NEWS

ഒരു ഗോഡ്ഫാദറുമില്ലാതെ കഠിനാദ്ധ്വാത്താല്‍ മുന്നോട്ട് വന്നൊരാളാണ് ഞാന്‍ -ശിഖ സന്തോഷ്

News

ആനന്ദപുരത്തിനുശേഷം ജീവിതത്തിലുണ്ടായ മാറ്റം അത് വലുതാണ്. ഒരു സിനിമ കണ്ട് അതിലെ എന്‍റെ കഥാപാത്രം കണ്ട് എനിക്ക് അതിന് പ്രശംസകള്‍ വരുക എന്നതുതന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു എന്നതുതന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരുപാട് കഥാപാത്രങ്ങള്‍ക്കൊപ്പം എന്നെയും ശ്രദ്ധിക്കുന്നു. അതിനെക്കുറിച്ച് എല്ലാവരും പറയുന്നു. അതുതന്നെയാണ് എന്‍റെ സംതൃപ്തിയും. അതുപോലെ തുടക്കക്കാര്‍ക്ക് ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് എനിക്ക് റെബേക്കയ്ക്ക് വേണ്ടി നന്നായി ഡബ്ബ് ചെയ്യാനും കഴിഞ്ഞു.

ചെറുപ്പം മുതല്‍ അഭിനേത്രിയും ഡോക്ടറും

ചെറിയ പ്രായം മുതല്‍ അഭിനേത്രിയാവണമെന്നും ഡോക്ടര്‍ ആവണമെന്നും സ്വപ്നം കണ്ടൊരു പെണ്‍കുട്ടിയാണ് ഞാന്‍. ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്‍റെ ഫാമിലി അത് ആഗ്രഹിച്ചിരുന്നു. ഒരു ഗോഡ്ഫാദറുമില്ലാതെ കഠിനാദ്ധ്വാനം ചെയ്ത് മുന്നോട്ട് വന്നൊരാളാണ്. ഏതൊരു അഭിനയമോഹം ഉള്ളവരെപ്പോലെ എന്നെ ബിഗ് സ്ക്രീനില്‍ കണ്ടപ്പോള്‍ ആ സന്തോഷം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാന്‍ ആദ്യമായി ബിഗ്സ്ക്രീനില്‍ എന്‍റെ മുഖം കാണുമ്പോള്‍ എന്‍റെ പേരന്‍റ്സ് കൂടെ ഉണ്ടായിരുന്നില്ല. അവര്‍ കുവൈറ്റിലാണ്. അവര്‍ എങ്ങനെയാവും ഇതിനെക്കാണുക  എന്നതായിരുന്നു എന്‍റെ എക്സൈറ്റ്മെന്‍റ്.

ജീവിതത്തിന്‍റെ മൂന്ന് ഘട്ടങ്ങള്‍

ചെറിയ പ്രായമായിരിക്കുമ്പോള്‍ പാട്ടുകള്‍ക്ക് ചുവടുവയ്ക്കുന്ന എന്നെ പേരന്‍റ്സ് ഡാന്‍സ് പഠിപ്പിച്ചു. ആ മൂന്ന് വയസ്സുകാരിയില്‍ നിന്നാണ് എന്നിലെ കലയുടെ തുടക്കം. ഡാന്‍സ് അന്ന് മുതല്‍ കൂടെയുണ്ടായി. പിന്നീട് ടീനേജിലേക്ക് എത്തിയപ്പോഴാണ് മോഡലിംഗിലേക്ക് വഴിമാറുന്നത്. അവിടെ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് പരസ്യചിത്രങ്ങളിലെല്ലാം അഭിനയിച്ച് ഇപ്പോളിതാ സിനിമയിലേക്ക് എത്തി. എല്ലാത്തിന്‍റെയും ലക്ഷ്യം ഒന്നായിരുന്നു.  ഇവിടെ എത്തിച്ചേരാനാവും ഒരുപക്ഷേ മൂന്നുവയസ്സില്‍ ഡാന്‍സിന് ചേര്‍ന്നത് എന്ന് തോന്നാറുണ്ട്.

അത്ഭുതപ്പെടുത്തിയ ജാഫറിക്ക

എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു ആക്ടറാണ് ജാഫര്‍ ഇക്ക(ജാഫര്‍ ഇടുക്കി). എനിക്ക് അദ്ദേഹവുമായി ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. കുറച്ച് ഇമോഷണല്‍ സീനാണ്. ഷോട്ടിന് മുന്‍പ് ഇക്ക എന്തോ തമാശ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ പെട്ടെന്ന് ഷോട്ട് വന്നപ്പോള്‍ ഓഫ് ക്യാമറയില്‍ കണ്ട ആളിനെ കാണാനേകഴിഞ്ഞില്ല. അദ്ദേഹം കരയുകയാണ്. ഗ്ലിസറിന്‍പോലും വേണ്ടാതെ ഇക്കാ കരയുകയാണ്. ഞാന്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. ഇക്കായുടെ പ്രകടനം കണ്ടിട്ട് പ്രൊഫഷണലിസമാണോ അതോ ഇത്രയും വര്‍ഷത്തെ അനുഭവസമ്പത്താണോ എന്നൊന്നും അറിയില്ല. അത്രയും ഗംഭീരപ്രകടനമായിരുന്നു.

കുടുംബത്തിന്‍റെ പിന്തുണ

എന്നെ ഫാമിലി പിന്തുണയ്ക്കുന്നപോലെ ഏതൊരാളെയും പിന്തുണച്ചാല്‍ അവര്‍ അവരുടെ സ്വപ്നത്തിലേക്ക് എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. മൂന്ന് വയസ്സില്‍ തുടങ്ങിയ പിന്തുണ ഇന്നുവരെ അല്ലേല്‍ ഞാന്‍ ഇവിടെ ഉള്ള കാലത്തോളം അവര്‍ നല്‍കുമെന്നതില്‍ ഉറപ്പാണ്. അതാണ് എന്‍റെ ധൈര്യവും.
 


LATEST VIDEOS

Interviews