍ദാര്‍' എന്ന കാര്‍ത്തി ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. സര്‍ദാര്‍ തെലുങ്കിലും തമിഴിലും ബ്ലോക്ക്ബസ്റ്ററായിരുന്നു. ഇങ്ങനെ വിവിധ ഭാഷകളില്‍ ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് മാതൃഭാഷയായ മലയാളത്തില്‍ ഞാന്‍ അഭിനയിക്കുന്നില്ല എന്നൊരു ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ആ ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോള്‍ ഈ സിനിമ. സ്വന്തം ഭാഷാചിത്രത്തില്‍ അഭിനയിച്ചാല്‍ അതിന് അതിന്റേതായ ഒരു ഭംഗി തന്നെയുണ്ട്.
പയ്യന്നൂരല്ലേ സ്വദേശം. മുംബൈയില്‍ സെറ്റിലായിരിക്കുന്നുവെങ്കിലും നാട്ടില്‍ വല്ലപ്പോഴുമെങ്കിലും വരാറുണ്ടോ?
പിന്നെ..., തീര്‍ച്ചയായും. ഓണം, ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളില്‍ നാട്ടിലെത്തും. നാടിനെ മറക്കാവുന്നതല്ലല്ലോ..., പിന്നെ എനിക്ക് കൊച്ചിയില്‍ കുറെ ഫ്രണ്ട്‌സുണ്ട്. അവര്‍ക്കൊപ്പവും ഞാന്‍ ടൈം സ്‌പെന്റ് ചെയ്യാറുണ്ട്. കുടുംബം പയ്യന്നൂരില്‍ തന്നെയുണ്ട്.
അച്ഛന്‍ മോഹന്‍ പ്രമുഖ ക്യാമറാമാന്‍ ആണല്ലോ. 'ആടുജീവിതം' ഒക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടല്ലെ..?
അതെ..., ഈ സെറ്റില്‍ അച്ഛന്റെ ഫാനാണ് കേട്ടോയെന്ന് പലരും എന്നോട് പറഞ്ഞു. അതുകേട്ടപ്പോള്‍ സന്തോഷം തോന്നുന്നു.
അച്ഛന്‍ ക്യാമറ വര്‍ക്ക് ചെയ്ത സിനിമയില്‍ മാളവിക അഭിനയിച്ചിട്ടുണ്ടോ...?
ഇല്ല. ഇതുവരെ അഭിനയിച്ചിട്ടില്ല.
അച്ഛന് സിനിമാ ഡയറക്ഷന്‍ താല്‍പ്പര്യമാണോ? അങ്ങനെയൊരു ലക്ഷ്യമുണ്ടോ?
ഇല്ല. അച്ഛന് ഡയറക്ഷന്‍ സൈഡില്‍ താല്‍പ്പര്യം ഉള്ളതായി പറഞ്ഞിട്ടില്ല. ക്യാമറ വര്‍ക്കിനോടാണ് ഇഷ്ടം. ആ ഇഷ്ടം കൊണ്ടുതന്നെയാണ് എന്റെ കുടുംബം പയ്യന്നൂരില്‍ നിന്നും മുംബൈയില്‍ എത്തിയതും.
ജി. കൃഷ്ണന്‍
ഫോട്ടോ: ചിത്രാകൃഷ്ണന്‍കുട്ടി.