NEWS

ആരാധകരുടെ സ്വപ്നകന്യക ഹുമാഖുറേഷി

News

 

ഹുമാഖുറേഷി ഹിന്ദി സിനിമയിലാകട്ടെ തമിഴ് സിനിമയിലാകട്ടെ തന്‍റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ആരാധകരെ ബന്ധനസ്ഥയാക്കിയാണ് നടിയാണ്. രജനിയുടെ കാലായിലൂടെ തമിഴിലെത്തിയ ഈ ബോളിവുഡ് താരത്തിന്‍റെ അടുത്ത സിനിമ തല അജിത്തിനൊപ്പം. ആനന്ദലബ്ധിക്ക് ഇതില്‍പരം മറ്റെന്തുവേണം! അഭിനയത്തിന്‍റെ കാര്യത്തില്‍ തന്‍റെ മുഴുവന്‍ സിദ്ധിയും ഗ്ലാമറിന്‍റെ കാര്യത്തില്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ ഒട്ടുംതന്നെ മടിയും കാണിക്കാത്ത മുപ്പത്തിനാലിലും പതിനെട്ടിന്‍റെ സൗന്ദര്യം കാത്തുസുക്ഷിക്കുന്ന ഹുമാഖുറേഷിയുമായി ഒരു ലഘു അഭിമുഖം.

നിങ്ങള്‍ മുംബൈ സ്വദേശിയാണോ?

കാശ്മീര്‍ സ്വദേശിയാണ് എന്‍റെ അമ്മ അമീറാഖുറേഷി. ഞാന്‍ ജനിക്കും മുമ്പേ തന്നെ കുടുംബം ഡെല്‍ഹിയില്‍ കുടിയേറി. ഞാന്‍ ജനിച്ചത് ഡെല്‍ഹിയിലാണ്. മുംബൈ എന്‍റെ മറ്റൊരു വിലാസം മാത്രമാണ്. ഡെല്‍ഹിയിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും ചരിത്രബിരുദം നേടി.

ബോളിവുഡ്ഡില്‍ നിങ്ങളുടെ കുടുംബാംഗങ്ങള്‍ മറ്റാരെങ്കിലുമുണ്ടോ...?

എനിക്ക് മൂന്ന് സഹോദരന്മാരുണ്ട്. അവരില്‍ ഒരാളാണ് സെയിഫ് അലിഖാന്‍. അദ്ദേഹം ബോളിവുഡ് നടനാണ്. എന്‍റെ അമ്മ അമീറ ഹൗസ് വൈഫും പിതാവ് സലീം ഖുറേഷി ബിസിനസ്മാനുമാണ്.

സിനിമയില്‍ വരുന്നതിന് മുമ്പ് എന്തുചെയ്യുകയായിരുന്നു..?

നാടകങ്ങളില്‍ അഭിനയിക്കുന്നത് എനിക്ക് അതീവതാല്‍പ്പര്യമുള്ള കാര്യമായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടുതന്നെ അഭിനയത്തോട് എനിക്ക് താല്‍പ്പര്യം തുടങ്ങി. കോളേജില്‍ എല്ലാവരാലും ആരാധിക്കപ്പെട്ട സൗന്ദര്യത്തിന് ഉടമയായിരുന്നതിനാല്‍ മോഡലിംഗില്‍ അവസരം തേടിയെത്തി. ബോളിവുഡ് താരം അമീര്‍ഖാനോടൊപ്പം ഒരു മൊബൈല്‍ ഫോണിന്‍റെ പരസ്യത്തില്‍ അഭിനയിച്ചു. ഷാരൂഖാനോടൊപ്പം ഒരു പെയിന്‍റ് കമ്പനിയുടെ പരസ്യത്തിലും അഭിനയിച്ചു. കൂടാതെ ഒട്ടനവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. 

സിനിമയ്ക്കുവേണ്ടി പ്രത്യേക അഭിനയപരിശീലനം വല്ലതും..?

നമ്മള്‍ ചെയ്യുന്ന ജോലി വളരെ ആത്മാര്‍ത്ഥതയോടെയും പെര്‍ഫെക്ടായും ഭംഗിയായും ചെയ്യണം എന്ന് കരുതുന്നവളാണ് ഞാന്‍. അഭിനയം, ഡാന്‍സ്, രണ്ടിനും പരിശീലനം നേടിയിട്ടുണ്ട്. എല്‍.കെ. ശര്‍മ്മാജിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്ടിംഗ് കോഴ്സ് പഠിച്ചു.

സിനിമാപ്രവേശം എങ്ങനെയായിരുന്നു...?

മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ രണ്ടുവര്‍ഷത്തെ എഗ്രിമെന്‍റില്‍ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പ്രശസ്ത ബോളിവുഡ്ഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തന്‍റെ കമ്പനി നിര്‍മ്മിക്കുന്ന മൂന്ന് സിനിമകള്‍ക്ക് കരാര്‍ ചെയ്തു.

ആദ്യത്തെ സിനിമ...?

ഗ്യാംഗ്സ് ഓഫ് വാസേപൂര്‍ എന്ന സിനിമ. അതില്‍ സഹനടിയായിരുന്നു ഞാന്‍. എന്‍റെ അഭിനയത്തിന് നല്ല പ്രശംസ കിട്ടി. മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിനായി ഞാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടു.

തമിഴില്‍...?

തമിഴില്‍ എന്‍റെ ആദ്യത്തെ എന്‍ട്രി തന്നെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം. അദ്ദേഹത്തിന്‍റെ ജോഡിയായി കാലാ എന്ന സിനിമയില്‍ അദ്ദേഹത്തിന്‍റെ യൗവ്വനകാലത്തെ കാമുകിയായി ഒരു കളര്‍ഫുള്‍ നായികയായി എത്തിയത് എനിക്ക് വലിയ വഴിത്തിരിവായി ഭവിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമാണ്. എത്ര വലിയ നടനാണ് അദ്ദേഹം. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ എളിമയുള്ള പെരുമാറ്റം. എല്ലാവരോടും വളരെ സൗഹൃദപൂര്‍വ്വം സ്നേഹത്തോടെ ഇടപഴകും. താനൊരു വലിയ സൂപ്പര്‍ സ്റ്റാറാണ് എന്ന തലക്കനം തീരെയില്ല.

വാലിമയില്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ അവസരം എങ്ങനെകൈവന്നു?

ഗ്രേറ്റ് രജനിസാറിന്‍റെ കാലായിലെ നായികാപദവിയാണ് മറ്റൊരു മാസ് ഹീറോവായ അജിത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം നേടിത്തന്നത്. അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. തമിഴ് സിനിമാപ്രേമികളുടെ സ്വപ്നകന്യകയാവാന്‍ അവസരം കിട്ടിയതില്‍ അതിയായ സന്തോഷം!

വാലിമയില്‍ അജിത്തിനെപ്പോലെ തന്നെ ബൈക്ക് ഓടിച്ച അനുഭവം?

ബൈക്ക് ഓടിക്കുന്നതില്‍ അജിത് സാര്‍ വലിയ കില്ലാടിയാണ്. ഞാന്‍ വെറുതെ അഭിനയിച്ചുവെന്ന് മാത്രം. പടത്തിനുവേണ്ടി ബൈക്ക് ഓടിക്കുവാന്‍ പഠിച്ചു. അജിത് സാര്‍ ബൈക്കിനെക്കുറിച്ച് ധാരാളം ടിപ്സ് തന്നു. അദ്ദേഹം പറഞ്ഞുതന്ന പ്രകാരം തന്നെ ബൈക്ക് ഓടിച്ച് സെറ്റിലുള്ളവരുടെ കയ്യടിയും ഞാന്‍ നേടി.
 

 


LATEST VIDEOS

Interviews